സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷക്ക് മാറ്റമില്ല; ജൂണ്‍ 22 ന് തന്നെ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 22ന് തന്നെ ആരംഭിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് നെഗറ്റീവായ ശേഷം പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷക്കായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി.
ഒരു ബാച്ചില്‍ 15 പേര് എന്ന നിലയില്‍ 3 ബാച്ചുകളായി പരീക്ഷ നടത്തുക. ജൂണ്‍ 21 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കമ്പ്യൂട്ടര്‍ സയന്‍സിന് രണ്ടു മണിക്കൂറാണ് പരീക്ഷ അതില്‍ രണ്ടു ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താല്‍ മതി. ഫിസിക്സിനും രണ്ടു മണിക്കൂറില്‍ ഒരു പരീക്ഷണം ചെയ്താല്‍ മതി. കെമിസ്ട്രിക്ക് ഒന്നര മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. മാത്തമാറ്റിക്സില്‍ ഒറ്റ പ്രാക്ടിക്കല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ബോട്ടണി പരീക്ഷയില്‍ മൈക്രോസ്കോപ്പ് ഒഴിവാക്കി സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം എഴുതാന്‍ ഉള്ള രീതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാഹചര്യം അനുസരിച്ചു സ്കൂളുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്താന്‍ അനുവാദമുണ്ട്.
പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് നേരത്തെ വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍ കൊവിഡ് നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."