സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറുണ്ടോ?; വെല്ലുവിളിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു തവണ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് തങ്ങള്‍മുമ്പ് നോട്ടീസ് നല്‍കിയെന്നും ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സോളര്‍ കേസില്‍ സരിതയുടെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുപോലെ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോയെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയുടെ സുഹൃത്തും കൂട്ടുപ്രതിയുമായ സരിത്തിനെ വിജിലന്‍സ് തട്ടിക്കൊണ്ടുപോയി. രണ്ട് എഡിജിപിമാര്‍ പൊലീസ് ക്ലബ്ബില്‍ മൂന്നു മണിക്കൂര്‍ ഷാജ് കിരണുമായി സംസാരിച്ചു. മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഇടനിലക്കാരെ പറഞ്ഞുവിട്ടു. ഷാജ് കിരണിനെ എന്തുകൊണ്ട് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ല?. നിങ്ങള്‍ നിയമപരമായി നേരിട്ടെങ്കില്‍ പ്രതിപക്ഷം ഇത്രയും പ്രശ്‌നമുണ്ടാക്കില്ലായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. അവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അന്വേഷണം തുടങ്ങിയപ്പോള്‍ കേന്ദ്രഏജന്‍സികള്‍ക്ക് എതിരായി. അവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി. കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് എന്നും ഒരേ നിലപാടാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
സ്വപ്‌നക്കെതിരെ ജലീല്‍ കൊടുത്ത പരാതിയില്‍ സാക്ഷി സരിത നായരാണ്. സോളാര്‍ കേസില്‍ നിങ്ങളുടെ ആഭ്യന്തരം അന്വേഷിച്ചിട്ട് ഇതുവരെ ഒരു കുറ്റപത്രം പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നിട്ട് ആ കേസില്‍ നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സരിതയെ വിളിച്ച് വരുത്തി. എന്നിട്ട് ഇപ്പോള്‍ നിങ്ങള്‍ സ്വപ്‌ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് സംസാരിക്കുന്നു. സ്വപ്‌ന കള്ളമാണ് പറയുന്നതെന്ന് വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ അവതരിപ്പിച്ച ആളെ കാണുമ്പോഴാണ് ചിരി വരുന്നതെന്നും സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍. അദ്ദേഹത്തെ നിങ്ങള്‍ വെള്ളപൂശി അകത്ത് വെച്ചു. അദ്ദേഹം പുസ്തകമെഴുതി. അപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്‌ന സുരേഷ് കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. അതിന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ടുനീതിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."