കർണാടക കാത്തു,മതേതര സ്വപ്നം
കര്‍ണാടകത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തുന്നത്. കൊട്ടിഘോഷിക്കപ്പെട്ട മോദി പ്രഭാവം വെള്ളത്തില്‍ വരച്ച വരയായി. ബി.ജെ.പിക്കായി പ്രചാരണം നയിച്ചതും വര്‍ഗീയതയ്ക്കും വിദ്വേഷ പ്രചാരണത്തിനും ധ്രുവീകരണത്തിനും നേതൃത്വം നല്‍കിയതും മോദി നേരിട്ടാണ്. ഈ മാസമിറങ്ങിയ 'ദ കേരള സ്‌റ്റോറി' സിനിമ മുതല്‍ 1799ല്‍ മരിച്ച ടിപ്പുസുല്‍ത്താനെ വരെ വിഭാഗീയതയ്ക്കു വേണ്ടി ബി.ജെ.പി ഉപയോഗിച്ചു. കേരളം കര്‍ണാടകക്ക് തൊട്ടടുത്താണ്, നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കില്‍ കര്‍ണാടകയും കേരളം പോലെയാകുമെന്ന് മോദി പ്രസംഗിച്ചു. ശ്രീരാമനെ തടവിലാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഹനുമാനെതിരേയാണെന്ന് പ്രചരിപ്പിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു. അതൊരു നേട്ടമായി തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചു. മുസ് ലിംകള്‍ക്ക് ആകെയുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കി അത് വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ് ലിംകള്‍ക്ക് വീണ്ടും സംവരണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചു. ഏക സിവില്‍ കോഡ് നടപ്പാക്കി മുസ് ലിംകളെ പാഠം പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. സമീപകാലത്തുണ്ടായ മറ്റൊരു തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നേരിട്ടിറങ്ങി ഇത്രമാത്രം വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ല.
എന്നാല്‍, വീതിച്ചു കിട്ടിയ സംവരണാനുകൂല്യം ലഭിച്ച സമുദായങ്ങള്‍ പോലും ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 2014ന് ശേഷം ആദ്യമായൊരു തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പി ആസ്ഥാനത്ത് മ്ലാനതപരക്കുകയും കോണ്‍ഗ്രസ് ആസ്ഥാത്ത് ആഘോഷത്തിരയടി ഉയരുകയും ചെയ്തു. 2007ല്‍ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ദക്ഷിണേന്ത്യയിലേക്ക് പാര്‍ട്ടി തുറന്ന വാതിലെന്നാണ് ബി.ജെ.പി നേതൃത്വം അതിനെ വിശേഷിപ്പിച്ചത്. ആ വാതില്‍ കര്‍ണാടകയിലെ ജനങ്ങള്‍ അടച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിൽ എവിടെയും ഇനി ബി.ജെ.പി ഭരണം ബാക്കിയില്ല.
ഈ വിജയത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും പാഠങ്ങളുണ്ട്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ വര്‍ഗീയ ചേരുവകള്‍ ദക്ഷിണേന്ത്യയില്‍ ഫലിക്കില്ലെന്നതാണ് ബി.ജെ.പിക്കുള്ള പാഠം. നരേന്ദ്രമോദി തന്നെ നേരിട്ട് പ്രചാരണത്തിറങ്ങിയാലും ജനം അത് വകവയ്ക്കില്ല. അടിത്തട്ടില്‍ നിന്നുയര്‍ത്തിക്കാട്ടാന്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒന്നുമുണ്ടായിരുന്നില്ല. സംസ്ഥാന തലത്തില്‍ ശക്തരായ നേതാക്കളും തയാറെടുപ്പും താഴെത്തട്ടിലിറങ്ങിയ പ്രചാരണവും മികച്ച ഗെയിം പ്ലാനുമുണ്ടെങ്കില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാവുമെന്നതാണ് കോണ്‍ഗ്രസിന് കിട്ടുന്ന പാഠം.
നേരത്തെ തുടങ്ങിയ തയാറെടുപ്പുകളും താഴെത്തട്ടിലിറങ്ങിയ പ്രചാരണവുമാണ് കോണ്‍ഗ്രസ് വിജയത്തിന്റെ ആദ്യ ചവിട്ടുപടി. നാലുവര്‍ഷമായി കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളിലായിരുന്നു. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചു. വിമത ശല്യം കുറച്ചെടുത്തു. വിമത സ്വരം ഉയർത്തിയവരെ കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിച്ചു. മറ്റു തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന് കര്‍ണാടകയില്‍ വ്യക്തമായൊരു ഗെയിം പ്ലാനുണ്ടായിരുന്നു. ബി.ജെ.പിയൊരുക്കിയ ഹിന്ദുത്വത്തിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീണില്ല. രാഹുലും മോദിയും തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ മാറ്റുകയെന്ന തന്ത്രത്തിലും വീണില്ല. സിദ്ധാരാമയ്യ, ഡി.കെ ശിവകുമാർ തുടങ്ങി പ്രാദേശിക നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കര്‍ണാടക സ്വദേശിയായ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതാക്കളെ ഏകോപിപ്പിച്ചു. രാഹുലിനെയും പ്രിയങ്കയെയും പോലുള്ള നേതാക്കള്‍ പ്രചാരണം കൊഴുപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത് കോണ്‍ഗ്രസാണ്. അതിന് മറുപടി പറഞ്ഞ് നടക്കാനെ ബി.ജെ.പിക്കു കഴിഞ്ഞുള്ളൂ.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയ ഹൈക്കമാന്‍ഡിന്റെ വിജയം കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷം ഒാഗസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ജന്‍മദിനം ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നേരിട്ട് ആഘോഷിച്ചത് തന്നെ പാര്‍ട്ടി നല്‍കിയ സന്ദേശമായിരുന്നു. ചടങ്ങില്‍ രാഹുലിന്റെ നിര്‍ദേശ പ്രകാരം സിദ്ധാരാമയ്യയെ ഡി.കെ ശിവകുമാര്‍ ആശ്ലേഷിച്ചത് ഐക്യമാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്ന രാഹുല്‍ നല്‍കിയ രണ്ടാമത്തെ സന്ദേശവും.
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ സിദ്ധാരാമയ്യയും ഡി.കെ ശിവകുമാറും ചേര്‍ന്ന് മറ്റൊരു യാത്ര നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പ്രജാധ്വനി യാത്രയിലൂടെ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം പാര്‍ട്ടിയ്ക്കും നല്‍കി. മുഖ്യമന്ത്രിയാവുകയെന്നതല്ല, ബി.ജെ.പിയെ താഴെയിറക്കുകയാണ് പ്രഥമദൗത്യമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ബോധ്യമുണ്ടായിരുന്നു.
യുവാക്കളും സ്ത്രീകളുമാണ് ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്ക്. സ്ത്രീകള്‍ക്ക് 2,000 രൂപ വീതം നല്‍കുന്ന ഗൃഹലഷ്മി പദ്ധതി, തൊഴിലില്ലാത്ത യുവാക്കള്‍ക്കായുള്ള 3,000 രൂപയുടെ യുവനിധി തുടങ്ങിയവയിലൂടെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് ഇതിന്റെ മുനയൊടിച്ചു. ബജ്‌റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് വാദ്ഗാനം ജനതാദള്‍ സെക്യൂലറിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കി. ബി.ജെ.പിയിലെ അതൃപ്തരായ നേതാക്കളെ കൂടെ നിര്‍ത്താനായത് ഡി.കെ ശിവകുമാറിന്റെ തന്ത്രങ്ങളുടെ വിജയമാണ്. എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കാണുണ്ടാകാറ്. എന്നാല്‍, ജഗദീഷ് ഷെട്ടാറിനെയും ലക്ഷമന്‍ സവാദിയെയും പോലുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിലെത്തി.
നിങ്ങള്‍ കേരളത്തിലേക്ക് നോക്കൂ എന്ന് മോദി പ്രസംഗിച്ചപ്പോള്‍ കേരളവുമായി സാംസ്‌കാരിക സാഹോദര്യം പങ്കിടുന്ന കര്‍ണാടകക്കാര്‍ കേരളത്തിലേക്ക് നോക്കിയിരിക്കണം. ദക്ഷിണേന്ത്യയാണ് സംഘ്പരിവാറിനെ വെല്ലുവിളിക്കുകയെന്ന സന്ദേശം കൂടി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നല്‍കുന്നുണ്ട്. അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നായി 131 ലോക്‌സഭ സീറ്റുകളാണ് ദക്ഷിണേന്ത്യയിലുള്ളത്. ഇതില്‍ ബി.ജെ.പിക്ക് പിടിക്കാനായത് 29 സീറ്റുകൾ മാത്രമാണ്. അതില്‍ തന്നെ 25 സീറ്റുകള്‍ കര്‍ണാടകത്തില്‍ നിന്നായിരുന്നു. ബി.ജെ.പിക്ക് ഇനിയങ്ങോട്ട് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് കര്‍ണാടക പറയുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ദക്ഷിണേന്ത്യയില്‍ സ്ഥാനമില്ല. ഇന്ത്യന്‍ റിപ്പബ്ലിക്കിനെയും ഭരണഘടനയെയും സംരക്ഷിക്കാനും രാജ്യത്തെ ഒന്നിച്ചു നിര്‍ത്താനുമുള്ള പോരാട്ടത്തില്‍ രാഹുലിനും സംഘത്തിനും എവിടം വരെ എത്താനായെന്നതാണ് വിജയം പറയുന്ന റിയല്‍ കര്‍ണാടക സ്റ്റോറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."