ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം: അഞ്ചു പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പില്‍ ജിഷ്ണുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച കേസിലാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 29 പേര്‍ക്കെതിരെ ബാലുശ്ശേരി പൊലിസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.
ഫഌ്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചാണ് ജിഷ്ണുരാജിന് മര്‍ദ്ദനമേറ്റത്. ബാലുശേരി പാലോളി മുക്കിലാണ് സംഭവം. പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. മുപ്പതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. ബലം പ്രയോഗിച്ച് കയ്യില്‍ വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്ണു പറയുന്നു.
ഫഌ്‌സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറയിച്ച് വീഡിയോ എടുത്തതായും ജിഷ്ണു പറയുന്നു. ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. എല്ലാ കുറ്റങ്ങളും ഇവന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇനി തെളിവ് വേണ്ടതില്ലെന്നും ആള്‍ക്കൂട്ടം പൊലിസിനോട് പറയുന്നതും വീഡിയോയില്‍ ഉണ്ട്.
ഏതാനും മാസംമുമ്പ് പാലോളി മുക്കിലെ ആലേഖ ലൈബ്രറിക്കുനേരെ ആക്രമണമുണ്ടായിരുന്നു. വീടുകള്‍ക്കുനേരെ നിരന്തര ആക്രമണം നടന്നതായും ലീഗിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചതായും നേരത്തെതന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്. ലീഗിനെയും എസ്.ഡി.പി.ഐയെയും തമ്മിലടിപ്പിച്ചു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ഇത്തരം ഹീനപ്രവര്‍ത്തനത്തിനു പിന്നിലെ നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."