ഹജ്ജ് 2023: ആദ്യസംഘം ഞായറാഴ്ച വിശുദ്ധ ഭൂമിയിൽ ഇറങ്ങും
ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജിൽ പങ്കെടുക്കാനുള്ള വിദേശ ഹാജിമാരുടെ ആദ്യസംഘം ഈ മാസം 21 ന് വിശുദ്ധ ഭൂമിയിൽ ഇറങ്ങും. ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ഹാജിമാരെ എത്തിക്കുന്ന വിമാനങ്ങൾക്ക് സഊദി ജനറൽ അതോറ്റി ഓഫ് സിവിൽ ഏവിയേഷൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘവും മെയ് 21 നെത്തും.
ജൂൺ 22 ന് രാത്രി വരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരുടെ വരവ് തുടരും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക. ഓഗസ്റ്റ് രണ്ടിന് അർധരാത്രിയോടെ മുഴുവൻ വിദേശ ഹാജിമാരും സഊദി അറേബ്യ വിടും.
400 ലധികം യാത്രക്കാരുള്ള വിമാനങ്ങൾക്ക് നാലു മണിക്കൂർ സമയം അനുവദിക്കും. ഹാജിമാരെ എത്തിക്കുമ്പോൾ സഊദി വിമാനത്താവളങ്ങളിൽ രണ്ട് മണിക്കൂറിലധികവും തിരിച്ചുകൊണ്ടുപോകുമ്പോൾ മൂന്നു മണിക്കൂറിലധികവും തങ്ങാൻ പാടില്ല. എല്ലാ വിമാനകമ്പനികളും
ഹാജിമാരെ തിരിച്ചുകൊണ്ടുപോകുമെന്നുള്ള ഉറപ്പിന് പ്രത്യേക ബാങ്ക് ഗ്യാരന്റി നൽകണം തുടങ്ങിയുള്ള മാനദണ്ഡങ്ങൾ സഊദി ജനറൽ അതോറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരൊറ്റ ഹാജിയും മൂന്നുമാസത്തിലധികം സഊദിയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം, മെയ് 21 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച ക്രമീകരണങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ നേരത്തെ അറിയിച്ചിട്ടുണ്ട്. 1,40,020 തീർഥാടകരാണ് ഇത്തവണ ഹജ്ജ് കമ്മറ്റി വഴി എത്തുക. നാലായിരത്തിലധികം തീർഥാടകർ മഹറമില്ലാതെയാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നത്. 35,005 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയും എത്തും. 12 വയസ്സിന് മുകളിലുള്ള ആർക്കും പ്രായപരിധിയില്ലാതെ വരാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."