കോഴത്തുക; 4.5 ലക്ഷം ജാനു മുന്‍ എം.എല്‍.എയുടെ ഭാര്യക്ക് കൈമാറിയെന്ന് പി.കെ നവാസ്
സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് 10 ലക്ഷം കോഴ നല്‍കിയതില്‍ നിന്ന് 4.5 ലക്ഷം രൂപ മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് സി.കെ ജാനു നേരിട്ടെത്തി കൈമാറിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.സുരേന്ദ്രനും സി.കെ ജാനുവിനുമെതിരേ തെരഞ്ഞെടുപ്പ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് പി.കെ നവാസ് നല്കിയ ഹരജിയില്‍ കോടതി ഉത്തരവ് അനുസരിച്ച് സുല്‍ത്താന്‍ ബത്തേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതില്‍ മൊഴി നല്‍കാനായി എത്തിയപ്പോഴാണ് സി.കെ ജാനു സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് പണം നല്‍കിയെന്ന ഗുരുതര ആരോപണം നവാസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത്. ബി.ജെ.പി നല്കുന്ന പണം സി.പി.എം നേതാവിന് കൈമാറാന്‍ സി.കെ ജാനു ഇരുവര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയാണ് പുറത്തുവരുന്നതെന്നും നവാസ് ആരോപിച്ചു. സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നേരിട്ടെത്തി പണം നല്‍കിയെന്ന് പറയുന്ന കല്‍പ്പറ്റയിലെ സഹകരണ ബാങ്ക് ശാഖയിലെ സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്നും നവാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."