ആയിശ സുല്‍ത്താന ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി, രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ആയിശ സുല്‍ത്താനക്കെതിരേ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഈ മാസം 20ന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ആയിശയുടെ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ആയിശ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം നിലനില്ക്കും എന്ന് ദ്വീപ് ഭരണകൂടം വാദിച്ചു. പരാമര്‍ശത്തിന്റെ പേരില്‍ അക്രമം ഉണ്ടായില്ലെങ്കിലും കുറ്റം നിലനില്ക്കും എന്നും ദ്വീപ് ഭരണകൂടം പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് ആയിശ ഹരജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലിസ് കോടതിയെ അറിയിച്ചത്.
മുന്‍കൂര്‍ ജാമ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. ചാനലില്‍ ആയിശ നടത്തിയത് വിമര്‍ശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. ലക്ഷദ്വീപില്‍ സ്കൂളില്‍ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടന ചിന്തകള്‍ ഉണ്ടാവുന്ന പരാമര്‍ശം ആണ് നടത്തിയത്.
ബയോ വെപ്പണ്‍ എന്നവാക്ക് ഇത്ര വലിയ പ്രശ്നം ആണ് എന്ന് അറിയില്ലായിരുന്നു എന്ന് ആയിശ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യം ഇല്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസില്‍ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കില്‍ എടുക്കണം. പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു എന്നും ആയിശ കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."