ആര്‍ക്കാണ് അദാനിയെ തൊടാന്‍ ഇത്ര ധൈര്യം!
കെ.എ സലിം
അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ 43,500 കോടിയുടെ ഓഹരികളുള്ള മൂന്ന് വിദേശ കമ്പനികളുടെ ഫോറിന്‍ പോര്‍ട്ടഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ (തടയല്‍) നിയമപ്രകാരം നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസില്‍ 6.82 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 8.03 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 3.58 ശതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങള്‍ക്കുള്ളത്. അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയാണ് അദാനി ഗ്രൂപ്പിലെ മറ്റു കമ്പനികള്‍. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് മുന്‍പ് ഈ വിദേശഫണ്ടുകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ദുരൂഹതയുള്ളതാണ് മൂന്ന് ഫണ്ടുകളും.
ഈ മൂന്ന് ഫണ്ടുകളും സെബിയില്‍ മൗറീഷ്യസില്‍ നിന്നുള്ള വിദേശപോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് കമ്പനിക്കും വെബ്‌സൈറ്റുകളില്ല. വെബ്‌സൈറ്റുകളില്ലാത്ത കമ്പനികള്‍ ഇപ്പോഴുമുണ്ടോയെന്നത് അത്ഭുതകരമാണ്. മൂന്ന് കമ്പനികളും മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസില്‍ ഒരേ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതായത്, ഈ കമ്പനികള്‍ മൂന്നും അദാനിയുടെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ കമ്പനികളാകാനേ തരമുള്ളൂ. അദാനിയുടെ കമ്പനികളെ ഇന്ത്യയിലൊരു ഏജന്‍സി കൈവച്ചത് തന്നെ അവിശ്വസനീയമാണ്. മൗറീഷ്യസും കെയ്മന്‍ ഐലന്‍ഡുമാണ് അദാനിയുടെ പ്രധാന കള്ളപ്പണം വെളുപ്പിക്കല്‍ രാജ്യങ്ങള്‍. കള്ളപ്പണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ചര്‍ച്ച ചെയ്യപ്പെടാത്ത ചരിത്രമുണ്ട് അദാനിക്ക്. 2014 ല്‍ മൗറീഷ്യസില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ അദാനി 9,048.8 കോടി രൂപ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയി. എന്നാല്‍ 3,580.8 കോടിയുടെ സാധനങ്ങളാണ് യഥാര്‍ഥത്തില്‍ വാങ്ങിയത്.ബാക്കിയുള്ള 5,468 കോടി മൗറീഷ്യസ് ഹോള്‍ഡിങ് കമ്പനിയില്‍ രഹസ്യമായി നിക്ഷേപിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ വില 60 ശതമാനത്തില്‍ അധികം ഉയര്‍ത്തിക്കാട്ടി കൊണ്ടുപോയ പണമെല്ലാം ചെലവഴിച്ചുവെന്ന് രേഖയുണ്ടാക്കി കള്ളപ്പണ നിക്ഷേപം മറച്ചുവയ്ക്കുകയായിരുന്നു അദാനി. വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറിഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആദ്യമായി അവരുടെ മുന്നിലെത്തിയ കള്ളപ്പണക്കേസായിരുന്നു ഇത്. റാലികളിലെ മോദിയുടെ കള്ളപ്പണത്തിനെതിരായ വായ്ത്താരി കേട്ട എന്‍ഫോഴ്‌സ്‌മെന്റ് ഒരാവേശത്തില്‍ അദാനിക്കെതിരേ അഹമ്മദാബാദില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അദാനിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് സമ്പാദിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അഹമ്മദാബാദിലെ ഓഫിസ് സി.ബി.ഐ റെയ്ഡ് ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് അഹമ്മദാബാദ് ബ്രാഞ്ചിന്റെ മേധാവിക്കെതിരേ അനധികൃത സ്വത്ത് സമ്പാദിച്ചതിന് സി.ബി.ഐ കേസെടുത്തു. മാസങ്ങളോളം അന്വേഷിച്ചെങ്കിലും ഈ ഉദ്യോഗസ്ഥനെതിരേ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഹമ്മദാബാദ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുംബൈ റീജ്യനിലെ രണ്ടു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ സമ്മര്‍ദം കാരണം ജോലി രാജിവയ്‌ക്കേണ്ടി വന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറായിരുന്ന രാജന്‍ എസ്. കത്തോച്ചിനും കാലാവധി പൂര്‍ത്തിയാവും മുന്‍പ് രാജിവയ്‌ക്കേണ്ടി വന്നു. പിന്നാലെ സി.ബി.ഐ രാജന്‍ എസ്. കത്തോച്ചിനെ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസില്‍ക്കുടുക്കി. അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസ് അന്വേഷണം വലിച്ചു നീട്ടിക്കൊണ്ടുപോയെന്നായിരുന്നു ആരോപണം. പിന്നീടൊരിക്കലും നരേന്ദ്രമോദിയുടെ സുഹൃത്തിനെതിരേ അന്വേഷണം നടത്താനുള്ള ധൈര്യമൊന്നും എന്‍ഫോഴ്‌സ്‌മെന്റിനുണ്ടായിട്ടില്ല. ഗുജറാത്തിലെ ഏറ്റവും വലിയ കള്ളപ്പണക്കേസ് അങ്ങനെ ഇല്ലാതായി.
അദാനിയുടെ തട്ടിപ്പുകളെല്ലാം നടത്തുന്നത് മൗറീഷ്യസിലെ പങ്കാളി മൗറീഷ്യസ് ഹോള്‍ഡിങ് കമ്പനിയാണ്. അദാനിഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനിയുടേതാണ് ഈ കമ്പനി. സിംഗപ്പൂരിലെ നിരവധി കമ്പനികളുടെ ഡയരക്ടര്‍ കൂടിയാണ് വിനോദ്. ഈ സിംഗപ്പൂര്‍ കമ്പനികളാണ് ആസ്‌ത്രേലിയയില്‍ അദാനി ഗ്രൂപ്പിന്റെ സബ്‌സിഡറികളുടെ ഉടമസ്ഥന്‍. ഫലത്തില്‍ എല്ലാം അദാനിയുടേതാണ്. കെയ്മന്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 13 കമ്പനിയുടെ പേരിലാണ് ആസ്‌ത്രേലിയയിലെ ഖലീലി ബേസിനില്‍ കാര്‍മൈക്കല്‍ കല്‍ക്കരി ഖനികള്‍ അദാനി വാങ്ങിയത്. അദാനിക്ക് ആസ്‌ത്രേലിയയില്‍ രജിസ്റ്റര്‍ ചെയ്ത 26 കമ്പനികളുണ്ടായിട്ടും അദാനി ആസ്‌ത്രേലിയന്‍ കമ്പനിയുടെ പേരില്‍ കാര്‍മൈക്കല്‍ കല്‍ക്കരി ഖനി വ്യവസായം നടത്തുന്നില്ല. ഇത് തട്ടിപ്പാണെന്ന് ആസ്‌ത്രേലിയയിലെ സന്നദ്ധ സംഘടനകള്‍ ആരോപിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അദാനിയുടെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനിയായ അദാനി ഗ്ലോബല്‍ പി.ടി.ഇ ചില ഷെല്‍ കമ്പനികളുമായി നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലോണ്‍സ് അമേരിക്കയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഫിനാന്‍ഷ്യല്‍ ക്രൈം എന്‍ഫോഴ്‌സ്‌മെന്റ് നെറ്റ്‌വര്‍ക്കിന് റിപ്പോര്‍ട്ട് നല്‍കിയതാണ് അദാനിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ പുറത്തുവന്ന കള്ളപ്പണ ഇടപാട്. സംശയകരമായ നിരവധി ഇടപാടുകളാണ് അദാനി ഗ്ലോബല്‍ പി.ടി.ഇ നടത്തിയിരിക്കുന്നത്. സീഷെല്‍സിലെ കമ്പനികളില്‍ നിന്ന് 14.46 മില്യന്‍ ഡോളര്‍ കൈപ്പറ്റിയെന്നാണ് ഇതിലൊന്ന്. മാഹെ ദ്വീപില്‍ വിലാസമുള്ള തിയോണ്‍വില്ലെ ഫിനാന്‍സര്‍ ലിമിറ്റഡാണ് അദാനി ഗ്ലോബലുമായി സംശയകരമായ ഇടപാട് നടത്തിയ ഒരു കമ്പനി. 2005നും 2014നും ഇടക്ക് 6.24 ബില്യന്‍ ഡോളറിന്റെയും തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ മാത്രം 105 മില്യന്‍ ഡോളറിന്റെയും ഇടപാടുകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പിന്നാലെ ഹോങ്കോങ്, റഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള കമ്പനികളുമായും അദാനി ഗ്ലോബല്‍ പി.ടി.ഇ സംശയകരമായ ഇടപാടുകള്‍ നടത്തി.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ തിരുവനന്തപുരം അടക്കം ആറും നേടിയത് ഈ മേഖലയില്‍ മുന്‍പരിചയമില്ലാത്ത അദാനിയാണ്. ഒറ്റ രാത്രികൊണ്ട് അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പു കമ്പനിയായി. രണ്ടുവര്‍ഷംകൊണ്ട് വിഴിഞ്ഞമടക്കമുള്ള തുറമുഖങ്ങള്‍ കൈക്കലാക്കി രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പ് കമ്പനിയും കല്‍ക്കരി ഖനിയുടമയുമായി. 1980കളില്‍ ഗുജറാത്തിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായി മാത്രമായിരുന്ന അദാനി ഇന്ന് 8.36 ട്രില്യന്‍ ഡോളര്‍ ആസ്തിയുമായി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനും ലോകത്തെ 14ാമത്തെ സമ്പന്ന വ്യവസായിയുമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചശേഷം പ്രധാനമന്ത്രി പദവിയേറ്റെടുക്കാന്‍ നരേന്ദ്രമോദി അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത് അദാനിയുടെ വിമാനത്തിലായിരുന്നു. ആര്‍ക്കാണ് അദാനിയെ തൊടാന്‍ ഇത്രയും ധൈര്യം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."