ബാലുശേരിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവം: 5 പേര് അറസ്റ്റില്‍, മുപ്പതോളം പേര്‍ക്കെതിരേ കേസ്
ബാലുശേരി: കോട്ടൂര്‍ പഞ്ചായത്തിലെ പാലോളിയില്‍ ഡി.വൈ.എഫ് ഐ പ്രവര്ത്തകന് ജിഷ്ണു രാജ് (24) ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 5 പേരെ ബാലുശേരി പൊലിസ് അറസ്റ്റ് ചെയ്തു. പാലോളി നജാഫ് ഫാരിസ്,മുഹമ്മദ് ഇജാസ്, മുഹമ്മദ് സാലി, റിയാസ്, ഷാലിദ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയിലാണ് ജിഷ്ണു രാജിന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് നജാഫ് ഫാരിസ് ഉള്‍പ്പെടെ ഏതാനും പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. നജാഫിന്റെ മൊഴിപ്രകാരം മര്‍ദ്ദനമേറ്റ ജീഷ്ണു രാജിനെതിരേയും പൊലിസ് കേസെടുത്തിരുന്നു.
ദളിതര്‍ക്കു നേരെയുള്ള അതിക്രമമായതിനാല്‍ പേരാമ്പ്ര ഡി.വൈ.എസ്.പി ക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കേസില്‍ നിന്നൊഴിവാക്കാന്‍ ഉന്നത നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. ഒഴിവാക്കാന്‍ പറ്റില്ലെന്ന പൊലിസിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ നജാഫ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനല്ലെന്നും മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറഞ്ഞു. ബോധപൂര്‍വം ആളുകളെ വിളിച്ചു വരുത്തിയുള്ള കലാപമാണ് നടന്നതെന്നും വസീഫ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."