അടിയന്തര പ്രമേയ ചര്‍ച്ച ബഹളത്തോടെ തുടങ്ങി; ആരോപണം തെറ്റെങ്കില്‍ എന്തുകൊണ്ട് മാനനഷ്ട കേസില്ലെന്ന് പ്രതിപക്ഷം: മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ യു.ഡി.എഫ് പ്രതിനിധി ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച ബഹളത്തോടെ തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചര്‍ച്ച ആരംഭിച്ചത്. കേസില്‍ ഉയര്‍ന്നുവന്ന ദുരൂഹതകളുടെ ചോദ്യമുനകള്‍ ഷാഫി പറമ്പില്‍ സഭയില്‍ ഉന്നയിച്ചു. വിഷയത്തിന്റെ വിവിധ വശങ്ങളുമായി സഭയില്‍ ഷാഫി പറമ്പില്‍ കത്തിക്കയറി.
സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല. വിജിലന്‍സ് മേധാവിയെ എന്തുകൊണ്ടു മാറ്റി.? സരിത്തിന്റെ ഫ്‌ളാറ്റിലേക്ക് പൊലിസ് ഇരച്ചുകയറിയതെന്തിനാണ് ? ഷാജ് കിരണിന് പൊലിസില്‍ ഇത്രവലിയ സ്വാധീനമെങ്ങനെയുണ്ടായി. ജേക്കബ് തോമസ് വന്‍ സ്രാവുകള്‍ക്കൊപ്പം നീന്തിയാല്‍ കേസും ശിവശങ്കരന്‍ അശ്വത്ഥാമാവിനൊപ്പം കളിച്ചാല്‍ കേസില്ല എന്നും പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ഈ ഭരണത്തില്‍ അവതാരങ്ങളുണ്ടാകില്ലെന്നു പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ അവതാരങ്ങളുടെ ചാകരയല്ലേ. ഞങ്ങള്‍ സ്വപ്‌ന സുരേഷിന് വിശ്വാസ്യതയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അതാദ്യം ചെയ്തത് എല്‍.ഡി.എഫാണെന്നും ഷാഫി പറഞ്ഞു.
ചട്ടം 51 പ്രകാരം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂര്‍ ആണ് ചര്‍ച്ച നടക്കുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."