കൃഷ്ണകുമാര്‍ രേവതിയ്ക്ക് മിന്നുചാര്‍ത്തും; മഹിളാമന്ദിരം വീണ്ടും വിവാഹത്തിരക്കില്‍
ആലപ്പുഴ: മഹിളാമന്ദിരം ഒരിക്കല്‍കൂടി കല്യാണത്തിരക്കിലേക്ക്. സെപ്തംമ്പര്‍ ഏഴിന് സംസ്ഥാന മഹിളാ മന്ദിരത്തിലെ അന്തേവാസി രേവതിക്ക് കോന്നി സ്വദേശി കൃഷ്ണകുമാര്‍ വരണമാല്യം ചാര്‍ത്തും. കായംകുളം സ്വദേശിനിയായ അന്തേവാസി രേവതി (23)യുടെ വിവാഹം കൊട്ടുംകുരവയുമായി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മഹിളാമന്ദിരം.
ഒപ്പം ചേര്‍ന്ന് നഗരസഭയും നാട്ടുകാരും. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെയും ആലപ്പുഴ നഗരസഭയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് വലിയകുളം വാര്‍ഡിലെ മഹിളാ മന്ദിരം. രേവതി മഹിളാമന്ദിരത്തിലെ അന്തേവാസിയായിട്ട് 13 വര്‍ഷമായി. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി തയ്യലും പി.എസ്.സി കോച്ചിംഗുമൊക്കെയായി മുന്നോട്ടു പോകുന്നതിനിടെയാണ് പത്തനംതിട്ട കോന്നി കളര്‍നില്‍ക്കുന്നതില്‍ കുട്ടപ്പന്റെ മകന്‍ കൃഷ്ണകുമാറിന്റെ ആലോചന വരുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങളും ജീവിത ദുരിതങ്ങളുമാണ് രേവതിയെ മഹിളാ മന്ദിരത്തിലെ അന്തേവാസിയാക്കിയത്. കോന്നി ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ് കൃഷ്ണകുമാര്‍.
ഇത്തരത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂവെന്നു തീരുമാനിച്ചിരുന്നു. അങ്ങിനെയാണ് വീട്ടുകാരോടൊപ്പം വിവാഹാലോചനയുമായി ആലപ്പുഴയിലെ മഹിളാമന്ദിരത്തിലേക്ക് എത്തിയത്. വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി കഴിഞ്ഞു. ആലപ്പുഴ നഗരസഭ അഞ്ചുപവന്‍ സ്വര്‍ണം നല്‍കും. വസ്ത്രവും സദ്യയുടെ ചെലവുമൊക്കെ വഹിക്കുന്നത് സുമനസുകളാണ്. പത്രിക നല്‍കി വിവാഹം ക്ഷണിക്കല്‍ ആരംഭിച്ചു കഴിഞ്ഞു. രേവതിയുടെയും കൃഷ്ണകുമാറിന്റെയും വിവാഹത്തിന് 500 പേരെയാണ് ആലപ്പുഴ നഗരസഭയും സാമൂഹ്യക്ഷേമ വകുപ്പും ചേര്‍ന്നു ക്ഷണിക്കുന്നത്. വിവാഹത്തിന്റെ തലേന്നും കാപ്പി സല്‍ക്കാരമുണ്ട്. ഇതിനു 200 പേരെയാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ യു.ഐ.ടി കോളജ് വിദ്യാര്‍ഥികള്‍ ഒരുപവന്‍ സ്വര്‍ണം രേവതിക്ക് വിവാഹസമ്മാനമായി നല്‍കും.
കല്യാണത്തിനു ചുക്കാന്‍ പിടിക്കാനും ഇവര്‍മുന്നിലുണ്ടാവും. കൂടാതെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും വിവാഹത്തിന് തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷോളി സിദ്ധകുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ അനീറ്റ എസ്. ലിന്‍, മഹിളാ മന്ദിരം സൂപ്രണ്ട് വി.എ നിഷാമോള്‍ എന്നിവര്‍ ചേര്‍ന്നാണ് വിവാഹം ക്ഷണിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പടെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കാനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."