ക്ലിഫ് ഹൗസിൽ പുതിയ പശുത്തൊഴുത്ത് ; 42.90 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ പശുത്തൊഴുത്ത് നിർമിക്കുന്നു. പശുത്തൊഴുത്ത് നിർമാണനത്തിനും ചുറ്റുമതിൽ പുനരുദ്ധാരണത്തിനുമായി 42.90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പൊതു മരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ മെയ് ഏഴിന് നിർമാണ പ്രവർത്തനങ്ങളുടെ വിശദമായ എസ്റ്റിമേറ്റ് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അനുമതി നൽകുകയും വകുപ്പ് ഈ മാസം 22 ന് ഉത്തരവിറക്കുകയുമായിരുന്നു.
തുടർ ഭരണം ലഭിച്ച ശേഷം ക്ലിഫ് ഹൗസിൽ നിരവധി നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഇതിനു മുമ്പ് 98 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റാഫിന് താമസിക്കാൻ പുതിയ കെട്ടിടം നിർമിച്ചിരുന്നു.
2016 മുതൽ ക്ലിഫ് ഹൗസിലെ നീന്തൽ കുളം പുനരുദ്ധരിക്കാൻ കോടികളാണ് ചെലവഴിച്ചതെന്നും കണക്കുകൾ പറയുന്നു.
ഇന്നലെയാണ് 33 ലക്ഷം രൂപയുടെ കിയ കാർണിവൽ മുഖ്യമന്ത്രിക്കായി വാങ്ങാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. സുരക്ഷയുടെ പേരിൽ ക്ലിഫ് ഹൗസിലെ മതിൽ ഉയർത്തി കെട്ടാനും രണ്ടാം സർക്കാരിന്റെ കാലത്തു തന്നെ കോടികൾ അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം സർക്കാർ ഖജനാവിൽ നിന്ന് പ്രതിമാസം കോടികൾ ചെലവഴിക്കുന്നതായി വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."