ആറുമാസത്തിനുള്ളില്‍ തെളിവ് കണ്ടെത്താനായില്ല ; സിദ്ദീഖ് കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി റദ്ദാക്കി
മഥുര: ഹത്രാസ് യാത്രാമധ്യേ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമെതിരായ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം മഥുര കോടതി റദ്ദാക്കി.
116 (6) വകുപ്പ് പ്രകാരം ഈ കുറ്റം ചുമത്തിയതിന് തെളിവുകള്‍ ആറു മാസത്തിനുള്ളില്‍ കണ്ടെത്തണമായിരുന്നു. ഇതില്‍ പൊലിസ് പരാജയപ്പെട്ടെന്നും മാന്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാംദത്ത് റാം കുറ്റപ്പെടുത്തി. കാപ്പനെ അറസ്റ്റ് ചെയ്യാന്‍ കാരണമായ വകുപ്പുകളാണ് എടുത്തുകളഞ്ഞത്.
ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോകവെയാണ് കാപ്പനെയും മുസഫ്ഫര്‍ നഗര്‍ സ്വദേശിയും കാംപസ് ഫ്രണ്ട് ദേശീയ ട്രഷററുമായ അത്തീഖുര്‍റഹ്മാന്‍, ബഹ്‌റായിച്ച് സ്വദേശിയും ജാമിഅ സര്‍വകലാശാലയിലെ കാംപസ് ഫ്രണ്ട് നേതാവുമായ മസൂദ് അഹമ്മദ്, കാര്‍ ഡ്രൈവര്‍ രാംപൂര്‍ സ്വദേശി ആലം എന്നിവരെയും അറസ്റ്റ് ചെയ്തത്.
പിന്നീട് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ഐ.ടി വകുപ്പുകളും ചുമത്തി. ഭീകരപ്രവര്‍ത്തനത്തിനു ഫണ്ട് സ്വരൂപിച്ചെന്നും ആരോപിച്ചു. ഒക്ടോബര്‍ അഞ്ചുമുതല്‍ ഇവര്‍ മഥുര ജയിലിലാണ്. മഥുര ജില്ലാ കോടതിയില്‍ കാപ്പന്‍ ജാമ്യാപേക്ഷ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."