സി.ബി.ഐ അന്വേഷണത്തിന് തയാറുണ്ടോ: സതീശൻ
തിരുവനന്തപുരം
സ്വർണക്കടത്തു കേസിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തയാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതു പോലെ ഈ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു.
ചർച്ചയിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് സ്വപ്നയെ കൊണ്ടുനടക്കുന്നത് സി.പി.എമ്മും സംഘ്പരിവാറുമാണെന്ന് ആരോപിച്ചു.
അടിയന്തരപ്രമേയത്തിൽ ഉന്നയിച്ച വിഷയത്തിലേക്ക് വരാതെ സി.പി.എം സ്ഥിരമായി പറയുന്ന സംഘ്പരിവാർ- കോൺഗ്രസ് അജൻഡയാണെന്ന ക്ലീഷെ വാചകം മുഖ്യമന്ത്രി ആവർത്തിക്കുക മാത്രമാണ് സഭയിൽ ചെയ്തത്. മുഖ്യമന്ത്രി നിരപരാധി ആണെങ്കിൽ നിയമപരമായ മാർഗങ്ങൾ തേടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മറുപടിയില്ല.
സ്വർണക്കടത്തിൽ ഒരു വർഷം മുൻപുണ്ടായ വെളിപ്പെടുത്തലിനെ തുടർന്ന് എല്ലാവർക്കും കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. മറുപടിയിൽ, ദുബൈയിലേക്ക് നയതന്ത്ര ചാനൽ വഴി ബാഗ് കൊണ്ടുപോയിട്ടുണ്ടെന്ന് ശിവശങ്കർ മറുപടി നൽകി. എന്നാൽ ബാഗ് കൊണ്ടു പോകാൻ മറന്നിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് നയതന്ത്ര ചാനലിലൂടെ സ്കാനിങ് കഴിഞ്ഞ ശേഷമാണ് ബാഗ് കൊണ്ടുപോയതെന്നാണ്.
ബാഗ് കൊണ്ടുപോയിട്ടില്ലെന്ന് നിയമസഭയിൽ ഉത്തരം നൽകിയ ആളാണ് മാറ്റിപ്പറഞ്ഞത്. മുഖ്യമന്ത്രിയുടെ മറുപടിയോടെ ദുരൂഹതകൾ വർധിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."