ജയിച്ചത് ജനങ്ങള്‍; തോറ്റത് മോദിയും
സി.വി ശ്രീജിത്ത്
ചരിത്രത്തിലിന്നോളം കണ്ടിട്ടും കേട്ടിട്ടും പരിചിതമല്ലാത്തവിധമുള്ള പ്രചാരണമാണ് കര്‍ണാടക പിടിക്കാന്‍ ബി.ജെ.പി ഇക്കുറി നടത്തിയത്. ആള്‍ബലവും അര്‍ഥബലവും ഒരുപോലെ കെട്ടിയിറക്കിയിട്ടും നാടൊന്നാകെ വിദ്വേഷ-വര്‍ഗീയ-സാമുദായിക-വിഭാഗീയ പ്രചാരണങ്ങള്‍ തുറന്നുവിട്ടിട്ടും കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയാതെപോയത് സമീപകാലത്ത് സംഘ്പരിവാറിനേറ്റ കനത്ത പ്രഹരമാണ്. ഇതുവരെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയുംദിവസം ഒരു സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചാരണം സ്വന്തംനിലയില്‍ ഏറ്റെടുത്തിട്ടില്ല. എന്നിട്ടും ദക്ഷിണേന്ത്യയിലെ ഹിന്ദുത്വ പരീക്ഷണശാലയെ നിലനിര്‍ത്താന്‍ ബി.ജെ.പിക്കായില്ല.
വര്‍ഗീയ-സാമുദായിക കാര്‍ഡിന് തിരിച്ചടി
കര്‍ണാടകയില്‍ ന്യൂനപക്ഷ -ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ സ്വാധീനമേഖലകളിലെ ബി.ജെ.പിയുടെ തകര്‍ച്ച ദേശീയ രാഷ്ട്രീയത്തിലും പുതിയ നീക്കങ്ങള്‍ക്ക് ഹേതുവാകും. പ്രധാനമായും ജാതി-സമുദായ സമവാക്യങ്ങളിലൂടെ വിജയം നേടിവന്ന ബി.ജെ.പിക്ക് അതിനൊരു തിരിച്ചടി കൂടിയാണ് കര്‍ണാടക. വര്‍ഗീയ-സാമുദായിക കാര്‍ഡിറക്കിയും വിദ്വേഷ പ്രചാരണങ്ങളിലൂടെയും വോട്ടുറപ്പിക്കുന്ന തന്ത്രത്തെ കൂടിയാണ് കര്‍ണാടക പരാജയപ്പെടുത്തിയത്.
ഹിജാബ്, സംവരണം, പൗരത്വഭേദഗതി വിഷയങ്ങളിലൂടെ മുസ് ലിം ജനവിഭാഗത്തെ ഒറ്റപ്പെടുത്താനും അവരുടെ സ്വാധീനശക്തിയെ ദുര്‍ബലമാക്കാനുമുള്ള അജൻഡ ബി.ജെ.പി നേരത്തെ പുറത്തെടുത്തിരുന്നു. പാഠപുസ്തകങ്ങളിലെ ചരിത്രനിഷേധം, മുസ് ലിം സ്ഥലപ്പേരുകളില്‍ മാറ്റം വരുത്തല്‍, പള്ളികളിലെ ബാങ്ക് വിളിക്കെതിരായ നിലപാട് തുടങ്ങി തീവ്രഹിന്ദു സംഘടനകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികളാണ് സംസ്ഥാനം ഭരിച്ച സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതിനെതിരായി പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധിച്ചപ്പോഴും തിരുത്താനൊരുക്കമില്ലാത്ത സമീപനമാണ് ബി.ജെ.പി കൈക്കൊണ്ടത്. ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ ഇക്കുറി കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരന്ന്, ബി.ജെ.പിക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായങ്ങളില്‍ ഭിന്നതയുണ്ടാക്കാനും അതുവഴി സമുദായ സൗഹാര്‍ദം തകര്‍ത്ത് മുതലെടുപ്പു നടത്താനുമുള്ള കുതന്ത്രങ്ങളിലായിരുന്നു ഏറെനാളായി ബി.ജെ.പിയും സംഘ്പരിവാറും. എന്നാല്‍, അത്തരം കുത്സിതനീക്കങ്ങളെയെല്ലാം വലിച്ചെറിയുന്നതിനാണ് കര്‍ണാടക തെരഞ്ഞെടുപ്പ് സാക്ഷിയായത്.
ഭാരത് ജോഡോ യാത്ര
ഭിന്നിപ്പിക്കലും വിഭാഗീയതയും പ്രത്യയശാസ്ത്രമാക്കി ഒരുകൂട്ടര്‍ വിലസുന്ന നാട്ടിലാണ് രാഹുല്‍ ഒന്നിപ്പിക്കാനുള്ള യാത്രനടത്തിയത്. അതും കന്യാകുമാരി മുതല്‍ കശ്മിര്‍ വരെ. ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ രാഹുല്‍ ഗാന്ധി നടത്തിയ പദയാത്ര വെറുതെയായില്ലെന്ന് കര്‍ണാടകം തെളിയിക്കുകയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് പുതിയൊരു ഊര്‍ജം പകരാന്‍ കാരണമായ യാത്രയ്ക്കിടെ ഗുജറാത്തില്‍ പരാജയം രുചിച്ചെങ്കിലും രാഹുല്‍ നേരിട്ടെത്തി ജനങ്ങളുമായി സംവദിച്ച കര്‍ണാടകയില്‍ ഫലം അനുകൂലമായി. അന്നത്തെ പദയാത്രയില്‍ 21 ദിവസമാണ് രാഹുല്‍ കര്‍ണാടകയിലൂടെ നടന്നത്. ഈ മേഖലകളിലെല്ലാം കോണ്‍ഗ്രസ് കൂടുതല്‍ കരുത്തുകാട്ടി എന്നതാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യത്തിനുള്ള തിരിച്ചടി കൂടിയാണ് കര്‍ണാടക ഫലം. ബി.ജെ.പിരഹിത ദക്ഷിണേന്ത്യ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുമ്പോഴെങ്കിലും തിരുത്താനും തെറ്റായ നയങ്ങളില്‍ നിന്ന് പിന്‍മാറാനും ബി.ജെ.പിക്ക് കഴിയേണ്ടതുണ്ട്. എന്നാല്‍, തീവ്രമായ ചില ആശയധാരകളിലൂടെ അധികാരമെന്ന ഏകലക്ഷ്യം പിന്‍പറ്റുന്ന ബി.ജെ.പി തിരുത്തുമെന്ന് കരുതുക വയ്യ.
ബജ്റംഗ് ബലിയും തുണച്ചില്ല
ഭരണവിരുദ്ധ വികാരം ആളിക്കത്തുമെന്നുറപ്പായ ബി.ജെ.പിക്ക് വീണുകിട്ടിയ ആയുധമായിരുന്നു ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം. അവസാനഘട്ടത്തില്‍ ബജ്‌റംഗ്ദളിനു പകരം ബജ്റംഗ്ബലിയെ കൂട്ടുപിടിച്ചായിരുന്നു മോദിയുള്‍പ്പെടെ പ്രചാരണം നടത്തിയത്. ഹനുമാന്‍ ചാലിസ ചൊല്ലാനും അത് ഹിന്ദുവികാരത്ത ഉണര്‍ത്താനും ഉപയോഗിക്കാമെന്നു കരുതിയ ബി.ജെ.പിക്ക് അവിടെയും തെറ്റി.
ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് പകരം വര്‍ഗീയതയും വിഭാഗീയതയും ആയുധമാക്കി എല്ലാകാലവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്നുമുള്ള ബി.ജെ.പിയുടെ കുടിലതന്ത്രത്തിനു കൂടിയാണ് കര്‍ണാടക കനത്ത പ്രഹരമേല്‍പ്പിച്ചത്.
കോണ്‍ഗ്രസ്
വിജയത്തിന് പിന്നില്‍
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരുവര്‍ഷം മുമ്പെയുള്ള ഒരുക്കങ്ങള്‍ അതിനായി പാര്‍ട്ടി നടത്തി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങളുമായി സംവദിച്ച് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രകടന പത്രിക തയാറാക്കി.
സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളെ അക്കമിട്ട് നിരത്തി ജനങ്ങളിലെത്തിച്ചു. വിലക്കയറ്റം, സംവരണം, തൊഴിലില്ലായ്മ, കര്‍ഷകരോഷം എന്നിവ ജനമധ്യത്തില്‍ സജീവമാക്കി നിലനിര്‍ത്താനും അത് ജനങ്ങളില്‍ നിന്നുള്ള ചോദ്യമാക്കി മാറ്റാനും പ്രചാരണത്തിലൂടെ കോണ്‍ഗ്രസിന് കഴിഞ്ഞു.
ഭിന്നതകള്‍ മാറ്റിവച്ച് വിശാല ലക്ഷ്യത്തിനായി ഒരുമിക്കുന്ന നേതാക്കളിലെ വിട്ടുവീഴ്ചാ മനോഭാവവും കോണ്‍ഗ്രസിന് സഹായകമായ ഘടകമാണ്. പരസ്പരം പോരടിച്ചാല്‍ വീണ്ടും ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്ക് വിധേയമാകേണ്ടിവരുമെന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള ചിന്തയും കോണ്‍ഗ്രസിലുണ്ടായി. നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ അണികളും ആവേശത്തിലായി. ജയിപ്പിക്കാന്‍ തയാറായ ജനതയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഒരുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."