വനിതാ കമ്മിഷനും കണ്ടറിഞ്ഞു; ഒളിവുകാലപ്രണയത്തിന്റെ തീവ്രത
പാലക്കാട്: നെന്മാറ അയലൂരില്‍ പത്തുവര്‍ഷം യുവതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം അസാധാരണവും അവിശ്വസനീയവുമെന്ന് വനിതാ കമ്മിഷന്‍.
തേനുംപാലും നല്‍കി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. റഹ്മാനും സജിതയും നിലവില്‍ വാടകയ്ക്ക് താമസിക്കുന്ന നെന്മാറ വിത്തിനശ്ശേരിയിലെ വീട്ടിലാണ് കമ്മിഷന്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. റഹ്മാനെയും സജിതയേയും കണ്ടശേഷം ഇവര്‍ സജിത ഒളിച്ചുതാമസിച്ച അയിലൂര്‍ കാരക്കാട്ട്പറമ്പിലെ വീട് സന്ദര്‍ശിച്ച് റഹ്മാന്റെ മാതാപിതാക്കളില്‍നിന്നും മൊഴിയെടുത്തു. പത്തുവര്‍ഷം മുന്‍പ് ഇറങ്ങിവന്ന സാഹചര്യവും പിന്നീട് ഒളിവില്‍ തുടരേണ്ടി വന്നതുമെല്ലാം സജിതയും റഹ്മാനും കമ്മിഷനോട് പറഞ്ഞു. പത്തുവര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തില്‍ ആക്കുകയാണ് ചെയ്തത്.
കുടുസുമുറിയില്‍ പത്തുകൊല്ലം സുരക്ഷിതമായി ഇരുന്നുവെന്നത് അംഗീകരിക്കാനാകില്ലെന്നും സമൂഹത്തില്‍ തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വനിതാ കമ്മിഷന്‍ കരുതുന്നതെന്നും ജോസഫൈന്‍ വ്യക്തമാക്കി. പത്തുകൊല്ലം മുന്‍പ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ പൊലിസ് വേണ്ടത്ര ഇടപെട്ടില്ല. കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. പ്രയാസങ്ങളുണ്ടെന്ന് റഹ്മാനും സജിതയും സമ്മതിക്കുന്നില്ല. ഇനിയുള്ള ജീവിതം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഇരുവരും പറയുന്നതെന്നും ജോസഫൈന്‍ പറഞ്ഞു. സാമ്പത്തിക പരാധീനതയും വീട്ടുകാരുടെ എതിര്‍പ്പും കാരണമാണ് ഒളിച്ചുകഴിഞ്ഞതെന്നാണ് കമ്മിഷന് മുന്നില്‍ ഇവര്‍ നല്‍കിയ മൊഴിയെന്ന് കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. പൊതുസമൂഹത്തിന്റെ ആശങ്ക കമ്മിഷനുമുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. പ്രണയിക്കാം ഒരുമിച്ച് ജീവിക്കാം. പക്ഷേ റഹ്മാന്‍ തിരഞ്ഞെടുത്ത രീതിയാണ് പ്രശ്‌നമെന്നും പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ ഈ രീതിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ഷിജി ശിവജി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."