കൊവിഡ്: നിയന്ത്രണങ്ങള്‍ ഇനി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: 17 മുതല്‍ സംസ്ഥാന വ്യാപക ലോക്ക്ഡൗണ്‍ ഇല്ലാതാകുമ്പോള്‍ നിയന്ത്രണങ്ങള്‍ വരുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്.
പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കിയാണ് നിയന്ത്രണങ്ങള്‍.ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനം വരെ ആണെങ്കില്‍ 'കുറഞ്ഞ വ്യാപനമുള്ളത്' എന്നു കണക്കാക്കും. എട്ടു മുതല്‍ ഇരുപതുവരെ ശതമാനമാണെങ്കില്‍ മിതമായ വ്യാപനമുള്ള പ്രദേശം. 20 ശതമാനത്തിനു മുകളിലാണെങ്കില്‍ അതിവ്യാപന മേഖല. മുപ്പതുശതമാനത്തില്‍ കൂടിയാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് പരസ്യപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തനം അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാര്‍ മാത്രമേ ഇവിടങ്ങളില്‍ പാടുള്ളൂ. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു മുതല്‍ 20 ശതമാനം വരെയുള്ള പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം ഏഴു മുതല്‍ ഏഴ് വരെ എല്ലാ ദിവസവും അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഏഴു മുതല്‍ ഏഴു വരെ പ്രവര്‍ത്തിക്കാം.50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലുള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര്‍ നിരക്ക് 20നും 30നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ ലോക്ഡൗണും ടി.പി.ആര്‍ നിരക്ക് എട്ടിനും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."