ബാവ അടുത്തില്ലാതെ ആ ഉമ്മ യാത്രയായി
ടി മുംതാസ്
കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന തന്റെ പൊന്നുമോന്‍ ബാവ അടുത്തില്ലാതെ, അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ, അവന് വന്നുപെട്ട ദുരിതം പോലും തിരിച്ചറിയാന്‍ കഴിയാതെ ആ ഉമ്മ യാത്രയായി. ഹാത്രസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മകന്‍ സിദ്ദിഖ് കാപ്പന് ഡ ല്‍ഹിയില്‍ എന്തോ ബുദ്ധിമുട്ടുണ്ട് എന്ന് മാത്രമേ അവസാന നിമിഷവും കദീജക്കുട്ടി ഉമ്മയ്ക്ക് അറിയുമായിരുന്നുള്ളൂ. യു.പി പൊലിസ് അന്യായായി അറസ്റ്റ് ചെയ്ത യു.എ.പി.എ ചുമത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വന്നുപെട്ട ദുര്യോഗത്തെക്കുറിച്ച് കുടുംബം ഉമ്മയെ അറിയിച്ചിരുന്നില്ല. അത് അവര്‍ക്ക് താങ്ങാന്‍ കഴിയില്ലായിരുന്നു. ഡല്‍ഹിയിലുള്ള മകന്‍ ഉടന്‍ തന്റെ അടുത്തെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആ ഉമ്മ. മാസങ്ങളായി രോഗ ശയ്യയിലായ കദീജ ഇമ്മക്ക് ബോധം കിട്ടുമ്പോഴെല്ലാം ചുറ്റും തിരഞ്ഞിരുന്നത് അവര്‍ ബാവ എന്നു വിളിച്ച സിദ്ദിഖ് കാപ്പനെയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കാപ്പന്‍ അറസ്റ്റിലായിരുന്നെങ്കിലും ഉമ്മയെ അറിയിച്ചിരുന്നില്ല. അന്വേഷിക്കുമ്പോഴൊക്കെ പല കള്ളങ്ങള്‍ പഞ്ഞ് കുടുംബം ഉമ്മയില്‍ നിന്നും വിവരം മറച്ചു വച്ചു.
അസുഖം മൂര്‍ച്ഛിച്ചതിനെ ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് ഫെബ്രുവരി 15ന് സുപ്രീംകോടതി അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് 17ന് വീട്ടിലെത്തിയ കാപ്പന്‍ ഉമ്മയെ കണ്ട് അഞ്ച് ദിവസത്തിനു ശേഷം വേങ്ങര പൂച്ചോലമാട്ടിലെ വീട്ടില്‍ നിന്നും 22ന് വൈകീട്ട് നാലരയ്ക്കാണ് മടങ്ങിയത്.
തനിക്ക് അവിടെ ചെറിയ ബുദ്ധിമുട്ടുണ്ട് എന്നുംഉമ്മ ദുആ ചെയ്യണമെന്നും പറഞ്ഞാണ് കാപ്പന്‍ അന്നു യാത്ര പറഞ്ഞത്.
രോഗം മൂര്‍ഛിച്ച് ആരെയും തിരിച്ചറിയാതെ കിടന്നിരുന്ന ഉമ്മയുടെ രോഗാവസ്ഥയ്ക്ക് സിദ്ദീഖ് എത്തി ഒരു ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ മാറ്റമുണ്ടായിരുന്നു. എന്നാല്‍ മകന്‍ പോയതോടെ വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. കാപ്പന് അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ ഉമ്മ വിട വങ്ങിയതോടെ അന്യായമായി തടവിലാക്കാപ്പെട്ട മലയാളികളുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചരിത്രത്തിലേക്ക് ഒരധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്.
മുഹമ്മദ് കുട്ടി കാപ്പന്‍-കദീജക്കുട്ടി ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനാണ് സിദ്ദിഖ് കാപ്പന്‍. രാജ്യദ്രോഹ കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്ത കാപ്പനും സഹ യാത്രികര്‍ക്കും എതിരേ യു .പി പോലിസ് ചുമത്തിയ കേസുകളിലൊന്ന് കഴിഞ്ഞ ദിവസം മഥുര കോടതി റദ്ദാക്കി. ഹാഥ്റസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയവരെന്ന കുറ്റം ചുമത്തി എടുത്ത കേസാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്. രാജ്യദ്രോഹം, യു എ പി എ വകുപ്പുകള്‍ ഒഴിവാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."