അധിനിവേശം 125ാം ദിവസം, നാറ്റോയില്ല, ആയുധങ്ങളും; അധിനിവേശം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് സെലൻസ്‌കി
കീവ്
റഷ്യൻ അധിനിവേശം 125ാം ദിവസം പിന്നിടുമ്പോൾ പോരാട്ടവീര്യം ചോർന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി. നാറ്റോയിൽ അംഗത്വം നേടാനുള്ള ഉക്രൈന്റെ നീക്കം ചോദ്യംചെയ്ത് ഫെബ്രുവരി 24നാണ് ഉക്രൈനെതിരേ റഷ്യ സൈനികനടപടി തുടങ്ങിയത്.
റഷ്യ ആക്രമിക്കുകയാണെങ്കിൽ യു.എസും ബ്രിട്ടനും അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളും നാറ്റോയും സഹായത്തിനെത്തുമെന്ന് സെലൻസ്‌കി കരുതിയെങ്കിലും അതുണ്ടായില്ല. ആക്രമണത്തിൽ ഉക്രൈന് കനത്ത നാശനഷ്ടമുണ്ടാവുകയും അധിനിവേശം നീണ്ടുപോവുകയും ചെയ്തതോടെ ആക്രമണം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് രംഗത്തുവന്നിരിക്കുകയാണ് സെലൻസ്‌കി.ജർമനിയിൽ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി നടന്നുകൊണ്ടിരിക്കെയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് സെലൻസ്‌കി രംഗത്തുവന്നത്. റഷ്യക്കെതിരേ ഉപരോധം ശക്തമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് ഈവർഷം തന്നെ അധിനിവേശം അവസാനിപ്പിക്കണമെന്നാണ് സെലൻസ്‌കിയുടെ ആവശ്യം.
അതേസമയം, ഞായറാഴ്ച കീവിനെ ലക്ഷ്യംവച്ച് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ റഷ്യൻ വൈമാനികർക്കെതിരേ സെലൻസ്‌കി മുന്നറിയിപ്പ് നൽകി.
ഇത് ചെയ്തവരെയും അവർക്ക് പിന്നിലുള്ളവരെയും ഞങ്ങൾ കണ്ടെത്തുമെന്ന് സെലൻസ്‌കി പറഞ്ഞു. നിങ്ങളുടെ ജീവിതത്തിൽ ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന് മറ്റൊരാളല്ല തീരുമാനിക്കേണ്ടതെന്ന് ഉക്രൈൻ ജനതയെ സെലൻസ്‌കി ഓർമിപ്പിച്ചു. ജി 7 ഉച്ചകോടിക്കായി ജർമനിയിൽ നേതാക്കൾ ഒത്തുചേർന്ന സമയത്തായിരുന്നു ഉക്രൈൻ തലസ്ഥാനനഗരിയിൽ റഷ്യ ആക്രമണം നടത്തിയത്.ഇന്നലെ ജി7 രാഷ്ട്രനേതാക്കളുമായി സെലൻസ്‌കി വിർച്വലായി കൂടിക്കാഴ്ച നടത്തി. വിമാനവേധ പ്രതിരോധസംവിധാനം വേണമെന്ന് സെലൻസ്‌കി നേതാക്കളോട് അഭ്യർത്ഥിച്ചു. റഷ്യൻ സ്വർണത്തിന് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നതുൾപ്പെടെ റഷ്യൻ സമ്പദ് വ്യവസ്ഥയെ ഒറ്റപ്പെടുത്തുന്ന പുതിയ ഉപരോധങ്ങൾ ജി7 പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."