പ്രണയം നിരസിച്ചതിന് കൊല: കത്തിയും പ്രതിയുടെ ചെരിപ്പും കണ്ടെടുത്തു
സ്വന്തം ലേഖകന്‍
പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ പകയില്‍ പെരിന്തല്‍മണ്ണ ഏലംകുളത്ത് 21 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ് വിനോദു (21) മായി പൊലിസ് തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിലും അഗ്‌നിക്കിരയാക്കിയ പിതാവിന്റെ കടയിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലചെയ്യാന്‍ ഉപയോഗിച്ച കത്തി, കൊലക്കുശേഷം രക്ഷപ്പെടുമ്പോള്‍ ഉപേക്ഷിച്ച വിനീഷിന്റെ ഒരു ചെരുപ്പ് എന്നിവ വീട്ടില്‍നിന്ന് പൊലിസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി വിനീഷ് പൊലിസിന് വിശദീകരിച്ചതിങ്ങനെ:
ദൃശ്യയുടെ വീടിന് പിന്നിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരുമണിക്കൂറോളം ഒളിച്ചിരുന്നതിനുശേഷമാണ് അടുക്കള ഭാഗത്തുകൂടെ വീട്ടിലേക്ക് കയറിയത്. കൊലപാതകത്തിനായി കൈയില്‍ കരുതിയ കത്തിക്ക് മൂര്‍ച്ചയില്ലെന്ന സംശയത്തില്‍ അടുക്കളയില്‍ നിന്ന് കറിക്കത്തിയും കൈക്കലാക്കി. പിന്നീട്, വീടിന്റെ മുകള്‍നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാല്‍, താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയംനോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ കാത്തുനിന്നു. എന്നിട്ടും കാണാതായതോടെ ഉറങ്ങിക്കിടക്കുകയാണെന്ന് മനസിലായി. ആക്രമിക്കാനായി തയാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിയത്. നിലവിളി ഉയര്‍ന്നതോടെ വീട്ടില്‍നിന്ന് പുറത്തിറങ്ങി പിന്നിലെ പൈപ്പില്‍ നിന്ന് കൈയിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. തുടര്‍ന്ന് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു.
പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സി.കെ സ്റ്റോര്‍സ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനുസമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നല്‍കി. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും വിനീഷിനെയെത്തിച്ച് തെളിവെടുപ്പ് നടത്തി.കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവയ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് പറഞ്ഞു. ദൃശ്യയുടെ സമീപവാസികളില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. ദൃശ്യയെ കൊല്ലുമെന്ന് പലരോടും പ്രതി പറഞ്ഞിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതി കുറ്റംചെയ്തത് തനിച്ചുതന്നെയാണെന്ന് അന്വേഷണ ചുമതലയുള്ള പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.എം ദേവസ്യ പറഞ്ഞു. പരിശോധനയുടെ ഭാഗമായി ഫോറന്‍സിക് വിദഗ്ധരും തെളിവെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."