പട്ടേല്‍ ഇന്ന് മടങ്ങുന്നു; ലൈറ്റണച്ച് പാത്രംകൊട്ടി പ്രതിഷേധിച്ച് ജനങ്ങള്‍
സ്വന്തം ലേഖകന്‍
കവരത്തി: ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് ജനത വൈദ്യുതി വിളക്കുകള്‍ അണച്ച് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കി യാത്രയാക്കി. ഏഴുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പട്ടേല്‍ പ്രതിഷേധം അലയടിക്കുന്ന ദ്വീപില്‍നിന്ന് മടക്കം ഒരുദിവസം നേരത്തെയാക്കി. നാളെ മടങ്ങാന്‍ നിശ്ചയിച്ചിരുന്ന പട്ടേല്‍ ഇന്ന് രാവിലെ കവരത്തിയില്‍നിന്ന് അഗത്തി വഴി തിരികെപോകും.
പട്ടേല്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ദ്വീപില്‍നിന്ന് തിരിച്ചേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് രാത്രി നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടി ഇന്നലെ തന്നെ നടത്താന്‍ തീരുമാനിച്ചത്. രാത്രി ഒന്‍പതിനുശേഷം പത്തുമിനിട്ട് ലൈറ്റുകള്‍ അണച്ച് എല്ലാവരും മെഴുകുതിരി വെളിച്ചത്തില്‍ പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കിയാണ് പ്രതിഷേധിച്ചത്.
ദ്വീപിലേക്ക് വന്ന ദിവസം മുതല്‍ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു. കരിദിനമാചരിച്ച് ആദ്യദിവസം പ്രതിഷേധിച്ച ജനങ്ങള്‍ എല്ലാ ദിവസവും ലോക്ക്ഡൗണിലായ ദ്വീപുകളില്‍ വീടുകളില്‍ ഇരുന്ന് വ്യത്യസ്തമായി സമരങ്ങള്‍ നടത്തി. ഇന്നലെ പകല്‍ പിരിച്ചുവിട്ട കരാര്‍ തൊഴിലാളികള്‍ പ്ലക്കാര്‍ഡുകളുമായി സമരരംഗത്ത് എത്തി. പട്ടേലിന് നിവേദനം നല്‍കുന്നതിനായി സേവ് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ സമയം ചോദിച്ചിരുന്നെങ്കിലും ഇന്നലെ വൈകിട്ടുവരെ നല്‍കിയിരുന്നില്ല. ജനപ്രതിനിധികള്‍ പൂര്‍ണമായും അഡ്മിനിസ്‌ട്രേറ്ററെ ബഹിഷ്‌കരിച്ചതോടെ പതിവിന് വിരുദ്ധമായി ദ്വീപ് സന്ദര്‍ശനങ്ങള്‍ പട്ടേല്‍ നടത്തിയില്ല.
ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളും ഫയലുകള്‍ തീര്‍പ്പാക്കലും മാത്രമാണ് നടത്തിയത്. സ്മാര്‍ട്ട് സിറ്റി, വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം, ടൂറിസം സ്വകാര്യവല്‍ക്കരണം, സീ പ്ലെയ്ന്‍ പദ്ധതി,
ആശുപത്രിക്കും പാരാമെഡിക്കല്‍ കോളജ്, നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിര്‍മാണങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍. ജനപ്രതിനിധികളെയും ദ്വീപുകാരായ ഉദ്യോഗസ്ഥരെയും ഒഴിവാക്കി കൊണ്ടായിരുന്നു ചര്‍ച്ചകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."