കാട് കയറുന്നതാണ് ശീലം
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തിൽ ഒരു ദിവസം ഉദ്ധവ് താക്കറെയെ കാണാതായി. ആഫ്രിക്കയിലെ വനാന്തരങ്ങളിൽ കാമറയുമായി ചുറ്റിത്തിരിയുകയായിരുന്നു അദ്ദേഹം. ജെ.ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ടിൽനിന്ന് ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ഉദ്ധവിന് വന്യജീവി ഫോട്ടോഗ്രഫിയോടാണ് അഭിനിവേശം.
കാർട്ടൂണുകളിലൂടെ വിദ്വേഷത്തിന്റെ കനല് വിതച്ച് ഊതിക്കത്തിച്ചാണ് ബാൽതാക്കറെ ശിവസൈനികരെ സൃഷ്ടിച്ചെടുത്തത്. ബ്രിട്ടീഷ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ ബോംബെയിൽ വ്യവസായ, വാണിജ്യ പ്രമുഖരേറെയും ഗുജറാത്തികളായിരുന്നു. ജീവനക്കാരിൽ വലിയ വിഭാഗം തെക്കേ ഇന്ത്യക്കാരും. താക്കറെ ലക്ഷ്യമിട്ടത് മദ്രാസികളെ. ആൾക്കൂട്ട അക്രമങ്ങളുടെ തമ്പുരാനായി മാറിയ ബാൽതാക്കറെയുടെ പിൻമുറക്കാരൻ ഉദ്ധവ് താക്കറെ ഇപ്പോൾ നേരിടുന്നത് സ്വന്തം പാർട്ടിയെ തന്നെയാണ്.
2019 ഒക്‌ടോബറിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമായിരിക്കുകയും ശേഷം എൻ.സി.പിക്കും കോൺഗ്രസിനും ഒപ്പം മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത ഛായാഗ്രഹകൻ 32 മാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ഇറങ്ങിയിരിക്കുന്നു. വിശ്വാസ വോട്ടിലേക്കാണ് കാൽവയ്പ്പ്. 288 അംഗസഭയിൽ 144 പേര് കൂടെ നിൽക്കണം. 56 അംഗ ശിവസേന എം.എൽ.എമാരിൽ 37 പേർ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെക്കൊപ്പമാണ്.
കലയെ, കൊള്ളാവുന്ന രീതിയിലൊക്കെ ഉപയോഗപ്പെടുത്തിയ ആളായിരുന്നു അച്ഛൻ ബാൽതാക്കറെ. തീപ്പൊരി പ്രസംഗം. കരൾ പിളർക്കും വര. ബോംബെ, ഭീവണ്ടി കലാപങ്ങളിൽ ഇത് കണ്ടതാണ്. പാകിസ്താൻ-ഇന്ത്യ മാച്ച് നടക്കേണ്ട ക്രിക്കറ്റ് പിച്ച് കിളച്ചു മറിച്ചും വാലന്റൈൻ ആഘോഷിക്കാനെത്തിയ ചെറുപ്പക്കാരെ തല്ലിയോടിച്ചും നടന്ന ശിവസൈനികർക്ക് താക്കറെമാരുടെ പിന്തുണയുണ്ടായിരുന്നു. ബാലാ സാഹെബിന്റെ പിൻമുറക്കാരാകാൻ മൂന്ന് മക്കളിൽ ആരും വരില്ലെന്ന് കരുതിത്തന്നെയാണ് സഹോദര പുത്രൻ രാജ് താക്കറെ കാവി നിറത്തിൽ പൈജാമയും കുർത്തയും തയ്പിച്ചത്. കാടുകകളിൽ കയറി മൃഗങ്ങളുടെയും മറ്റും ചിത്രം പകർത്തി നടന്ന ഇളയവൻ ഒരു ദിവസം വന്നു. 2002ലെ ബോംബെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി വൻ വിജയം നേടി. പാരിതോഷികം എന്നൊന്നും പറയേണ്ട. പിന്നാലെ പാർട്ടി വർക്കിങ് പ്രസിഡന്റായി. സേനയിലെ ഏക ഛത്രാധിപതിയായ പിതാജി പ്രഖ്യാപിച്ചതോടെ രാജ് താക്കറെക്കും പ്രമുഖ നേതാവ് നാരായൺ റാണെക്കും വഴി വേറെ നോക്കേണ്ടിവന്നു. ചരിത്രം ആവർത്തിക്കാനുള്ളതാണ്. ഉദ്ധവിന്റെ പിൻമുറക്കാരൻ ആദിത്യ താക്കറെ ഇപ്പോൾ യുവ ശിവസേന പ്രസിഡന്റും ലോക്‌സഭാംഗവുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആദിത്യ സംവാദ് എന്ന പേരിൽ ആദിത്യ താക്കറെ യുവജനങ്ങളുമായി സംവദിക്കുകയുണ്ടായി.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത് ബി.ജെ.പി-ശിവസേന സഖ്യം. 164ൽ മത്സരിച്ച ബി.ജെ.പിക്ക് 106. 124 ഇടത്ത് ജനവിധി തേടിയ ശിവസേനക്ക് 56. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വേണമെന്ന് ഉദ്ധവ്. അത് ബി.ജെ.പിക്ക് സ്വീകാര്യമായില്ല. ദേശീയതലത്തിൽ ബി.ജെ.പിയെ തുണക്കുമ്പോൾ സംസ്ഥാനം ശിവസേനക്ക് വിട്ടുതരണമെന്ന തത്വം ലംഘിക്കുന്ന ബി.ജെ.പിക്ക് കടുത്ത മറുപടി കൊടുക്കാൻ കോൺഗ്രസുമായും എൻ.സി.പിയുമായും പോലും കൂടുമെന്നും ഉദ്ധവ് തീരുമാനിച്ചതോടെയാണ് മഹാവികാസ് അഗാഡി രൂപപ്പെട്ടത്. ആക്രമണോത്സുക ഹിന്ദുത്വത്തിന്റെ കളരിയിൽനിന്ന് മതേതര ചേരിയിലേക്കൊരു കൂടു മാറ്റം. നരേന്ദ്രമോദിയുടെ കടുത്ത വിമർശകരായും ശിവസേന മാറി. അതിനിടെ എൻ.സി.പിയുടെ ബാലാസാഹെബായ ശരത് പവാറിന്റെ അനന്തരവൻ അജിത് പവാറിനെ രാത്രിക്ക് രാത്രി മറുകണ്ടം ചാടിച്ച് ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റെങ്കിലും അജിത്തിനെ തിരിച്ചുകൊണ്ടുവന്നു.
ഹിന്ദുത്വത്തിലേക്കും സ്വാഭാവിക സഖ്യമായ എൻ.ഡി.എയിലേക്കും മടങ്ങണമെന്നാണ് ശിവസേനയിലെ വിമതർ ആവശ്യപ്പെടുന്നത്. ഭൂരിപക്ഷം എം.എൽ.എമാരും വിമതപക്ഷത്താണ്. ധനം, ആഭ്യന്തരം തുടങ്ങി പ്രധാന വകുപ്പുകൾ കൈയടക്കിയ എൻ.സി.പിയുടെ മേധാവിത്വവും മുസ്‌ലിം പള്ളിയിലെ ബാങ്ക് വിളി മുതൽ പ്രശ്‌നവൽക്കരിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വവും ശിവസൈനികരെ പ്രയാസത്തിലാക്കുന്നു. കള്ളക്കടത്ത് കേസിലെ പ്രതിയുടെ മൊഴിക്കൂമ്പാരമുണ്ടായാലും ചിലരെ ചോദ്യം ചെയ്യാൻ പോലും വിളിക്കാതിരിക്കുകയും ചുമ്മാ ചിലരെ ദിവസങ്ങൾ നിർത്തി ചോദ്യം ചെയ്യുകയും മതിൽ ചാടിക്കടന്ന് പോലും അറസ്റ്റ് നടത്തുകയും ചെയ്യുന്ന ഇ.ഡിയുടെ പ്രഭാവവും മഹാരാഷ്ട്രയിലെ വിമത നീക്കങ്ങളിൽ കാണാം.
2019 ഒക്‌ടോബറിൽ അധികാരത്തിലേറിയ ഉദ്ധവിന് മുമ്പിൽ പ്രശ്‌നങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ തലസ്ഥാനമായി മഹാരാഷ്ട്ര മാറിയപ്പോൾ വീടിന് പുറത്തിറങ്ങിയില്ല ഉദ്ധവ്. മുംബൈയിലെ ചേരികളിൽ പടർന്നുപിടിച്ച കൊവിഡിനെ പിടിച്ചുകെട്ടാൻ സർക്കാരിന് കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഉദ്ധവിനെ സഭയിലെത്തിക്കാതെ ഗവർണറുടെ കളി. പ്രളയം, രണ്ട് മന്ത്രിമാരുടെ രാജി. നട്ടെല്ലിന് ശസ്ത്രക്രിയ കാരണം ആറു മാസത്തിലേറെ പുറത്തിറങ്ങാൻ പറ്റിയുമില്ല. ഈ സാഹചര്യത്തിലും 'പ്രശ്‌നം' സർവേ 13 മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി കണ്ടെത്തിയത് ഉദ്ധവിനെ.
മഹാരാഷ്ട്രയിലെ കോട്ടകൊത്തളങ്ങളുടെ ആകാശ ദൃശ്യങ്ങൾകൊണ്ട് 'മഹാരാഷ്ട്ര ദേശും' ക്ഷേത്രനഗര ചിത്രങ്ങൾകൊണ്ട് 'പഹാവ വിത്തലും' രചിച്ച ഉദ്ധവ് താക്കറെ ഈ അറുപത്തിമൂന്നാം വയസ്സിൽ ഇനിയേതായാലും കാടു കയറില്ല. കാട്ടിൽ കയറി സിംഹക്കുട്ടികളുടെ ചിത്രം പകർത്തിയാണ് ശീലമെങ്കിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."