മദ്യത്തിന്റെ പരസ്യം എന്റെ ചെലവില്‍ വേണ്ട: മുന്നിലിരുന്ന ബിയര്‍ കുപ്പി എടുത്തുമാറ്റി പോഗ്ബ
മ്യൂണിച്ച്: കൊക്കക്കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീഡിയോ വൈറലായതിനു പിന്നാലെ, സമാനമായ നടപടിയുമായി ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയും. മുന്നിലിരുന്ന ബിയര്‍ കുപ്പി എടുത്തുമാറ്റിയിരിക്കുകയാണ് പോഗ്ബ.
ജര്‍മനിക്കെതിരായ മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുന്നിലുള്ള ഹെനേകന്‍ കമ്പനിയുടെ ബിയര്‍ കുപ്പി പോഗ്‌ബോ എടുത്തു മാറ്റിയത്. യൂറോയുടെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളാണ് ഹെനേകന്‍. പോഗ്ബയ്ക്ക് മുമ്പില്‍ കോളയുടെ രണ്ട് കുപ്പികളും ഒരു ബിയര്‍ കുപ്പിയും ഒരു വെള്ളക്കുപ്പിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ബിയര്‍ കുപ്പിയെടുത്ത് അദ്ദേഹം താഴേക്കു വയ്ക്കുകയായിരുന്നു.
2019ല്‍ ഇസ്‌ലാം മതം സ്വീകരിച്ച പോഗ്ബ മതകാര്യങ്ങളില്‍ കണിശക്കാരനാണ്. മദ്യബ്രാന്റുകള്‍ക്ക് വേണ്ടി പരസ്യങ്ങള്‍ ചെയ്യാറില്ല. ടീമിന്റെ ഷാംപെയിന്‍ പാര്‍ട്ടികളും പങ്കെടുക്കാറില്ല. വിജയഘട്ടങ്ങളില്‍ ഷാംപെയിന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
Pogba doing a Ronaldo ? pic.twitter.com/Tsbdgjv24n
— ESPN FC (@ESPNFC) June 16, 2021
യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റി പകരം വെള്ളക്കുപ്പി ഉയര്‍ത്തിയത് സമൂഹമാധ്യമങ്ങളിലെല്ലാം വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിയിലൂടെ കൊക്കോകോളയ്ക്ക് വലിയ നഷ്ടമാണ് നേരിട്ടത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍ കൂടിയാണ് കൊക്കക്കോള. വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ കുപ്പികള്‍ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം ''ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ'' എന്ന് ഉറക്കെ പറഞ്ഞു.
വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും.
മുന്‍പും താരത്തിന്റെ ഇത്തരം നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുത്പന്നത്തെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രോത്സാഹിപ്പിക്കാറില്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന പരസ്യങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്.
തന്നെപ്പോലെ ഫിറ്റ്നെസ് കാര്യങ്ങളില്‍ തന്റെ മകന്‍ അത്ര ശ്രദ്ധപുലര്‍ത്തുന്നില്ലെന്ന് പറഞ്ഞതും വാര്‍ത്തയായിരുന്നു. തനിക്കിഷ്ടമല്ലെന്നറിഞ്ഞിട്ടും മകന്‍ സോഫ്റ്റ് ഡ്രിങ്ക്സുകള്‍ കുടിക്കുകയും ജങ്ക് ഫുഡ് കഴിക്കുകയും ചെയ്യാറുണ്ട് എന്ന് ഒരു അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."