ഒരുമിച്ച് പോരാടാം; ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി
കൊൽക്കത്ത: കർണാടകയിൽ കോൺഗ്രസ് നേടിയ മിന്നും ജയത്തിന് പിന്നാലെ കോൺഗ്രസുമായി സഹകരണ സാധ്യത പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി മമതാ ബാനർജിയാണ് കോൺഗ്രസുമായി സഹകരണം പ്രഖ്യാപിച്ചത്. കോൺഗ്രസ് ശക്തമാവുന്നിടത്തെല്ലാം അവർ പോരാടട്ടെ, ഞങ്ങൾ അവരെ പിന്തുണയ്ക്കുമെന്ന് മമത പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തന പരിഹാരവും മമത നിർദ്ദേശിച്ചു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ നിർണായക പങ്ക് ലഭിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മമത ബാനർജി ആവർത്തിച്ചു.
'പ്രാദേശിക പാർട്ടികൾ ശക്തമാകുന്നിടത്ത് ബി.ജെ.പിക്ക് പോരാടാനാവില്ല. കർണാടക വിധി ബി.ജെ.പിക്കെതിരായ വിധിയാണ്. ജനങ്ങൾ വിരോധത്തിലാണ്. അതിക്രമങ്ങൾ നടക്കുന്നു. സമ്പദ്‌വ്യവസ്ഥ തകർന്നു. ജനാധിപത്യാവകാശങ്ങൾ ബുൾഡോസർ ചെയ്യുന്നു, ഗുസ്തിക്കാരെപ്പോലും വെറുതെവിടുന്നില്ല,' മമത ബാനർജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."