കാലിക്കറ്റ് പിഎച്ച്.ഡി പ്രവേശന സംവരണം; എസ്.ടി വിഭാഗത്തിന്റെ 2.5 ശതമാനമെടുത്ത് മുന്നോക്കക്കാരുടെ പത്ത് തികച്ചു
ഇഖ്ബാല്‍ പാണ്ടികശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പിഎച്ച്.ഡി പ്രവേശനത്തില്‍ പിന്നോക്ക സംവരണം അടര്‍ത്തി മുന്നോക്കക്കാര്‍ക്ക് നല്‍കാന്‍ സര്‍വകലാശാല ഉത്തരവിറക്കി.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന പട്ടികവര്‍ഗ സംവരണത്തില്‍ വെട്ടിക്കുറവുവരുത്തിയാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തില്‍ വര്‍ധനവരുത്തിയിട്ടുള്ളത്.പിഎച്ച്.ഡി. പ്രവേശനത്തിനുള്ള പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയാറാക്കലുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംവരണം അട്ടിമറിച്ച് താല്‍പര്യമുള്ളവര്‍ക്ക് പ്രവേശനം നല്‍കുകയായിരുന്നുവെന്ന ആരോപണം വ്യാപകമായിരുന്നു.
ഇ.ടി.ബി- 8 ശതമാനം, മുസ്‌ലിം- 7 ശതമാനം, ലാറ്റിന്‍ കത്തോലിക്ക -ഒരു ശതമാനം, മറ്റു പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗം- ഒരു ശതമാനം, എസ്.സി- 15 ശതമാനം, എസ്.ടി- 7.5 ശതമാനം എന്നിങ്ങനെയായിരുന്നു സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റില്‍ പിഎച്ച്.ഡി പ്രവേശനത്തിനുള്ള സംവരണം. എന്നാല്‍ ഇപ്പോഴത്തെ ഉത്തരവില്‍ എസ്.ടി ക്കാര്‍ക്ക് നല്‍കിയിരുന്ന 7.5 ശതമാനം സംവരണം വെട്ടിക്കുറച്ച് 5 ശതമാനമാക്കി.
2.5 ശതമാനം സംവരണം മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കി.
കഴിഞ്ഞ വര്‍ഷം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം 7.5 ശതമാനമായിരുന്നു. എന്നാല്‍ എസ്.ടിക്കാരുടെ രണ്ടര ശതമാനം കൂടി നല്‍കിയതോടെ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്ക് 10 ശതമാനം സംവരണമായി വര്‍ധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."