മുഹമ്മദ് സുബൈർ 4 ദിവസം പൊലിസ് കസ്റ്റഡിയിൽ
ന്യൂഡൽഹി
പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാലു ദിവസം പൊലിസ് കസ്റ്റഡിയിൽ വിട്ട് പട്യാല ഹൗസ് മെട്രൊപൊളിറ്റൻ കോടതി. 2018 ലെ ട്വീറ്റിൻ്റെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ഡൽഹി പൊലിസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. രാത്രി തന്നെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഒരു ദിവസം പൊലിസ് കസ്റ്റഡിയിൽ വിട്ടു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. ഡൽഹി പൊലിസ് അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും നാലു ദിവസമാണ് അനുവദിച്ചത്.
ഒരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. 1983 ലെ ഒരു സിനിമയുടെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ചിത്രം എഡിറ്റ് ചെയ്തിട്ടില്ല. ഹണിമൂൺ ആഘോഷിക്കുന്നവരെ കുറിച്ചുള്ള തമാശയാണ് ട്വീറ്റ് ചെയ്തതെന്നും അഭിഭാഷക പറഞ്ഞു.
സുബൈറിന്റെ അറസ്റ്റ് അസ്വസ്ഥമാക്കുന്നതായും അപലപിക്കുന്നതായും ഉടൻ മോചിപ്പിക്കണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു. സുബൈറിനെ വിട്ടയക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ഓൺലൈനിലും ഓഫ് ലൈനിലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ജി 7 യോഗം ചേരുമ്പോഴാണ് സുബൈറിന്റെ അറസ്റ്റെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."