' നിയമ വ്യവസ്ഥയില്‍ ഇടപെടരുത്' ടീസ്റ്റയുടെ അറസ്റ്റില്‍ പ്രതികരിച്ച യു.എന്നിനെതിരെ ഇന്ത്യ
ന്യുഡല്‍ഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിനെ അപലപിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നടപടിക്കെതിരെ പ്രതികരണവുമായി ഇന്ത്യ.
ടീസ്റ്റയേയും രണ്ട് മുന്‍ പൊലിസ് ഉദ്യോഗസ്ഥരെയും ഉടന്‍ വിട്ടയക്കണമെന്ന കൗണ്‍സില്‍ പരാമര്‍ശം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ ഇടപെടരുത്.നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്നാരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പി ആര് ബി ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത നടപടിയെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചിരുന്നു.
ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിച്ചതിന്റെ പേരിലാണ് ഇവരെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നതെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ഇരുവരെയും ഉടന്‍ മോചിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്രതലത്തില്‍ വിഷയം ചര്‍ച്ചയാകുന്നു എന്നതു കണക്കിലെടുത്താണ് കടുത്ത പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."