കേരളത്തിൻ്റെ പൊതുകടം വർധിച്ചു; ധവളപത്രമില്ല ,3,32,291 കോടി
തിരുവനന്തപുരം
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതുകടവും വർധിച്ചതായി സർക്കാർ നിയമസഭയെ അറിയിച്ചു.
അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം 2022 മാർച്ച് 31 വരെ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടി രൂപയാണെന്ന് ധനകാര്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ. രാധാകൃഷ്‌ണനാണ് സഭയെ അറിയിച്ചത്.
2010-11 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2015-16 ആയപ്പോൾ ബാധ്യത ഇരട്ടിയായി. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും കൊവിഡും പ്രകൃതിദുരന്തങ്ങളുമാണ് കടം വർധിക്കാൻ കാരണമെന്നും വിശദീകരിച്ചു.
പ്രതിപക്ഷ അംഗങ്ങളായ നജീബ് കാന്തപുരം, എൻ. ഷംസുദ്ധീൻ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്റാഹിം എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി പറഞ്ഞത്.
കടം വർധിച്ച സാഹചര്യത്തിൽ ധവള പത്രം ഇറക്കാൻ സർക്കാർ തയാറാവുമോ എന്ന അംഗങ്ങളുടെ ചോദ്യത്തിന് അതിനുള്ള സാഹചര്യം നിലവിലില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിലവിലെ ബാധ്യതകൾ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും വിശദീകരിച്ചു. നികുതിയിനത്തിലെ വർധനയും വൈദ്യുതി നിരക്ക് കൂട്ടിയതും പ്രതിപക്ഷം ഉന്നയിച്ചു. അതേസമയം, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കടം കുറഞ്ഞെന്ന് കണക്കുകൾ വച്ച് മന്ത്രി വിശദീകരിച്ചു. ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താരതമ്യം ചെയ്ത പ്രതിപക്ഷത്തെ മന്ത്രി വിമർശിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും കേരളത്തിന് ആവശ്യമുള്ള കെ റെയിൽ പോലുള്ള പദ്ധതികളുമായി മുന്നോട്ടുപോകും. കടം എടുക്കാതെ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയില്ല. കടം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2020-21 അവസാനം മൊത്തം ബാധ്യതയിൽ 2015-16 നെ അപേക്ഷിച്ചുള്ള വളർച്ച 88.66 ശതമാനത്തിൽ പരിമിതപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
അശാസ്ത്രീയ ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതി വരുമാനം കുറയുന്ന സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കായി നടപ്പാക്കിയ ജി.എസ്.ടി നഷ്ടപരിഹാരം തുടരുന്നതിനായി സംസ്ഥാനം നിരന്തരം ആവശ്യം ഉന്നയിച്ചുവരികയാണ്.
ധനകാര്യമന്ത്രി ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയാണെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."