പാക് സൈന്യം ചോദ്യം ചെയ്യപ്പെടുന്നു
രാജാജി മാത്യു തോമസ്
പാകിസ്താനിലെ സമീപകാല സംഭവവികാസങ്ങൾ ആ രാജ്യത്തിന്റെ ഏഴര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ ആദ്യമായി അവിടെ നിലനിന്നുപോന്ന രാഷ്ട്രീയ ബലതന്ത്രത്തിനു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്‌ലാമബാദ് കോടതിവളപ്പിൽനിന്ന് അർധസൈനിക പാകിസ്താൻ റേഞ്ചേഴ്‌സ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തതും തുടർന്ന് പാകിസ്താൻ സുപ്രിംകോടതി ഇടപെട്ട് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചതുമടക്കം നാടകീയ സംഭവങ്ങൾ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും ആ രാജ്യത്തിന്റെ രാഷ്ട്രീയത്തെ അക്ഷരാർഥത്തിൽ നിയന്ത്രിച്ചുപോന്ന സൈനിക സംവിധാനത്തിന്റെപ്രാമുഖ്യത്തെയാണ് ചോദ്യംചെയ്യുന്നത്. പാകിസ്താന്റെ ചരിത്രത്തിൽ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ട സിവിലിയൻ ഭരണകൂടത്തിനോപ്രധാനമന്ത്രിമാർക്കോ കാലാവധി പൂർത്തിയാക്കാനായിട്ടില്ല.
അവയുടെയെല്ലാം അന്ത്യംകുറിച്ചത് സൈനിക ഇടപെടലിലൂടെ ആയിരുന്നുവെന്നുമാത്രമല്ല, സൈനിക ജനറൽമാർ അധികാരം പിടിച്ചെടുക്കുന്നത് ജനങ്ങൾ പൊതുവിൽ സ്വാഗതംചെയ്യുകയും പതിവായിരുന്നു.
ഇന്ത്യാ വിഭജനത്തെത്തുടർന്നുണ്ടായ അഭയാർഥി പ്രവാഹത്തിലും ഹിംസാത്മകമായ രാഷ്ട്രീയാന്തരീക്ഷത്തിലും തുടർന്ന് ഉണ്ടായ ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങളിലും പതിറ്റാണ്ടുകൾ നീണ്ട അഫ്ഗാൻ പ്രശ്‌നത്തിലും രാജ്യത്തുതന്നെ വളർന്നുവന്ന ഭീകരപ്രവർത്തനങ്ങൾ ഉയർത്തിയ വെല്ലുവിളിയിലും പാക് ജനതക്ക് ആശ്രയിക്കാവുന്ന മുഖ്യശക്തിയായി ജനങ്ങൾ സൈന്യത്തെ നോക്കിക്കണ്ടിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിൽ വ്യാപക അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയപാർട്ടികൾ തമ്മിലും അതത് പാർട്ടികൾക്കുള്ളിലുമുള്ള തർക്കങ്ങളിലും ചേരിപ്പോരുകളിലും സൈന്യം മധ്യസ്ഥനും വിധികർത്താവുമായി അംഗീകരിക്കപ്പെട്ടിരുന്നു. ദാരിദ്ര്യവും സാമ്പത്തിക ക്ലേശങ്ങളും സാമാന്യ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുമ്പോഴും സൈന്യം താരതമ്യേന സാമ്പത്തിക സുരക്ഷിതത്വവും വിശേഷാവകാശങ്ങളും ആസ്വാദിച്ചുപോന്നു. സൈന്യമാണ് രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമയും വ്യവസായ-വാണിജ്യ കോർപറേറ്റുമെന്നു പറഞ്ഞാലും തെറ്റില്ല. പാക് സൈന്യം യഥാർഥത്തിൽ ജനകീയ സമ്മതിദാനം കൂടാതെ രാഷ്ട്രീയാധികാരം കൈയാളുന്ന 'ഡീപ്‌സ്റ്റേറ്റായി' രൂപാന്തരം പ്രാപിച്ചിരുന്നു. ഇമ്രാൻ ഖാന്റെയും തുടർന്ന് പാർലമെന്ററി അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഷഹബാസ് ശരീഫിന്റെയും അധികാരാരോഹണത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തിയും മറ്റൊന്നല്ല. ഈ പശ്ചാത്തലത്തിൽവേണം പാകിസ്താനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിലയിരുത്തപ്പെടാൻ.
പാകിസ്താൻ രാഷ്ട്രീയത്തിൽ പരസ്പരം മത്സരിക്കുന്ന പ്രമുഖ കക്ഷികളായ പാകിസ്താൻ പീപ്പിൾസ് പാർട്ടി, പാകിസ്താൻ മുസ്‌ലിം ലീഗ് എന്നിവയെ നയിക്കുന്നത് ഭൂട്ടോ, ശരീഫ് കുടുംബങ്ങളാണ്. അവസരോചിതമായി ഇരുവരെയും തമ്മിലടിപ്പിച്ചും പിന്തുണച്ചും അഴിമതിക്കാരും നിക്ഷിപ്ത താൽപര്യക്കാരുമായി ചിത്രീകരിച്ചും അധികാരത്തിന്റെ കടിഞ്ഞാൺ പാകിസ്താൻ സൈന്യത്തിന്റെ കൈകളിലാണെന്ന് അവർ ഉറപ്പുവരുത്തിയിരുന്നു. ഇമ്രാൻ ഖാൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടിക്ക് രൂപംനൽകിയതോടെ മറ്റ് രണ്ട് പാർട്ടികളെയും കൈയൊഴിഞ്ഞു സൈന്യം ഖാന് പിന്തുണ നൽകി. 2013 ലെ തെരഞ്ഞെടുപ്പിൽ പി.ടി.ഐ രാജ്യത്തെ പ്രമുഖ പാർട്ടിയായി അംഗീകരിക്കപ്പെട്ടിരുന്നു. ക്രിക്കറ്റ് താരത്തിന്റെ പ്രതിച്ഛായയും അഴിമതിക്കെതിരായ പ്രഖ്യാപനങ്ങളും സമൂഹമാധ്യമങ്ങളുടെ വിപുലമായ ഉപയോഗവും ഇസ്‌ലാമിക മതമൂല്യങ്ങളോടുള്ള വിധേയത്വവും സൈന്യത്തിന്റെ പരോക്ഷമായ പിന്തുണയും 2018ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരാൻ ഖാന് സഹായകമായി. അധികാരത്തിൽവന്ന ഖാൻ പല ജനക്ഷേമ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു. എന്നാൽ സൈന്യത്തിന്റെ തലപ്പത്ത് പൊട്ടിപ്പുറപ്പെട്ട ചേരിപ്പോരിൽ പക്ഷം ചേർന്നതോടെ അന്നത്തെ പാക് സൈനിക മേധാവി ആയിരുന്ന ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ ക്രോധത്തിനു പാത്രമായി.
അതാണ് അധികാരത്തിൽവന്നപ്പോൾ രാജ്യത്ത് ആദ്യമായി കാലാവധി പൂർത്തിയാക്കുന്ന പ്രധാനമന്ത്രി താനായിരിക്കുമെന്ന് അവകാശപ്പെട്ട ഖാന് 2022 ഏപ്രിലിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തുപോകേണ്ടിവന്നത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് പരസ്പരം പോരടിച്ചിരുന്ന സംയുക്ത പ്രതിപക്ഷം ഇമ്രാൻ ഖാനെ പുറത്താക്കിയതും ഷഹബാസ് ശരീഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതും.
പാക് സൈനിക മേധാവി ബജ്‌വയും പാക് സൈന്യത്തിന്റെ ചാരസംഘടന ഇന്റർ സർവീസ് ഇന്റലിജിൻസ് മേധാവിയായിരുന്ന ജനറൽ ഫൈസ് ഹമീദുമായുള്ള അധികാരത്തർക്കത്തിൽ ഹമീദിന്റെ പക്ഷംചേർന്നതാണ് ഖാന് വിനയായത്. ഖാനെ അധികാരത്തിലേറ്റാനുള്ള സൈന്യത്തിന്റെ പിന്നാമ്പുറ പ്രവർത്തനങ്ങൾക്ക് ചരടുവലിച്ചിരുന്നതും ഭരണംനിലനിർത്താനുള്ള അവിഹിത ഇടപെടലുകൾക്ക് നേതൃത്വം നൽകിയിരുന്നതും ഹമീദായിരുന്നു.
ബജ്‌വ വിരമിക്കുമ്പോൾ ഹമീദ് മേധാവിയായാൽ അടുത്ത തെരഞ്ഞെടുപ്പിലും തനിക്ക് അധികാരത്തിലെത്താൻ ആവശ്യമായ പിന്തുണ ഹമീദ് നൽകുമെന്നായിരുന്നു ഇരുവരും തമ്മിൽ ധാരണ. എന്നാൽ ആ കണക്കുകൂട്ടലുകൾ പാളി. ജനറൽ അസിം മുനീർ അഹമ്മദാണ് പുതിയ സൈനിക മേധാവിയായി അധികാരമേറ്റത്. പാകിസ്താനിൽ സൈനിക മേധാവിയെ തീരുമാനിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിനു ഒരു പങ്കുമില്ലന്നുള്ളതാണ് വസ്തുത. 'സർക്കാരും സൈന്യവും ഒറ്റക്കെട്ടാണെ'ന്നു പറഞ്ഞിരുന്ന ഖാൻ അധികാരത്തിൽനിന്ന് പുറത്തായതോടെ സൈന്യത്തിന്റെ തുറന്ന വിമർശകനായി. സൈന്യത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലും റാലികളിലും ഖാൻ നടത്തിയ വിമർശനങ്ങൾ മുമ്പില്ലാത്തവിധം ജനങ്ങൾ സൈന്യത്തിനെതിരേ തിരിയാൻ പ്രേരകമായി. പഞ്ചാബ് പ്രവിശ്യയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ റാവൽപിണ്ടിയിലും നടന്ന തെരഞ്ഞെടുപ്പുകളിൽ പി.ടി.ഐ കൈവരിച്ച വിജയം സൈന്യത്തിനെതിരായ പ്രചാരണം ശക്തമാക്കാനുള്ള ഊർജം ഖാനും അണികൾക്കും നൽകി. സൈനിക നേതൃത്വം ആ പ്രചാരണങ്ങളിൽ തെല്ലു പകച്ചുപോയതായാണ് ഖാന്റെ അറസ്റ്റിനെത്തുടർന്നുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത്.
ഖാന്റെ അറസ്റ്റ് പാകിസ്താനിലുടനീളം സൈന്യത്തിനെതിരേ വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി.
പി.ടി.ഐ അണികൾ ലാഹോറിൽ സേനാ കമാൻഡറുടെ വസതി കൈയേറി തീവച്ചു. രാജ്യത്തുടനീളം സൈന്യത്തിന്റെ അനേകംവാഹനങ്ങളും പ്രതിഷ്ഠാപനങ്ങളും തീവച്ചു. സൈന്യത്തിനെതിരേ ഇത്തരത്തിലൊരു ആക്രമണം പാകിസ്താനിൽ കേട്ടുകേൾവിയില്ലാത്തതാണ്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയിൽ മനംമടുത്ത് മുൻകാലങ്ങളിൽ പട്ടാളനിയമത്തെ സ്വാഗതംചെയ്യാറുള്ള അതെ ജനതതന്നെയാണ് ഇപ്പോൾ അവർക്കെതിരേ തിരിഞ്ഞത്. സൈന്യത്തിന്റെ ജനപ്രീതിക്ക് ഇത്രയേറെ ഇടിവുതട്ടിയ മറ്റൊരവസരം പാകിസ്താൻ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. ഷഹബാസ് ശരീഫിന്റെ സിവിലിയൻ സർക്കാരല്ല സൈന്യമാണ് ഖാന്റെ അറസ്റ്റിനുപിന്നിലെന്ന തിരിച്ചറിവാണ് അവർക്കുനേരെ ജനരോഷം ആളിക്കത്താൻ കാരണമായത്. ജനരോഷം തടയാനും ശമിപ്പിക്കാനും സൈന്യം നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ലെന്നുമാത്രമല്ല ഇമ്രാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നൽകിയത് ഐ.എസ്.ഐയുടെ മേജർ ജനറൽ ഫൈസൽ നസീർ ആണെന്ന ഖാന്റെ ആരോപണം അനുയായികളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്.
ഇമ്രാൻ ഖാന് അനുകൂല ജനമുന്നേറ്റത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അടിസ്ഥാന പ്രശ്‌നം പാകിസ്താൻ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. വിലക്കയറ്റവും തെഴിലില്ലായ്മയും സാധാരണക്കാരും അടിസ്ഥാന ജനവിഭാഗങ്ങളും അനുഭവിക്കുന്നു. പാകിസ്താൻ കറൻസിയുടെ മൂല്യത്തകർച്ച മഹാഭൂരിപക്ഷത്തിന്റെയും ജീവിതം ദുസ്സഹമാക്കി. ഐ.എം.എഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുമായുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയാക്കാൻ ഷഹബാസ് ശരീഫ് ഭരണകൂടത്തിന് കഴിയാത്തത് ഭരണകൂടത്തിന്റെ കഴിവുകേടായി ജനങ്ങൾ വിലയിരുത്തുന്നു. അഫ്ഗാനിൽനിന്നുള്ള പിൻമാറ്റം, പാകിസ്താനിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യവും അവർ നടപ്പാക്കുന്ന വികസന പദ്ധതികൾ എന്നിവയും യു.എസും പാശ്ചാത്യശക്തികളും സംശയത്തോടെ വീക്ഷിക്കുന്നതും അവിടെനിന്നുള്ള സഹായങ്ങളുടെ ഉറവുകളും വറ്റിയിരിക്കുന്നു. മറുവശത്താകട്ടെ സാമാന്യ ജനങ്ങളിൽനിന്ന് വ്യത്യസ്തവും മെച്ചപ്പെട്ടതുമായ സൈനിക സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ അതൃപ്തി വളരാൻ കരണമാകുന്നുമുണ്ട്.
ഈ പശ്ചാത്തലത്തിൽവേണം ഇമ്രാൻ ഖാന് വർധിച്ചുവരുന്ന സ്വീകാര്യത മനസിലാക്കാൻ.
ഇന്ത്യയുമായി ഇതുവരെനടന്ന യുദ്ധങ്ങളുടെ പ്രയോജന രാഹിത്യത്തെപ്പറ്റിയും ഇനിയുണ്ടായേക്കാവുന്ന സംഘർഷങ്ങളുടെ ഫലശൂന്യതയെപ്പറ്റിയും പാകിസ്താൻ ഭരണനേതൃത്വവും സൈന്യത്തിലെയും പൊതുസമൂഹത്തിലെയും ഒരുവിഭാഗവും ബോധവാന്മാരാണ്. തർക്കങ്ങൾക്കും ശത്രുതക്കും അവധിനൽകി ഇരുരാജ്യങ്ങൾക്കും പ്രയോജനപ്രദമായ വാണിജ്യമടക്കം രംഗങ്ങളിൽ സാധാരണ അയൽബന്ധങ്ങൾ മെച്ചപ്പെടുത്തണമെന്ന അഭിപ്രായങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ പ്രധാനമന്ത്രി ഷഹബാസ് ശരീഫിൽനിന്നുതന്നെ അടുത്തകാലത്ത് ഉണ്ടായതും ശ്രദ്ധേയമാണ്. എന്നാൽ പാക് സൈന്യത്തിന്റെ അസ്തിത്വംതന്നെ ഇന്ത്യയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നാണ്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വം മതന്യൂനപക്ഷങ്ങളെ അപരന്മാരായും ദേശവിരുദ്ധരായും കാണുന്ന ആഖ്യാനത്തിനു സമാനമാണ് ആ മനോഭാവം. അതിന് അറുതിവരുത്താതെ പാകിസ്താന്റെ ദേശീയരാഷ്ട്രീയത്തിലും ജനജീവിതത്തിലും സൈന്യത്തിനുള്ള മേൽക്കോയ്മക്ക് അയവുവരുത്തുക അസാധ്യമായിരിക്കും. സൈന്യത്തിന് പാകിസ്താന്റെ ആഭ്യന്തരരാഷ്ട്രീയത്തിനുമേലുള്ള സമ്പൂർണ ആധിപത്യത്തെയാണ് ഇമ്രാൻ ഖാന്റെ അറസ്റ്റോടെ ജനങ്ങൾ ചോദ്യചെയ്യാൻ മുതിർന്നിരിക്കുന്നത്. അതിന്റെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കും പാകിസ്താന്റെ ജനാധിപത്യവൽക്കരണവും ഇന്ത്യയുമായുള്ള അയൽബന്ധങ്ങളുടെ പുരോഗതിയും ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."