രാമക്ഷേത്ര അഴിമതി: വിശ്വാസികള്‍ക്ക് തിരിച്ചറിവാകണം
ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയതിനൊപ്പം ക്ഷേത്രഭൂമി ഇടപാടില്‍ അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നു. രണ്ടു കോടി രൂപയ്ക്കു രണ്ടു വ്യക്തികള്‍ വാങ്ങിയ 12,080 ചതുരശ്രമീറ്റര്‍ ഭൂമി ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അഞ്ചു മിനുട്ടിനുള്ളില്‍ 18.5 കോടിക്കു വാങ്ങിയതിലാണ് അഴിമതിയുടെ ഗന്ധം പരന്നിരിക്കുന്നത്. ക്ലോക്കില്‍ 7.10ന് ആദ്യ ഇടപാടും 7.15ന് രണ്ടാമത്തെ ഇടപാടും നടന്നു. ആദ്യ ഇടപാടിനായി മുദ്രപത്രം വാങ്ങിയത് വൈകിട്ട് 5.11ന്. രണ്ടാമത്തെ ഇടപാടിനു മുദപത്രം വാങ്ങിയത് 5.22നും. ആദ്യത്തെ ഇടപാടിലെ സാക്ഷികളില്‍ ഒരാള്‍ ക്ഷേത്ര ട്രസ്റ്റിലെ അംഗം, രണ്ടാമത്തെ ആളാകട്ടെ അയോധ്യ മേയറും. കൂട്ടുകച്ചവടത്തിലെ ഈ പങ്കാളികളാണ് വിശ്വാസികളുടെ വിശ്വാസം ചൂഷണം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയത്.
ആയിരക്കണക്കിനു കോടി രൂപയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു ക്ഷേത്ര നിര്‍മാണത്തിനായി പിരിച്ചത്. കേരളത്തില്‍നിന്നു കോടിക്കണക്കിനു രൂപ വിശ്വഹിന്ദു പരിഷത്ത് പിരിച്ചിട്ടുണ്ട്. ഗുജറാത്തിലെ നിരവധി വജ്രവ്യാപാരികള്‍ കോടികള്‍ സംഭാവന നല്‍കിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ചു ലക്ഷം രൂപ നല്‍കിയാണ് ധനശേഖരണം ഉദ്ഘാടനം ചെയ്തത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 27വരെ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പിരിവില്‍ ഫൈസാബാദിലെ മുസ്‌ലിംകളില്‍നിന്നുവരെ സംഭാവന വാങ്ങിയിരുന്നു.
ഭൂമി ഇടപാടിലെ അഴിമതി പുറത്തുവന്ന സ്ഥിതിക്കു കോടികളുടെ സംഭാവനകളെക്കുറിച്ചും വിശദമായ ഓഡിറ്റ് നടക്കേണ്ടതുണ്ട്. ശ്രീരാമ ഭഗവാന്റെ പണം ആരും കട്ടെടുക്കില്ലെന്ന വിശ്വാസത്തിലായിരിക്കുമല്ലോ വിശ്വാസികളും സംഘടനകളും കൈയയച്ച് സംഭാവന നല്‍കിയിട്ടുണ്ടാകുക. കോടിക്കണക്കിനു രൂപ പിരിഞ്ഞുകിട്ടിയതില്‍നിന്നു പെട്ടെന്നു ക്ഷേത്രനിര്‍മാണം തുടങ്ങിയാല്‍പിന്നെ എങ്ങനെ ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞു പിടിച്ചുനില്‍ക്കുമെന്ന ചിന്തയില്‍നിന്നായിരിക്കണം പണം തട്ടിയെടുക്കാമെന്നു തീരുമാനിച്ചിട്ടുണ്ടാകുക.
ക്ഷേത്രനിര്‍മാണത്തിനുവേണ്ടി പിരിച്ച പണം ദുരുപയോഗം ചെയ്യുന്നത് പാപമാണെന്നും ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നുമാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഈ അഴിമതിയെ പരാമര്‍ശിച്ചു പറഞ്ഞത്. നിത്യവരുമാനത്തില്‍നിന്നു നീക്കിവച്ച തുക ക്ഷേത്രനിര്‍മാണത്തിനു നല്‍കിയ വിശ്വാസികള്‍ മാത്രമേ അത്തരത്തില്‍ വേദനിക്കൂ. അധികാരം പിടിക്കാനും അതു നിലനിര്‍ത്താനും മാത്രമുള്ള ഉപാധിയായി രാമക്ഷേത്രത്തെ കാണുന്ന സംഘ്പരിവാറിന് അത്തരം മനഃസാക്ഷിക്കുത്തുകള്‍ അനുഭവപ്പെടണമെന്നില്ല. അല്ലെങ്കില്‍ രണ്ടു കോടി രൂപ മിനുട്ടുകള്‍ക്കുള്ളില്‍ പതിനെട്ടര കോടിയായി വികസിപ്പിക്കുക എന്നത് ട്രസ്റ്റ് ഭാരവാഹികള്‍ക്കു മാത്രം കരഗതമായ ഒരപൂര്‍വ സിദ്ധിയായിരിക്കണം.
2020 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പതിനഞ്ചംഗ ശ്രീരാമ ജന്മഭൂമി തീര്‍ഥ ട്രസ്റ്റ് രൂപീകരിച്ചത്. 70 ഏക്കര്‍ ഭൂമിയായിരുന്നു ക്ഷേത്ര നിര്‍മാണത്തിനായി അനുവദിച്ചത്. ട്രസ്റ്റിലെ അംഗങ്ങളാണ് തട്ടിപ്പിലെ മുഖ്യപങ്കാളികളെന്നിരിക്കെ, ശ്രീരാമന്റെ പേരില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിലും അവര്‍ക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ട്രസ്റ്റിനെക്കുറിച്ചും ട്രസ്റ്റിലെ അംഗങ്ങളെക്കുറിച്ചുമുള്ള തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ നിര്‍മാണച്ചുമതല പ്രധാനമന്ത്രി അവരെ ഏല്‍പ്പിച്ചിട്ടുണ്ടാകുക. ആ നിലയ്ക്കു ക്ഷേത്രത്തിന്റെ പേരില്‍ ഉയര്‍ന്ന അഴിമതിയാരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയെന്നതു നരേന്ദ്രമോദിയുടെ ബാധ്യതയാണ്.
ഉത്തര്‍പ്രദേശില്‍നിന്നു തുടങ്ങി രാജ്യമൊട്ടാകെ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്കു വേണ്ടി ബി.ജെ.പി ഉപയോഗിച്ചുപോന്ന തന്ത്രമാണ് ശ്രീരാമജന്മഭൂമിയും രാമക്ഷേത്ര നിര്‍മാണവും. ഒടുവില്‍ ക്ഷേത്രനിര്‍മാണത്തിലെ അഴിമതിയാരോപണം ഉത്തര്‍പ്രദേശില്‍തന്നെ തിരിച്ചടിയാകുകയാണ്. ദൈവങ്ങളെ കൂട്ടുപിടിക്കുന്ന വിശ്വാസ ചൂഷണ രാഷ്ട്രീയത്തിന്റെ അന്ത്യവും യു.പിയില്‍തന്നെ കുറിക്കുമോയെന്നേ ഇനി അറിയാനുള്ളൂ.
അടുത്ത വര്‍ഷം ആദ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയില്‍ സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശ്രീരാമഭക്തി വിലപ്പോകണമെന്നില്ല. അതു വെറും പുറംപൂച്ച് മാത്രമാണെന്ന് ഇപ്പോള്‍ പുറത്തുവന്ന ക്ഷേത്രനിര്‍മാണ അഴിമതിയില്‍നിന്നു ജനങ്ങള്‍ക്കു ബോധ്യപ്പെടുമെങ്കില്‍, അങ്ങനെ ബോധ്യപ്പെടുത്താന്‍ ക്ഷേത്രഭൂമി അഴിമതി പുറത്തുകൊണ്ടുവന്ന സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും കഴിഞ്ഞാല്‍ സംഘ്പരിവാറിന്റെ മതരാഷ്ട്രീയ അജന്‍ഡയുടെ അവസാനത്തിന്റെ ആരംഭമായിരിക്കുമത്.
ക്ഷേത്രനിര്‍മാണ ഭൂമിയുടെ അരികെയുള്ള ഭൂമിയുടെ വില രണ്ടു കോടിയില്‍നിന്നു നിമിഷങ്ങള്‍ക്കുള്ളില്‍ 18.5 കോടിയായി ഉയര്‍ന്നതിലെ മായാവിലാസം എന്താണെന്നാണു പുറത്തുവരേണ്ടതുണ്ട്. രണ്ട് ഇടപാടുകളിലും ഒരേ സാക്ഷികളാണ് ഒപ്പുവച്ചത്. രണ്ട് പണമിടപാടും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് നടന്നത്. ഇതിനാല്‍ത്തന്നെ, ഇടപാടിനു പിന്നില്‍ നടന്ന കടുംവെട്ട് പുറത്തുകൊണ്ടുവരാന്‍ പ്രയാസപ്പെടേണ്ടിവരില്ല. ഇതുപോലെ ശ്രീരാമന്റെ പേരില്‍ മുന്‍പും ട്രസ്റ്റ് ഭാരവാഹികള്‍ കോടികള്‍ അടിച്ചെടുത്തിട്ടുണ്ടാകില്ലേ? സി.എ.ജി പരിശോധനയിലൂടെയും സി.ബി.ഐ അന്വേഷണത്തിലൂടെയും മാത്രമേ രാമക്ഷേത്ര നിര്‍മാണത്തിനു പിന്നില്‍ എത്രമാത്രം തീവെട്ടിക്കൊള്ള നടന്നുവെന്നതു പുറത്തുവരൂ. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും ഈ വിഷയത്തില്‍ സത്യം പുറത്തുവരണമെന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനും ഉത്തരവിടുകയാണ് വേണ്ടത്.
ഹിന്ദുസമൂഹത്തിന്റെ വിശ്വാസത്തെ മുതലെടുത്ത് വോട്ടുരാഷ്ട്രീയം പയറ്റുകയെന്നതിനപ്പുറം ശ്രീരാമനോ, ശ്രീകൃഷ്ണനോ സംഘ്പരിവാറിന് ആത്മീയതയുടെ ദിവ്യാനുഭൂതിയല്ലെന്ന് ഏറ്റവുമവസാനം ക്ഷേത്രനിര്‍മാണ ഭൂമിയുടെ ഇടപാടിലും വ്യക്തമായിരിക്കുകയാണ്. വടക്ക് പയറ്റിയ തന്ത്രം തെക്ക് ശബരിമലയിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘ്പരിവാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രബുദ്ധ കേരളം ആ ശ്രമത്തെ മുളയിലേ നുള്ളിക്കളഞ്ഞതിന്റ നിദര്‍ശനമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം. ബി.ജെ.പിക്ക് ഒരു സീറ്റുപോലും നല്‍കാതെ കേരള ജനത പ്രകടിപ്പിച്ച പ്രബുദ്ധത ചുരുങ്ങിയപക്ഷം ഉത്തര്‍പ്രദേശിലെ ഹിന്ദു സഹോദരങ്ങളെങ്കിലും ക്ഷേത്രനിര്‍മാണ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ വിശ്വാസികളെ ചൂഷണം ചെയ്ത് നേട്ടംകൊയ്യുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം അന്നവസാനിക്കും. രാമക്ഷേത്ര അഴിമതി വിശ്വാസികള്‍ക്ക് അതിലേക്കുള്ള തിരിച്ചറിവാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."