കര്‍ണാടക സസ്പെന്‍സ് തുടരുന്നു, ബെംഗളൂരുവില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി; തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു
കര്‍ണാടക സസ്പെന്‍സ് തുടരുന്നു, ബെംഗളൂരുവില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി
ബെഗളൂരു: കര്‍ണാടകയില്‍ സസ്പെന്‍സ് തുടരുന്നു. മുഖ്യമന്ത്രിയെ കണ്ടെത്തുന്ന തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിട്ടുണ്ട്. നിയമസഭാകക്ഷിയോഗത്തില്‍ എംഎല്‍എമാര്‍ പ്രമേയം പാസാക്കി. സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. അതേസമയം ആരാകും മുഖ്യമന്ത്രി എന്നത് ഇപ്പോള്‍ സസ്പെന്സിലാണ്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി അണികള്‍ മുദ്രാവാക്യം വിളികളുമായി ബെംഗളൂരുവില്‍ രംഗത്തിറങ്ങിയിരുന്നു. ചേരിതിരിഞ്ഞായിരുന്നു മുദ്രാവാക്യം വിളി.
മുഖ്യമന്ത്രി ആരാകണമെന്ന യോഗം ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് നടന്നത്. ഈ യോഗത്തില്‍ വെച്ചാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ഹൈക്കമാന്‍ഡിന് വിട്ടത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അക്കമുള്ളവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്.
സസ്പെന്‍സുകള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എംഎല്‍സി ആയി നാമനിര്‍ദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നല്‍കണമെന്ന് ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയില്‍ സോണിയയും രാഹുലും പങ്കെടുത്തേക്കും. പ്രതിപക്ഷ കക്ഷിനേതാക്കളെയും സ്റ്റാലിന് അടക്കമുള്ള നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."