കോളഭീമനെതിരേ സി.ആര്‍ 7 ഗോളടിക്കുമ്പോള്‍
യു.എച്ച് സിദ്ദീഖ്
ഒളിംപിക്‌സ് ജേതാവ് ജെസി ഓവന്‍സ്, ബോക്‌സിങ് താരം മുഹമ്മദാലി, ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ... കളിക്കളത്തിലും പുറത്തും സാമ്രാജ്യത്വ അധിനിവേശത്തിനും വംശീയതയ്ക്കുമെതിരേ പൊരുതിയ കായികതാരങ്ങളുടെ നീണ്ടനിര
നമുക്കു മുന്നിലുണ്ട്. പുതിയ കാലത്ത് കോര്‍പറേറ്റ് അധിനിവേശത്തിനെതിരേയാണ് കായികതാരങ്ങള്‍ പ്രതിരോധം ഉയര്‍ത്തുന്നത്. വാക്കുകളും നീക്കങ്ങളും കൊണ്ട് അവര്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്കെതിരേ പ്രഹരം തീര്‍ക്കുന്നു. പോര്‍ച്ചുഗലിന്റെ സൂപ്പര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ബ്രാന്‍ഡ് മൂല്യത്താല്‍ കോളഭീമനെ പ്രഹരിച്ചതും ലോകം കൈയടികളോടെ സ്വീകരിച്ചു.
യൂറോ കപ്പ് പോരാട്ടത്തിനു ശേഷം നടത്തിയ മാധ്യമ സമ്മേളനത്തില്‍ രണ്ട് കോളക്കുപ്പികള്‍ ക്രിസ്റ്റ്യാനോ എടുത്തുമാറ്റിയപ്പോള്‍ കൊക്കകോളയുടെ വിപണിയില്‍ ഇടിഞ്ഞുവീണത് 400 കോടി യു.എസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 29,355 കോടി. ക്രിസ്റ്റ്യാനോയുടെ പാത പിന്തുടര്‍ന്ന് ഫ്രഞ്ച് താരം പോള്‍ പോഗ്ബ എടുത്തുമാറ്റിയത് തന്റെ മുന്നിലിരുന്ന ബിയര്‍ കുപ്പിയാണ്. കളിക്കളത്തിലും പുറത്തും തങ്ങളുടെ രാഷ്ട്രീയവും നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന താരങ്ങള്‍ അപൂര്‍വമാണ്. സ്റ്റാറല്ലെങ്കില്‍ എന്നന്നേക്കുമായി അത്തരം താരങ്ങള്‍ക്ക് കളം വിടേണ്ടിവരുമെന്നതു തന്നെ കാരണം.
രാഷ്ട്രവും രാഷ്ട്രീയവും ഭരണകൂടങ്ങളും കായിക ഭരണവുമൊക്കെയായി ഇഴപിരിയാത്ത ബന്ധമുള്ളവരാണ് കോര്‍പറേറ്റ് ഭീമന്മാര്‍. യൂറോപ്പിന്റെ കാല്‍പ്പന്തു രാജാവിനെ നിര്‍ണയിക്കാന്‍ യൂറോ കപ്പില്‍ പന്തുരുണ്ടു തുടങ്ങിയതോടെ വേറിട്ട കാഴ്ചകളിലൂടെയാണ് സഞ്ചാരം. യൂറോ കപ്പിന്റെ പ്രധാന സ്‌പോ
ണ്‍സര്‍മാരാണ് കൊക്കകോളയും ഡച്ച് ബിയര്‍ നിര്‍മാതാക്കളായ ഹെയ്‌നകെനും. മത്സരത്തിനു മുന്‍പും ശേഷവുമുള്ള മാധ്യമസമ്മേളനങ്ങളില്‍ സ്‌പോ
ണ്‍സര്‍മാരുടെ ലോഗോയും ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിക്കുക ഏതു ടൂര്‍ണമെന്റുകളിലെയും പതിവുകാഴ്ചയും രീതിയുമാണ്. പതിവു തെറ്റിക്കാനും ഇതിനെ ചോദ്യം ചെയ്യാനും താരങ്ങള്‍ തയാറാകില്ല. ഈ പതിവുരീതികള്‍ക്കു നേരെയാണ് ക്രിസ്റ്റ്യാനോയും പോഗ്ബയും അപ്രതീക്ഷിതമായി ഗോളടിച്ചത്.
കളിക്കളത്തിലും പുറത്തും എക്കാലത്തും താരങ്ങള്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. വംശീയതയ്‌ക്കെതിരേയുള്ള പോരാട്ടങ്ങളായിരുന്നു അവയിലേറെയും. രാജ്യത്തിന്റെയും ജനതയുടെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച പോരാട്ടങ്ങള്‍. കളിക്കളങ്ങളില്‍ കോടികള്‍ ഇറക്കുന്ന കോര്‍പറേറ്റുകള്‍ക്കെതിരേ പ്രതികരണങ്ങളും പ്രതിഷേധങ്ങളും അപൂര്‍വമായേ സംഭവിക്കാറുള്ളൂ. കോര്‍പറേറ്റ് പണക്കിലുക്കത്തിനെതിരേ നാവുയര്‍ത്താന്‍ മൈതാനങ്ങളിലെ ഇതിഹാസ താരങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. പൊന്‍മുട്ടയിടുന്ന കോര്‍പറേറ്റുകളുമായി ചങ്ങാത്തം കൂടാന്‍ മത്സരിക്കുന്നവരാണേറെയും. കായികമാമാങ്കങ്ങളുടെ നിലനില്‍പ്പു തന്നെ കോര്‍പറേറ്റ് കൈത്താങ്ങിനു മുകളിലാണ്. പ്രത്യേകിച്ച്, കായികം കച്ചവടമായി മാറിയ കാലത്ത്. ക്രിസ്റ്റ്യാനോയുടെ നടപടിയെ 'എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്, രുചികളും'... പത്രക്കുറിപ്പില്‍ ഒതുക്കി കൊക്കകോള കമ്പനിയുടെ പ്രതികരണം. ലോകം പ്രിയംവയ്ക്കുന്ന സി.ആര്‍ 7 എന്ന ബ്രാന്‍ഡിനു മീതേ ഇതിനപ്പുറം ഒരു കുത്തകഭീമനും കാര്യമായൊന്നും ചെയ്യാനില്ല. കരുതലോടെയുള്ള നീക്കമല്ലെങ്കില്‍ നഷ്ടം ഇതിലേറെയാവുമെന്ന തിരിച്ചറിവാണത്. മുഖ്യ സ്‌പോണ്‍സറെ വെട്ടിലാക്കിയ നീക്കത്തില്‍ യൂറോ കപ്പ് സംഘാടകരായ യുവേഫ നീരസം പ്രകടിപ്പിച്ചെങ്കിലും അവര്‍ക്കും നടപടിക്കൊന്നും ധൈര്യം പോര. ക്രിസ്റ്റ്യാനോയുടെ പ്രഹരത്തിന്റെ പ്രകമ്പനം എത്രമാത്രമാകുമെന്നത് 'വാറി'ലൂടെ ഇഴപിരിച്ചു നോക്കാനാവില്ലെന്നതു തന്നെ. കളത്തിനു പുറത്തെ താരങ്ങളുടെ നീക്കങ്ങള്‍ യുവേഫയെ ചൊടിപ്പിക്കുന്നുണ്ട്. സ്‌പോണ്‍സര്‍മാര്‍ ഇല്ലെങ്കില്‍ ടൂര്‍ണമെന്റുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പ് നല്‍കുമ്പോഴും നടപടിയും ഇടപെടലും നടത്തേണ്ടത് അതതു ഫെഡറേഷനുകളെന്ന് വ്യക്തമാക്കി യുവേഫയും തലയൂരുന്നു.
കളിക്കളത്തിലും പുറത്തും മുന്‍പും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍ ജനതയെ സി.ആര്‍ 7 പിന്തുണയ്ക്കുന്നതും ലോകം കണ്ടു. 2013ലെ ഇസ്‌റാഈല്‍-പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ജഴ്‌സി കൈമാറാന്‍ വിസമ്മതിച്ച ക്രിസ്റ്റ്യാനോയ്ക്ക് ലോകം കൈയടിച്ചു. ഇസ്‌റാഈല്‍ പതാകയുള്ള ടി ഷര്‍ട്ട് ധരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് സി.ആര്‍ 7 തുറന്നടിച്ചു. 2012ല്‍ തനിക്കു ലഭിച്ച മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ലേലം ചെയ്തു കിട്ടിയ തുക ഗസ്സയ്ക്ക് കൈമാറി. 2016ലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ അനാഥനായ ബാലനെ റയല്‍ മാഡ്രിഡ് പരിശീലന കേന്ദ്രത്തില്‍ എത്തിച്ച് ജഴ്‌സി കൈമാറി ക്രിസ്റ്റ്യാനോ അധിനിവേശത്തിനെതിരേയുള്ള തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി.
വിശപ്പെന്ന സത്യം നന്നായി അനുഭവിച്ചറിഞ്ഞ ബാല്യത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ വരവ്. പാചകക്കാരിയായ അമ്മ സ്‌കൂളില്‍നിന്ന് കൊണ്ടുവന്നിരുന്ന ബാക്കി ഭക്ഷണത്തില്‍ വിശപ്പടക്കിയ ബാല്യം. വീടിനു സമീപത്തെ പീടികയില്‍ ഒഴിവാക്കപ്പെടുന്ന ബണ്ണ് കഴിക്കാനായി വൈകുവോളം കാത്തിരുന്ന കാലം. സമ്പന്നതയിലൂടെ സഞ്ചരിക്കുമ്പോഴും ക്രിസ്റ്റ്യാനോയെ വ്യത്യസ്തനാക്കുന്നതും കടന്നുവന്ന സാഹചര്യങ്ങള്‍ തന്നെയാണ്. സി.ആര്‍ 7ന്റെ നീക്കത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുമുണ്ട്. എക്കാലത്തും കുത്തകകള്‍ക്കായി കൈയടിക്കുന്നവര്‍. 2006ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കുന്ന കാലത്തെ വിഡിയോ കാണിച്ച് ക്രിസ്റ്റ്യാനോയുടെ നടപടിയെ ഇരട്ടത്താപ്പെന്ന് പരിഹസിക്കുന്നു-മുന്‍പ് കൊക്കകോള പരസ്യത്തില്‍ അഭിനയിച്ച വിഡിയോ. എന്നാല്‍ കൊക്കകോളയ്‌ക്കെതിരേ മുന്‍പും പ്രതികരിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ. മകന്‍ കോള കുടിക്കുന്നതും ചിപ്‌സ് കഴിക്കുന്നതും അസഹ്യമാണെന്ന് ലോക ഫുട്‌ബോളിലെ ഗോള്‍ മെഷീന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ 'കോള ഉപേക്ഷിച്ച് കുടിവെള്ളം ശീലമാക്കാനുള്ള' ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഹ്വാനത്തിന് കൈയടിക്കാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."