ചാടിക്കേറി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യല്ലേ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ചാടിക്കേറി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യല്ലേ
പ്രതിദിനം ഒരു തവണയെങ്കിലും ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരാണ് ഒട്ടുമിക്കപേരും. പര്‍ച്ചേസിങോ മറ്റോ കഴിഞ്ഞ് പണം സ്‌കാന്‍ ചെയ്ത് കൊടുക്കാറുമുണ്ട്. ഇനി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യും മുന്‍പ് അല്‍പം ജാഗ്രത വേണം. ഇതു വഴി നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരിക്കലും പണം സ്വീകരിക്കുന്നതിന് QR കോഡുകള്‍ സ്‌കാന്‍ ചെയ്യേണ്ട ആവശ്യമില്ല.. . നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിന് സംശയകരമായി ആരെങ്കിലും വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യുആര്‍ കോഡ് അയച്ചുതന്നാല്‍, അത് ഒരിക്കലും സ്‌കാന്‍ ചെയ്യരുത്. ഇത് തട്ടിപ്പിന്റെ ആദ്യ പടിയാണ്. തുടര്‍ന്ന് ഹാക്കര്‍മാര്‍ നിങ്ങളുടെ ആവശ്യമായ ഡാറ്റകള്‍ ചോര്‍ത്താനിടയുണ്ട്.
ക്യൂ.ആര്‍ സ്‌കാന്‍ ചെയ്താല്‍ പണം കിട്ടുമെന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ സമീപിച്ചാല്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. അത്തരക്കാര്‍ തട്ടിപ്പുകാരനാണെന്നും നിങ്ങളെ വഞ്ചിക്കുകയാണെന്നും ഉറപ്പിക്കാം.
തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
- സ്‌ക്രീന്‍ ഷെയറിങ് ആപ്പുകളായ എനി ഡെസ്‌ക്, ടീം വ്യൂവര്‍ തുടങ്ങിയവ അപരിചതര്‍ ആവശ്യപ്പെട്ടാല്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം അത്തരക്കാര്‍ കൈക്കലാക്കും.
- നിങ്ങളുടെ യു.പി.ഐ ഐ.ഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതരുമായി ഒരിക്കലും പങ്കുവെക്കരുത്.
- സാധ്യമെങ്കില്‍ പണമായി തുക കൈമാറുക.
- അപരിചിതര്‍ പണം ഇങ്ങോട്ട് തരാന്‍ ക്യു.ആര്‍ കോഡ് അയച്ചാല്‍ അത് ഒരിക്കലും സ്‌കാന്‍ ചെയ്യരുത്.
- ഒ.ടി.പി എന്നത് നിങ്ങള്‍ മാത്രം കൈകാര്യം ചെയ്യേണ്ട രഹസ്യ നമ്പറാണ്. ഒ.ടി.പി ആര്‍ക്കും കൈമാറരുത്.
- ഒ.എല്‍.എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താവിന്റെ സത്യസന്ധത നിങ്ങള്‍ തന്നെ പരിശോധിക്കണം.
- ഒ.എല്‍.എക്‌സ് ഇടപാടുകാരുടെ പ്രൊഫൈല്‍ ഫോട്ടോ, പേര്, ഫോണ്‍ നമ്പര്‍, ചേര്‍ന്ന തീയതി എന്നിവ പരിശോധിക്കണം. തട്ടിപ്പിനെ തുടര്‍ന്ന് പ്രസ്തുത അക്കൗണ്ട് ആരെങ്കിലും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒ.എല്‍.എക്‌സില്‍ കാണാം. ഇത്തരക്കാരോട് ഇടപാട് നടത്തുമ്പോള്‍ ജാഗ്രത പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."