മറക്കരുത് ഇഹ്‌സാൻ ജാഫ്രിയെ
ക്രിസ്റ്റോഫ് ജഫ്രലോട്ട്
കൃത്യം 20 വർഷം മുമ്പാണ് ഇഹ്‌സാൻ ജാഫ്രി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ നഗരമായ അഹമ്മദാബാദ് ഉൾപ്പെടെ ഗുജറാത്തിലെ നിരവധി നഗരങ്ങളെ ബാധിച്ച വർഗീയ കലാപങ്ങളുടെ ആദ്യ ദിവസത്തിൽ. സ്വാതന്ത്ര്യ സമര സേനാനിയും യൂനിയനിസ്റ്റും സാഹിത്യകാരനുമായിരുന്നു ജാഫ്രി. ബുർഹാൻപൂരിൽ ജനിച്ച അദ്ദേഹം 1935-ൽ ആറ് വയസുള്ളപ്പോൾ അഹമ്മദാബാദിലേക്ക് താമസം മാറി. അഹമ്മദാബാദിലെ ആർ.സി ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഉറുദുവിൽ മാസിക പ്രസിദ്ധീകരിച്ച അദ്ദേഹം 1940-കളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ചേർന്നു. തൊഴിലാളി യൂനിയൻ നേതാവായി മാറിയ അദ്ദേഹം, 1949ൽ 'വിപ്ലവത്തിനുള്ള ആഹ്വാനം' നടത്തിയെന്ന പേരിൽ ഒരു വർഷം തടവിലായിട്ടുണ്ട്. ജയിൽ മോചിതനായ ശേഷംപ്രോഗ്രസീവ് എഡിറ്റേഴ്‌സ് യൂനിയന്റെ ജനറൽ സെക്രട്ടറിയാവുകയും നിയമ ബിരുദം പൂർത്തിയാക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം അഹമ്മദാബാദിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ആരംഭിച്ചു.
1969-ലെ വർഗീയ കലാപം നഗരത്തെ ബാധിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് കത്തിനശിക്കുകയും കുടുംബം ദുരിതാശ്വാസ ക്യാംപിലേക്ക് മാറുകയും ചെയ്തു. അഹമ്മദാബാദിലെ വ്യാവസായിക ബെൽറ്റിൽ ഏകദേശം അതേസ്ഥലത്ത് അദ്ദേഹം തന്റെ വീട് പുനർനിർമിച്ചു.
കൂടാതെ ഗുൽബർഗ് സൊസൈറ്റി എന്ന ബൊഹ്റ ഹൗസിങ് അസോസിയേഷൻ സ്ഥാപിക്കുകയും ചെയ്തു. ജാഫ്രിയെ സംബന്ധിച്ചിടത്തോളം 1969 പ്രധാന വർഷമായിരുന്നു. കാരണം വർഗീയ കലാപങ്ങളുടെ സാഹചര്യം അദ്ദേഹത്തെ മതേതര രാഷ്ട്രീയത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചു. അദ്ദേഹം ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിൽ ചേരുകയും 1972-ൽ കോൺഗ്രസിന്റെ അഹമ്മദാബാദ് ബ്രാഞ്ചിന്റെ പ്രസിഡന്റാവുകയും ചെയ്തു. 1977-ൽ അദ്ദേഹം അഹമ്മദാബാദിൽ നിന്നുള്ള എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് (ആർ) അത്ര ജനപ്രിയമല്ലാതിരുന്ന സമയത്ത്, ഗുജറാത്തിൽ നിന്ന് വളരെ കുറഞ്ഞ എം.പിമാർ (26 ൽ 10 എണ്ണം) മാത്രം കോൺഗ്രസിൽ നിന്ന് സഭയിലെത്തിയ സമയത്തായിരുന്നു ജാഫ്രിയുടെ ജയം. അഹമ്മദാബാദിൽ ഒരു മുസ് ലിം സ്ഥാനാർഥിയും അതിന് മുമ്പും ശേഷവും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അദ്ദേഹം പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. പക്ഷേ അദ്ദേഹം സാമൂഹിക വിഷയങ്ങളിൽ കൂടുതലായി ഇടപെട്ടു.
2002 ഫെബ്രുവരിയിൽ രാജ്‌കോട്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച നരേന്ദ്ര മോദിക്കെതിരേ അദ്ദേഹം പ്രചാരണം നടത്തി. മോദി ആർ.എസ്.എസുകാരനായതിനാൽ അയാൾക്ക് വോട്ട് ചെയ്യരുതെന്ന് ജാഫ്രി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. അതുകഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷം അദ്ദേഹം മരിച്ചു.
ഗുൽബർഗ് സൊസൈറ്റിക്കുനേരെയുണ്ടായ ആക്രമണം പൊലിസിന്റെ മനോഭാവത്തിന്റെ ഏറ്റവും വ്യക്തവും ഭയാനകവുമായ രൂപം വരച്ചു കാട്ടുന്നു. കൺസേൺഡ് സിറ്റിസൺസ് ട്രൈബ്യൂണലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് 'ഗോധ്ര ദുരന്തത്തിന് ശേഷം അരങ്ങേറിയ ആദ്യത്തെ കൂട്ടക്കൊലയാവാം അവിടെ നടന്നത്' എന്നാണ്. ഇഹ്‌സാൻ ജാഫ്രിയുടെ വ്യക്തിത്വം കാരണം തന്നെ അവിടം തീർച്ചയായും ആദ്യത്തെ ലക്ഷ്യമായിരുന്നു. ആ പ്രദേശത്ത്അ ദ്ദേഹത്തിന്റെ കോമ്പൗണ്ട് ഒരു സുരക്ഷിത താവളമായി കണക്കാക്കപ്പെട്ടിരുന്നു. എല്ലാത്തിനുമുപരി അദ്ദേഹം ഒരു മുൻ എം.പിയായിരുന്നു. 1985 ലെ കലാപത്തിൽ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ സംരക്ഷിച്ചിരുന്നു. തൽഫലമായി സംഘർഷം രൂക്ഷമായപ്പോൾ അയൽപ്രദേശത്തെ ആളുകൾ ഗുൽബർഗ് സൊസൈറ്റിയുടെ ഉയർന്ന മതിലുകൾക്ക് പിന്നിൽ അഭയം പ്രാപിച്ചു.
രാവിലെ 7.30ന് വൻ ജനക്കൂട്ടം വളപ്പിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ അവിടെ ഇരുന്നൂറോളം പേർ ഉണ്ടായിരുന്നു. സിറ്റിസൺസ് ട്രിബ്യൂണലിന് മുമ്പാകെ സാക്ഷി പറഞ്ഞവരിൽ ചിലർ ആ ദിവസം 10.30ന്, അഹമ്മദാബാദ് പൊലിസ് കമ്മിഷണർ പി.സി പാണ്ഡെ ജാഫ്രിയെ സന്ദർശിച്ചതായി പറഞ്ഞു. 'തങ്ങൾ അധിക ശേഷിയെ അയക്കുമെന്നും അദ്ദേഹം പൂർണമായി സംരക്ഷിക്കപ്പെടുമെന്നും' ജാഫ്രിക്ക് പാണ്ഡെ അപ്പോൾ ഉറപ്പ് വ്യക്തിപരമായി നൽകിയിരുന്നെന്നും അവർ പറഞ്ഞു.
എന്നാൽ അക്രമം പൊട്ടിപ്പുറപ്പെട്ട് അഞ്ച് മിനിറ്റിനുള്ളിൽ രാവിലെ 10.35ന് ഗുൽബർഗ് സൊസൈറ്റിക്ക് പുറത്തുള്ള സാഹിർ ബേക്കറിയും ഒരു ഓട്ടോറിക്ഷയും കത്തിച്ചു. ഗുൽബർഗ് സൊസൈറ്റിക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു. 'ഇഹ്‌സാൻ ജാഫ്രി കൊലവെറി പൂണ്ട വലിയ ജനക്കൂട്ടത്തിനെതിരേ പൊലിസ് സഹായം അഭ്യർഥിച്ചുകൊണ്ട് ആവർത്തിച്ച് വലിയ മാനസിക സംഘർഷത്തോടെ കോളുകൾ നടത്തിയിരുന്നു' എന്ന് അവസാനം വരെ അദ്ദേഹത്തോടൊപ്പം താമസിച്ച ഒരു പാഴ്സി സ്ത്രീ ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികൾ പറഞ്ഞു. 'അദ്ദേഹം മണിക്കൂറുകളോളം കൺട്രോൾ റൂമിൽ വിളിച്ചുകൊണ്ടിരുന്നു' അവർ പറഞ്ഞു. സിറ്റി പൊലിസിന്റെ മൂന്ന് മൊബൈൽ വാനുകൾ ജാഫ്രിയുടെ വീടിന് ചുറ്റും നിലയുറപ്പിച്ചെങ്കിലും ഇടപെട്ടില്ല. ഒമ്പത് മണിക്കൂറിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഇടപെട്ടത്. അപ്പോഴേക്കും സമയം ഏറെ വൈകി. ഗുൽബർഗ് സൊസൈറ്റിയിൽ ഇഹ്‌സാൻ ജാഫ്രിയും മൂന്ന് ജാഫ്രി സഹോദരന്മാരും രണ്ട് മരുമക്കളും ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു.
ബൊഹ്‌റ സമുദായത്തിന്റെ തലവനായ സയ്യദ്‌ന, 2002-ലെ സംഭവങ്ങളുടെ ഇരകളിൽ നിന്ന് മാറി നിന്നു. ഇഹ്‌സാൻ ജാഫ്രി തന്റെ സമുദായത്തിലെ അംഗമാണെന്ന് അദ്ദേഹം പരാമർശിക്കുക പോലും ചെയ്തില്ല.
ഇഹ്‌സാൻ ജാഫ്രി മരിച്ച് 20 വർഷം പിന്നിടുമ്പോൾ, അദ്ദേഹത്തെ ഓർക്കുന്നത് പ്രധാനമാണ്. 2002-ലെ സംഭവങ്ങൾ മാഞ്ഞുപോകുന്നതും ചരിത്രത്തോട് നഷ്ടപ്പെട്ട് പോകുന്നതും കൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിബദ്ധത ഗുജറാത്തി രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നതും അത് മറന്നുപോകുന്നു എന്നതും പ്രധാനമാണ്. 1920-കളിൽ ഇന്ദുലാൽ യാഗ്നിക് സൃഷ്ടിച്ച കോൺഗ്രസ് ചിന്താഗതിയുടെ അവസാന പതിപ്പുകളിലൊരാളാണ് ജാഫ്രി. യാഗ്നിക്ക് പാവങ്ങളെക്കുറിച്ചോർത്തു.
1920-കളുടെ തുടക്കത്തിൽ അഹമ്മദാബാദിൽ തന്റെ ഉപദേഷ്ടാവായ മഹാത്മാഗാന്ധിയുമായി അദ്ദേഹം തന്റെ ചിന്തകൾ പങ്കിട്ടു. സർദാർ പട്ടേൽ, കെ.എം മുൻഷി, ഗുൽസാരിലാൽ നന്ദ, മൊറാർജി ദേശായി എന്നിവരുൾപ്പെടെയുള്ള ഹിന്ദു പാരമ്പര്യവാദികൾ ഗുജറാത്ത് കോൺഗ്രസ് ക്രമേണ പിടിച്ചെടുത്തതോടെ അദ്ദേഹം ഒറ്റപ്പെട്ടു. 1920-കളിൽ തന്നെ യാഗ്നിക് കോൺഗ്രസ് വിട്ടു. ഗാന്ധിജിക്ക് സഹായിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ അവിടെ നിലനിർത്താൻ പ്രയാസപ്പെട്ടു. എന്നാൽ 50 വർഷമായി അദ്ദേഹം ഗുജറാത്തിൽ പുരോഗമന രാഷ്ട്രീയത്തിന്റെ സമരമുഖമായി മാറി.
1969-ലെ പിളർപ്പിന് ശേഷം അദ്ദേഹം ഇന്ദിരാഗാന്ധിയെ പിന്തുടർന്നു. അതേസമയം ദേശായിയും മറ്റുള്ളവരും കോൺഗ്രസ് (ഒ) രൂപീകരിച്ചു. 1957 മുതൽ അദ്ദേഹം കൈവശം വച്ചിരുന്ന അതേ അഹമ്മദാബാദ് സീറ്റിലേക്ക് 1971-ൽ ഈ ടിക്കറ്റിൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ ജാഫ്രി വിജയിച്ച സീറ്റാണിത്. ഗുജറാത്തിലെ കോൺഗ്രസിന്റെ അവസാനത്തെ പുരോഗമന നേതാവായിരുന്നില്ല ജാഫ്രി. ക്ഷത്രിയർ (ഒ.ബി.സികൾ), ഹരിജനങ്ങൾ, ആദിവാസികൾ, മുസ്‌ലിംകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന കെ.എച്ച്.എം സഖ്യത്തിന്റെ ശിൽപികൾ യാഗ്നിക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരുന്നു. 1980-കളിൽ യാഗ്നിക്കിന്റെ മറ്റൊരു ആശ്രിതനായ മാധവ്‌സിങ് സോളങ്കി മുഖ്യമന്ത്രിയായി.
2022 ഗുജറാത്തിലും തെരഞ്ഞെടുപ്പ് വർഷമാണ്. ബി.ജെ.പിക്ക് ബദലായി ഈ ചിന്താധാര പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."