ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മര്‍ദനം ആള്‍ക്കൂട്ടമര്‍ദനത്തിന് കേസെടുക്കാതെ പൊലിസ്
ന്യൂഡല്‍ഹി: യു.പിയിലെ ഗാസിയാബാദ് ലോനിയില് വൃദ്ധനെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ക്രൂരമായി മര്‍ദിക്കുകയും താടിരോമങ്ങള്‍ മുറിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.
ആദില്‍, കല്ലു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെന്ന് പൊലിസ് പറയുന്ന ഗാസിയാബാദ് സ്വദേശി പര്‍വേസ് ഗുജ്ജാര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
72കാരന് ബുലുന്ദ്ഷെഹര് സ്വദേശി അബ്ദുല്‍ സമദ് സെയ്ഫിക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. എന്നാല്‍ ലോനി പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനു പകരം സെയ്ഫിയില്നിന്ന് പണം തട്ടിയ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മര്‍ദിച്ചതോ താടി മുറിച്ചതോ ജയ് ശ്രീറാം വിളിപ്പിച്ചതോ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നില്ല.
സെയ്ഫി ഇവര്‍ക്ക് ഏലസ് വിറ്റിരുന്നുവെന്നും അതുഫലം കാണാതെ വന്ന വിരോധത്തെത്തുടര്‍ന്നാണ് മര്‍ദനമെന്നുമാണ് പൊലിസ് വാദം. പ്രതികളില്‍ ചിലരെ സെയ്ഫിക്ക് നേരത്തെ അറിയാമെന്നും ലോനിയിലെ അറിയപ്പെടുന്ന ഏലസ് വില്‍പ്പനക്കാരനാണ് സെയ്ഫിയെന്നും പൊലിസ് വാദിക്കുന്നു.
ഹാജിപൂര്‍ ഭേട്ടയിലുള്ള ബന്ധുവീട് സന്ദര്‍ശിക്കാനിറങ്ങിയ സെയ്ഫിയെ ലോനിയില്നിന്ന് അക്രമികള്‍ സഹായം വാഗ്ദാനം ചെയ്ത് ഓട്ടോയില്ക്കയറ്റിക്കൊണ്ടു പോകുകയായിരുന്നു. വഴിയില്‍വച്ച് ഓട്ടോയില്‍ മറ്റു ചിലരും കയറി. തുടര്‍ന്നാണ് കാടുമൂടിയ സ്ഥലത്തേക്കു കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."