ഡല്‍ഹി കലാപം കോടതി ഇടപെട്ടു; ജാമ്യം ലഭിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി (സി.എ.എ) നിയമത്തിനെതിരായ പ്രക്ഷോഭകരെ ലക്ഷ്യംവച്ച് ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ പുറത്തിറങ്ങി.
ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി മോചിതരാക്കിയിരുന്നില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂന്നുദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി രീവന്ദര്‍ ബേദിയെ പൊലിസ് സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. കൂടാതെ, വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഇതിനകം ജാമ്യം അനുവദിച്ചതാണെന്നും തിഹാര്‍ ജയിലിലേക്ക് വിട്ടയക്കാനുള്ള ഉത്തരവ് അയച്ചതാണെന്നും പിന്നെയും എന്താണ് തടസമെന്നും കോടതി ചോദിച്ചു. ഇതോടെ ഉച്ച കഴിഞ്ഞ് മൂന്നുപേരെയും മോചിപ്പിച്ചു. മൂന്നുപേര്‍ക്കുമെതിരായ കുറ്റങ്ങളില്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജിമാരായ സിദ്ധാര്‍ഥ് മൃദുലും എ.ജെ ഭംഭാനിയും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, പ്രതിഷേധിക്കാനുള്ള അവകാശം രാജ്യദ്രോഹമായി കാണരുതെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്.
വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം പൗരന് നിഷേധിക്കുകയോ അതിനെ യു.എ.പി.എ പ്രകാരമുള്ള ഭീകരകുറ്റമായോ കാണരുതെന്നതുള്‍പ്പെടെയുള്ള സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തുകയുണ്ടായി. അതേസമയം, വിദ്യാര്‍ഥികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഇന്ന് പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."