ഇസ്‌റാഈലിന്റെ പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മൊറോക്കോ രാജാവ്
മറാക്കിഷ്: ഇസ്‌റാഈലിന്റെ പുതിയ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് മൊറോക്കന്‍ രാജാവ് മുഹമ്മദ് അഞ്ചാമന്റെ കത്ത്. ഫലസ്തീന്‍ പോരാളി സംഘടനയായ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ മൊറോക്കോയില്‍ എത്തിയതിനു പിന്നാലെയാണ് രാജാവിന്റെ അഭിനന്ദന സന്ദേശം.
പന്ത്രണ്ടു വര്‍ഷക്കാലത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ ബെന്നറ്റിനെയാണ് മുഹമ്മദ് അഞ്ചാമന്‍ അഭിനന്ദിച്ചത്. മധ്യപൗരസ്ത്യ ദേശത്ത് സമാധാനവും നീതിയും പുലര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ഇത് ഓരോ വശത്തും ജീവിക്കുന്നവര്‍ക്ക് സുരക്ഷയും സുസ്ഥിരതയും സൗഹൃദവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കേ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ജൂതന്മാരുള്ള രാജ്യമാണ് മൊറോക്കൊ. മൊറോക്കന്‍ വംശജരായ 70,000 ജൂതന്മാര്‍ ഇസ്‌റാഈലിലുണ്ട്.
യു.എസിന്റെ മധ്യസ്ഥയില്‍ വന്ന കരാറിനു പിന്നാലെ ഇസ്‌റാഈലിനെ നയതന്ത്രപരമായി അംഗീകരിച്ച നാലാമത്തെ അറബ് രാജ്യമാണ് മൊറോക്കൊ. ഈ കരാറിനെ ഫലസ്തീനും ഹമാനും അപലപിച്ചിരുന്നു.
അതേസമയം, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ മൊറോക്കോ സന്ദര്‍ശനത്തിനായി ബുധനാഴ്ച എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിക്ക് മൊറോക്കന്‍ രാജാവ് അഭിനന്ദനം അറിയിച്ചുള്ള കത്തയക്കുന്നത്. മൊറോക്കന്‍ പ്രധാനമന്ത്രി സഅദുദ്ദീന്‍ അല്‍ ഉസ്മാനിയുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി നേതാക്കളുമായും ഇസ്മായില്‍ ഹനിയ്യ ചര്‍ച്ച നടത്തിയിരുന്നു.
ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങളും, എങ്ങനെയാണ് പിന്തുണയ്ക്കുകയെന്നും ചര്‍ച്ചചെയ്തതെന്നുമാണ് ഇതേപ്പറ്റി അല്‍ ഉസ്മാനി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."