കളത്തിലിറങ്ങി രശ്മി ഉദ്ദവ് താക്കറെയും; ഭര്ത്താക്കന്മാരെ പറഞ്ഞു മനസ്സിലാക്കി തിരികെ എത്തിക്കണം; വിമത എം.എല്‍.എമാരുടെ ഭാര്യമാര്‍ക്ക് സന്ദേശം
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിമത ശിവസേനാ എംഎല്‍എമാരെ വരുതിയിലാക്കാന്‍ ഭാര്യ രശ്മിയെ തന്നെ കളത്തിലിറക്കി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി. വിമതരുടെ ഭാര്യമാരെ രശ്മി ഫോണില്‍ വിളിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഭര്ത്താക്കന്മാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പാര്‍ട്ടിയില്‍ തിരികെ എത്തിക്കണമെന്ന സന്ദേശമാണ് രശ്മി നല്‍കിയത്. വിമതരില്‍ ചിലര്‍ക്ക് ഉദ്ധവ് വ്യക്തിപരമായി സന്ദേശങ്ങള്‍ അയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ ഗുവാഹത്തിയിലെ ഹോട്ടലില്‍ കഴിയുകയാണ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന എംഎല്‍എമാര്‍. മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് വിമതര്‍ തമ്പടിച്ചിട്ടുള്ളത്.
ഇടഞ്ഞു നില്‍ക്കുന്നവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കുമെന്ന ഭീഷണിയും ഉദ്ധവ് പുറത്തെടുത്തിട്ടുണ്ട്. 16 വിമത എംഎല്‍എമാര്‍ക്ക് ഇതിനകം നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചു. അയോഗ്യരാകാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം എന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ചയ്ക്ക് അകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം.
സ്വതന്ത്രര്‍ ഉള്‍പ്പെടെ അമ്പതോളം എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. പ്രതിസന്ധികള്‍ക്കിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാനാണ് യാത്ര. നാളെയാണ് പത്രികാ സമര്‍പ്പണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."