കുഴല്‍പ്പണം ബി.ജെ.പിയുടേത് തന്നെയെന്ന് അന്വേഷണസംഘം കോടതിയില്‍, അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി
തൃശൂര്‍: കൊടകരയില്‍ കവര്‍ന്ന 3.5 കോടിയുടെ കുഴല്‍പണം ബി.ജെ.പി നേതാക്കളുടെ അറിവോടെ കൊണ്ടുവന്നതാണെന്ന് കേസന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
പൊലിസ് കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടാനുള്ള ധര്‍മരാജന്റേയും സുനില്‍ നായികിന്റേയും ഹരജിക്ക് എതിരായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പണം ബി.ജെ.പിയുടേതാണെന്നും ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തായ്ക്ക് നല്‍കാനാണു കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണു പണം കൊണ്ടുവന്നത്. അന്വേഷണം തുടരുകയാണ്. കൂടുതല്‍ പണം കണ്ടെടുക്കാനുണ്ട്.
പണത്തിന്റെ വരവു സംബന്ധിച്ച് സംസ്ഥാനതലത്തിലുള്ള ബി.ജെ.പി നേതാക്കള്‍ക്കുവരെ അറിവുണ്ടെന്ന മൊഴിയും തെളിവുകളും ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കണ്ടെടുത്ത പണവും വാഹനവും വിട്ടു നല്‍കരുതെന്ന് റിപ്പോര്‍ട്ടില്‍ പൊലിസ് വ്യക്തമാക്കി.
ബിസിനസ് ആവശ്യാര്‍ഥം കൊണ്ടുവന്ന പണം എന്ന വാദം പണം വിട്ടുകിട്ടാനായി ഉണ്ടാക്കിയ കെട്ടുകഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാറില്‍ മൂന്നരക്കോടിയുണ്ടായിരുന്നുവെന്നും ഇതില്‍ പ്രതികളില്‍ നിന്നായി കണ്ടെടുത്ത 1.40 കോടിയും കാറും വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കേസിലെ പരാതിക്കാരായ ധര്‍മരാജനും സുനില്‍ നായിക്കും ഷംജീറും നല്‍കിയ ഹരജിയിലാണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണവുമായി
സഹകരിക്കേണ്ടെന്ന് ബി.ജെ.പി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പൊലിസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിച്ചു. സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ഫോണ്‍ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ബി.ജെ.പി നേതാക്കള്‍ പൊലിസിനു മുന്നില്‍ ഹാജരായത്. ഇനിയതു വേണ്ടെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണവുമായി സഹകരിച്ചാല്‍ മതിയെന്നുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ആദ്യംപറഞ്ഞ ബി.ജെ.പി, സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കുരുക്കിലാകുന്നതിലേക്ക് എത്തിയതോടെയാണ് മുന്‍ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞിരിക്കുന്നത്.
കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തി നടക്കുന്ന അന്വേഷണത്തിനെതിരേയുള്ള സമരവും ബി.ജെ.പി. ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ ഇന്നലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെ സത്യഗ്രഹം നടന്നു. ഇന്ന് 15,000 കേന്ദ്രങ്ങളില്‍ ബി.ജെ.പി. ധര്‍ണ നടത്തും. 17ന് ജില്ലാ കേന്ദ്രങ്ങളിലും 18ന് മണ്ഡലം കേന്ദ്രങ്ങളിലും ബി.ജെ.പി നേതാക്കള്‍ ധര്‍ണ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."