പിന്നില്‍ നിന്ന് കുത്തില്ല പാര്‍ട്ടി അമ്മയെ പോലെയെന്നും ഡി.കെ ശിവകുമാര്‍
പിന്നില്‍ നിന്ന് കുത്തില്ല പാര്‍ട്ടി അമ്മയെ പോലെയെന്നും ഡി.കെ ശിവകുമാര്‍
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും താന്‍ പിന്നില്‍ കുത്താനോ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ ശ്രമിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായുള്ള കടുത്ത മത്സരത്തില്‍ പിന്നോട്ടില്ലെന്ന് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
'പാര്‍ട്ടി എന്റെ ദൈവമാണ്. ഞങ്ങളാണ് പാര്‍ട്ടിയെ ഉണ്ടാക്കിയത്. ഞാന്‍ ഈ പാര്‍ട്ടിയുടെ ഭാഗമാണ്. ഞാന്‍ മാത്രമല്ല ഈ പാര്‍ട്ടി' ഡല്‍ഹിയിലെക്ക് പുറപ്പെടും മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഒരമ്മ തന്റെ കുഞ്ഞിന് വേണ്ടതെല്ലാം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ വിമതനാവില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് വേണമെങ്കില്‍ എനിക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കാം. ഞങ്ങളുടേത് ഐക്യത്തിന്റെ ഭവനമാണ്. 135 അംഗങ്ങളാണ് ഇവിടെ. ഇവിടെ ആരേയും വിഭജിക്കാന്‍ അനുവദിക്കില്ല. അവര്‍ എന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഒരു ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. ഞാന്‍ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയോ പിന്നില്‍ നിന്ന് കുത്തുകയോ ചെയ്യില്ല' അദ്ദേഹം പറഞ്ഞു.
അതിനിടെ, കര്‍ണാടകയെ ഇനി സിദ്ധരാമയ്യ നയിക്കും. എ.ഐ.സി.സി നേതൃതലത്തിലെ കൂടിയാലോചനകള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയെ നിയോഗിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിദ്ധരാമയ്യയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് സിദ്ധരാമയ്യയെ നേതാവായി ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാറിന് പ്രധാന വകുപ്പുകളോടെ ഉപമുഖ്യമന്ത്രിപദം നല്‍കണമെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും.
ഞായറാഴ്ച ബംഗളൂരുവില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാരില്‍ ഭൂരിപക്ഷവും നിലവിലെ പ്രതിപക്ഷ നേതാവുകൂടിയായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്ക് മുന്നില്‍വച്ചത്. എം.എല്‍.എമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി അഭിപ്രായമാരാഞ്ഞ ശേഷമാണ് നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയെ പാര്‍ട്ടി ലീഡറായി തെരഞ്ഞെടുത്തത്. ബംഗളൂരുവിലെ നിയമസഭാകക്ഷി യോഗം കഴിഞ്ഞ് ഇന്നലെ വൈകീട്ടോടെ ഡല്‍ഹിയിലെത്തിയ എ.ഐ.സി.സി നിരീക്ഷകരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിങ് എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നതിനുശേഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് റിപ്പോര്‍ട്ട് കൈമാറിയത്. യോഗത്തില്‍ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കായി സമ്മര്‍ദം ശക്തമാണെങ്കിലും നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷവും പിന്തുണച്ചത് സിദ്ധരാമയ്യയെയാണ്. സിദ്ധരാമയ്യയുടെ ജനപ്രീതി, ഭരണമികവ്, പ്രതിച്ഛായ എന്നിവ കണക്കിലെടുക്കണമെന്ന അഭിപ്രായമാണ് എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുമായി പങ്കുവച്ചത്. എന്നാല്‍, പാര്‍ട്ടിയെ ശക്തിപ്പെടുത്തി തിരിച്ചുവരവിനുള്ള കളമൊരുക്കിയ ശിവകുമാറിന് അവസരം നല്‍കണമെന്ന വാദവും ഉയര്‍ന്നു.
എം.എല്‍.എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിച്ചാണ് നിരീക്ഷകര്‍ അഭിപ്രായമാരാഞ്ഞത്. ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷം തുടങ്ങിയ എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിവരെ നീണ്ടു. അതേസമയം, സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവരോട് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ശിവകുമാര്‍ യാത്ര റദ്ദാക്കി. ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."