ഉപതെരഞ്ഞെടുപ്പ് ; നിയമസഭകളിൽ എൻ.ഡി.എയ്ക്ക് തിരിച്ചടി; ലോക്സഭയിൽ നേട്ടം
ന്യൂഡൽഹി
ഉപതെരഞ്ഞെടുപ്പിൽ നിയമസഭകളിൽ എൻ.ഡി.എയ്ക്ക് തിരിച്ചടി. എന്നാൽ, ലോക്സഭയിൽ നേട്ടം കൊയ്തു. അഞ്ചു സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ നാലിടത്ത് എൻ.ഡി.എ ഇതര കക്ഷികൾ വിജയിച്ചു. മൂന്നിടത്ത് എൻ.ഡി.എയ്ക്കാണ് വിജയം. വോട്ടെടുപ്പ് നടന്ന മൂന്ന് ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടിടത്ത് എൻ.ഡി.എയും ഒരിടത്ത് എൻ.ഡി.എ സഖ്യംവിട്ട ശിരോമണി അകാലിദളും വിജയിച്ചു.
പഞ്ചാബിലെ ഒരു മണ്ഡലത്തിലും യു.പിയിലെ രണ്ടു മണ്ഡലങ്ങളിലുമാണ് ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.പിയിൽ രണ്ടിടത്ത് ബി.ജെ.പിയും പഞ്ചാബിൽ ശിരോമണി അകാലിദളും വിജയിച്ചു. പഞ്ചാബിൽ എ.എ.പിയുടെയും യു.പിയിൽ എസ്.പിയുടെയും സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് നിയമസഭാംഗമായതിനെ തുടർന്ന് രാജിവച്ച അസംഗഢിൽ ബി.ജെ.പിയുടെ ദിനേശ് ലാൽ യാദവും എസ്.പിയിലെ പ്രമുഖ നേതാവ് അസംഖാൻ രാജിവച്ച റാംപൂരിൽ ബി.ജെ.പിയിലെ ഗ്യാൻശ്യാം സിങ് ലോധിയും ജയിച്ചത് എസ്.പിക്ക് തിരിച്ചടിയായി. പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സിറ്റിങ് സീറ്റാണ് ശിരോമണി അകാലിദൾ പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശ്, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ സീറ്റിലും ത്രിപുരയിൽ നാലിടത്തുമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിൽ പ്രതിപക്ഷത്തിലെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ജുബരാജ്നഗറിൽ ബി.ജെ.പി ജയിച്ചെങ്കിലും അഗർത്തലയിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. ഇതോടെ ത്രിപുരയിൽ മൂന്നിടത്ത് ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസും ജയിച്ചു. ജാർഖണ്ഡിൽ കോൺഗ്രസ് സിറ്റിങ് സീറ്റ് നിലനിർത്തി. ഡൽഹിയിൽ എ.എ.പി സ്ഥാനാർഥിയും സിറ്റിങ് സീറ്റ് നിലനിർത്തി. ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് അത്മാകുർ മണ്ഡലം നിലനിർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."