സുവേന്ദു അധികാരിയുടെ യോഗത്തില്‍ 24 എം.എല്‍.എമാരെത്തിയില്ല; തൃണമൂലിലേക്ക് കുടിയേറ്റം ശക്തമാകുന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചില എം.എല്‍.എമാര്‍ സംബന്ധിച്ചില്ല. തൃണമൂലിലേക്ക് തിരിച്ചുപോക്ക് ശക്തമായെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഉന്നത നേതാവ് മുകുള്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് പശ്ചിമബംഗാള്‍ ബി.ജെ.പിയില്‍ വലിയ അനിശ്ചിതത്വം ഉടലെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ കാണാന്‍ വേണ്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പോയിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ചില എം.എല്‍.എമാര്‍ വിട്ടുനിന്നു. 74 പേരില്‍ 24 എം.എല്‍.എമാര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല. ഇതോടെ, വലിയൊരു വിഭാഗം എം.എല്‍.എമാരെ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് സുവേന്ദു അധികാരി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്തയാളായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയിലേക്ക് ചേക്കേറിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടിവന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയിയെ മാറ്റിനിര്‍ത്തിയാണ് സുവേന്ദുവിനെ ബി.ജെ.പി നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇതില്‍ നീരസമുണ്ടായിരുന്ന മുകുള്‍ റോയ് ഇപ്പോള്‍ തൃണമൂലില്‍ തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു.
ബി.ജെ.പിയിലെ നിരവധി എം.എല്‍.എമാര്‍ തൃണമൂലിലേക്ക് വരുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ തൃണമൂല്‍ നേതാക്കള്‍ പറഞ്ഞിരുന്നു. 30 ലേറെ എം.എല്‍.എമാര്‍ വരാന്‍ കാത്തിരിക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
എം.എല്‍.എമാര്‍ കൂട്ടത്തോടെ മാറുന്നുവെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സുവേന്ദു അധികാരി. ഇവര്‍ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടി ആവശ്യപ്പെടുമെന്ന് സുവേന്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."