മുഖ്യമന്ത്രിയുടെ മകളുടെ 'മെൻ്റർ' വിശേഷണം ചിത്രം പുറത്തുവിട്ട് മാത്യു കുഴൽനാടൻ
തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി മാത്യു കുഴൽനാടൻ എം.എൽ.എ. താൻ നിയമസഭയിൽ ചോദിച്ച ഒരു പ്രധാനചോദ്യത്തിന് മറുപടി നൽകാതെയാണ് മുഖ്യമന്ത്രി മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട തന്റെ പരാമർശത്തെ എതിർത്തത്.
താൻ പറഞ്ഞത് പച്ചക്കള്ളമെന്നു പറഞ്ഞ മുഖ്യമന്ത്രി തുടർന്ന് തന്നെ വിശദീകരിക്കാൻ പോലും സമ്മതിച്ചില്ല.
പ്രൈസ് വാട്ടർ കൂപ്പർ ഡയറക്ടർ ജെയ്ക് ബാലകുമാർ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിയുടെ മെന്റർ ആണെന്നാണ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
2020 മെയ് 20 വരെ ഉണ്ടായിരുന്ന ഈ വിവരം വെബ്‌സൈറ്റിൽ നിന്നു പിന്നീട് അപ്രത്യക്ഷമായിയെന്നും ഡിജിറ്റൽ തെളിവുകളടക്കം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രധാന വിവരങ്ങൾ പല സമയത്തായി വെബ്‌സൈറ്റിൽ നിന്നു നീക്കംചെയ്തു. 107 തവണയാണ് വെബ്‌സൈറ്റിൽ മാറ്റം വരുത്തിയത്. വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.
ഇനിയും ജെയ്ക് മെന്ററാണെന്ന് വീണ പറഞ്ഞിട്ടില്ല എന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ ഐ.ടി കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് താൻ പറഞ്ഞത്.
വീണ വിജയൻ എം.ഡിയായ കമ്പനിയിൽ ജെയ്ക് ബാലകുമാർ മെന്റർ ആണെന്ന് വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരുന്നു. താൻ പറഞ്ഞതു തെറ്റാണെങ്കിൽ മുഖ്യമന്ത്രി അത് തെളിയിക്കണം. എന്തുകൊണ്ടാണ് ആരോപണം ഉയർന്നപ്പോൾ വെബ്‌സൈറ്റിൽനിന്നു ജെയ്കിന്റെ പേരു മാറ്റിയത്.
2020 മെയ് 20 വൈകീട്ട് അഞ്ചുമണിക്ക് വെബ്‌സൈറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്വപ്‌നയെ നിയമിച്ച പി.ഡബ്ല്യു.സിയുടെ ഇടപെടൽ ദുരൂഹമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നയതന്ത്ര സംവിധാനത്തിലൂടെ ഏതെങ്കിലും ബാഗ് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യമാണ് താൻ പ്രധാനമായി ഉന്നയിച്ചത്.
അതിൽ വ്യക്തത വരുത്തണമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."