അലോപതിക്കെതിരായ തെറ്റായ പ്രചാരണം: ബാബാ രാംദേവിനെതിരേ കേസ്
റായ്പുര്‍: അലോപതി ചികിത്സയ്‌ക്കെതിരേ തെറ്റായ പ്രചാരണം നടത്തിയ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനെതിരേ ഛത്തിസ്ഗഢ് പൊലിസ് കേസെടുത്തു.
അലോപതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്രഗ്‌സ് കണ്‍ട്രോണ്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മരുന്നുകള്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതില്‍ പരാജയമാണെന്നുമായിരുന്നു രാംദേവിന്റെ പ്രസ്താവന.
തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ഛത്തീസ്ഗഢ് ഐ.എം.എ നല്‍കിയ പരാതിയിലാണ് രാംദേവിനെതിരേ കേസെടുത്തതെന്ന് സീനിയര്‍ പൊലിസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു. ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാഗേഷ് ഗുപ്ത, ഐ.എം.എ റായ്പുര്‍ പ്രസിഡന്റ് വികാസ് അഗര്‍വാള്‍ എന്നിവരാണ് പരാതി നല്‍കിയത്.
കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും അംഗീകരിച്ച മരുന്നുകളുപയോഗിച്ചുള്ള ചികിത്സയ്‌ക്കെതിരേ ഒരുവര്‍ഷത്തിലേറെയായി രാംദേവ് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു തെളിവായി നിരവധി വിഡിയോ ദൃശ്യങ്ങളും സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."