ഒരു സ്‌കൂട്ടറിൽ അഞ്ച് പേർ; രണ്ട് ദിവസം മെഡിക്കൽ കോളജിൽ സാമൂഹ്യസേവനം ശിക്ഷ
വാഹനമോടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു
സ്വന്തം ലേഖകൻ
തൊടുപുഴ
ഒരു സ്‌കൂട്ടറിൽ അപകടകരമായ രീതിയിൽ അഞ്ച് പേർ യാത്ര ചെയ്ത സംഭവത്തിൽ വിദ്യാർഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വേറിട്ട ശിക്ഷ.
രണ്ട് ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യസേവനം ചെയ്യണമെന്നാണ് ആർ.ടി.ഒ ആർ. രമണന്റെ ഉത്തരവ്. ഇടുക്കി രാജമുടി മാർസ്ലീവ കോളജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥികളായ ജോയൽ വി. ജോമോൻ, ആൽബിൻ ഷാജി, അഖിൽ ബാബു, എജിൽ ജോസഫ്, ആൽബിൻ ആന്റണി എന്നിവരെയാണ് ശിക്ഷിച്ചത്. ഇറക്കവും കയറ്റവും ചേർന്ന റോഡിൽ സ്‌കൂട്ടറിൽ അഞ്ചുപേർ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇടുക്കി ആർ.ടി.ഒ യ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയാണ് വിദ്യാർഥികളെ കണ്ടെത്തിയത്. വാഹനം ഓടിച്ച ജോയൽ വി. ജോമോന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. 2000 രൂപ പിഴയും ഈടാക്കി.കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം ഇന്നലെ ആർ.ടി ഓഫിസിലേക്ക് വിളിച്ച് വരുത്തി ബോധവത്ക്കരണ ക്ലാസ് നൽകി. തെറ്റ് ആവർത്തിക്കില്ലെന്ന് സത്യം ചെയ്യിപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ മെഡിക്കൽ കോളജിൽ രോഗികൾക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നിർദേശം. ഉത്തരവിന്റെ പകർപ്പ് ആശുപത്രി സൂപ്രണ്ടിനും കൈമാറി. വിദ്യാർഥികളുടെ അലസമായ ഡ്രൈവിങ് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ കോളജുകളിലെയും കുട്ടികളും അവരുടെ രക്ഷിതാക്കളും അറിയാനാണ് ഇത്തരത്തിലൊരു ശിക്ഷ നൽകാൻ തീരുമാനിച്ചതെന്നും ആർ.ടി.ഒ പറഞ്ഞു. ശിക്ഷ മാതൃകപരമാണെന്നും കുട്ടികളെ സേവനത്തിനായി വിടുമെന്നും അറിയിച്ച ശേഷമാണ് രക്ഷിതാക്കൾ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."