തെരുവ്‌നായ്ക്കളുടെ ആക്രമണം; ചെട്ടികാട് ആശുപത്രിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം വര്‍ധിച്ചു
മണ്ണഞ്ചേരി : ചെട്ടികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തെരുവ്‌നായ്ക്കളുടെ കടിയേറ്റ് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. 2015 ഓഗസ്റ്റ് മുതല്‍ ജൂലൈ വരെയുള്ള ഓരോ മാസവും ചികിത്സതേടുന്നവരുടെ എണ്ണം ശരാശരി 80 ലേറെ വരും. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 103 പേര്‍ തെരുവുനായ്ക്കളുടെ കടയേറ്റ് ചികില്‍സയ്‌ക്കെത്തി.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരാഴ്ചയില്‍ പേവിഷ വാക്‌സിന്‍ ഇല്ലാതിരുന്നത് ഒഴിച്ചാല്‍ കൃത്യമായി മരുന്ന് ഈ കേന്ദ്രത്തില്‍ കരുതലായുണ്ട്. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മാരാരിക്കുളം തെക്ക്,ആര്യാട്,മണ്ണഞ്ചേരി,മുഹമ്മ എന്നീ നാല് ഗ്രാമപഞ്ചായത്തുകള്‍ ഉള്ള ആര്യാട് ബ്ലോക്കുപഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ നിത്യേനയെന്നോണം പെരുകുകയാണ്.
മാലിന്യങ്ങള്‍ റോഡിലേക്ക് എറിയപ്പെടുന്നതിനാല്‍ ഈ ഭാഗങ്ങളിലെല്ലാം നായ്ക്കള്‍ കൂട്ടത്തോടെയാണ് നിലയുറപ്പിക്കുന്നത്. കുട്ടുകളെ ഭയത്തോടെയാണ് സ്‌കൂളുകളിലേക്ക് രക്ഷിതാക്കള്‍ അയക്കുന്നത്. കലവൂര്‍,പൂങ്കാവ് എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകള്‍ക്ക് അരുകില്‍ മത്സ്യ - മാംസ്യ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ അറവ് അവശിഷ്ടങ്ങള്‍ക്കായി നൂറുകണക്കിന് നായ്ക്കളാണ് തമ്പടിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ഥികളും നാട്ടുകാരുമാണ് കൂടുതല്‍ ദുരിതം പേറുന്നത്.
ഈ പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ അംഗീകരിച്ച പദ്ധതി രേഖകളില്‍ ഒന്നും തന്നെ തെരുവ്‌നായ്ക്കളുടെ നിര്‍മ്മാര്‍ജനത്തിനൊ വന്ധ്യകരണപ്രവര്‍ത്തനങ്ങള്‍ക്കോ ഒരുതരത്തിലുള്ള പ്രാധാന്യവും നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."