ഒന്നാം ദിനം നിയമസഭ കലുഷിതം; പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു, കറുപ്പണിഞ്ഞ് പ്രതിഷേധം
ഇരുപക്ഷവും നേർക്കുനേർ; കൂവലും ആർപ്പുവിളിയും, മുദ്രാവാക്യവും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐക്കാർ ആക്രമിച്ച സംഭവം ഉയർത്തി ആദ്യ ദിനം തന്നെ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഇന്നലെ രാവിലെ ഒൻപതു മണിക്ക് സഭ തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധമുയർത്തി. പ്രതിഷേധത്തിന് ചൂട് കൂട്ടാൻ യുവ എം.എൽ.എമാരുടെ സംഘം നിയമസഭയിലെത്തിയത് കറുത്ത ഷർട്ടും മാസ്‌കും ധരിച്ചാണ്. പ്രതിപക്ഷ നേതാവ്, ഉപനേതാവ്, മറ്റു ചില കക്ഷി നേതാക്കൾ ഒഴികെ ബാക്കി പ്രതിപക്ഷ അംഗങ്ങളെല്ലാം കറുത്ത മാസ്‌കും ധരിച്ചാണ് എത്തിയത്. അൻവർ സാദത്ത്, ഷാഫി പറമ്പിൽ, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളിൽ, നജീബ് കാന്തപുരം, സനീഷ് കുമാർ എന്നിവരാണ് കറുത്ത ഷർട്ടും മാസ്‌കും ധരിച്ചെത്തിയത്. വെള്ള സിൽക്ക് ചുരിദാർ ധരിച്ച് കറുത്ത മാസ്‌ക് വച്ച് രമയോടൊപ്പമാണ് തൃക്കാക്കര എം.എൽ.എ ഉമ തോമസ് എത്തിയത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ സ്പീക്കർ ചോദ്യോത്തര വേള ആരംഭിച്ചു. മന്ത്രി എം.വി ഗോവിന്ദൻ എണീറ്റയുടൻ പ്രതിഷേധം ഉച്ചസ്ഥായിലായി. ഇതിനിടെ സ്പീക്കർ ഇടപെട്ടു. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും സഭയ്ക്കുള്ളിൽ ബാനറുകളും പ്ലക്കാഡുകളും ഉയർത്തുന്നത് ചട്ട വിരുദ്ധമാണെന്നും പറഞ്ഞു. ഇതിനിടയിൽ ഭരണപക്ഷ അംഗങ്ങളും എണീറ്റു. തമ്മിൽ കൂവലും ആർപ്പുവിളിയുമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, പിന്നാലെ ഭരണ പക്ഷവും. ഇരു ഭാഗത്തും മുദ്രാവാക്യം വിളി മുഴങ്ങി. ഇതിനിടയിൽ സഭ നിർത്തി വച്ച് സ്പീക്കർ ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതെല്ലാം വീക്ഷിച്ച് ഇരുന്നു. ചില മന്ത്രിമാരും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
ഇന്നലെ രാവിലെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ ടി. സിദ്ദിഖ് എം.എൽ.എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. ഒരു മണിക്കൂർ ചോദ്യോത്തര വേളയുടെ സമയം തീർന്നപ്പോൾ സഭ പുനരാരംഭിച്ചു. സാധാരണ സഭ നിർത്തിവച്ചാൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളും സ്പീക്കറുടെ ചേംബറിൽ ചർച്ച ചെയ്ത് സമവായത്തിലെത്തറാണ് പതിവ്. എന്നാൽ ആ കീഴ് വഴക്കം ലംഘിക്കപ്പെട്ടു.
ഒരു മണിക്കൂറിനുശേഷം സ്പീക്കറെത്തി സഭ പുനരാരംഭിച്ചു. ചരമോപചാരം ആയിരുന്നു. ഈ സമയം നടുത്തളത്തിലുണ്ടായിരുന്ന ഭരണ, പ്രതിപക്ഷ അംഗങ്ങൾ സീറ്റിലേക്ക് മടങ്ങി. ചരമോപചാരം കഴിഞ്ഞയുടൻ പ്രതിപക്ഷം ബഹളം തുടങ്ങി. ബഹളവും പ്രതിഷേധവും തുടർന്നതോടെ വീണ്ടും സ്പീക്കർ ഇടപെട്ടു. അടിയന്തര പ്രമേയ നോട്ടിസാണ് പരിഗണിക്കുന്നതിനാൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. ബാനറും പ്ലക്കാഡുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തിയ പ്രതിപക്ഷം ബഹളം തുടങ്ങി. തുടർന്ന് സഭാ നടപടികൾ സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി മറ്റു നടപടികളിലേക്ക് കടന്നു. മന്ത്രിമാരുടെ റിപ്പോർട്ടുകൾ മേശപ്പുറത്ത് വയ്ക്കുകയും ഇന്നലെ പരിഗണിക്കാനിരുന്ന കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബിൽ മറ്റൊരു അവസരത്തിലേക്ക് മാറ്റുകയും കേരള സഹകരണ സംഘം ഭേദഗതി ബിൽ പാസാക്കി സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് നടപടി വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു. പ്രതിപക്ഷമാകട്ടെ മുദ്രാവാക്യം വിളിച്ച് സഭാ കവാടത്തിൽ പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിലായിരിക്കും സഭ.
സഭയിൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."