നികുതി കൂട്ടി ജി.എസ്.ടി കൗൺസിൽ സാധന-സേവന നിരക്കുയരും
ന്യൂഡൽഹി
വിവിധ സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി പരിഷ്‌കാരത്തിന് അംഗീകാരം നൽകി ജി.എസ്.ടി കൗൺസിൽ യോഗം. ഇതോടെ പല സാധനങ്ങൾക്കും നികുതി 18 ശതമാനം വരെ വർധിക്കുകയും തുകയേറുകയും ചെയ്യും. ജി.എസ്.ടി മാറ്റം ജൂലൈ 18 ന് നിലവിൽ വരും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചണ്ഡിഗഢിൽ ചേർന്ന 47ാമത് ജി. എസ്.ടി കൗൺസിൽ യോഗമാണ് സ്ലാബുകളിൽ മാറ്റം വരുത്താൻ ശുപാർശ നൽകിയത്.
പ്രിന്റിങ്-ഡ്രോയിങ് മഷി, കട്ടിങ് ബ്ലേഡുള്ള കത്തി, പേപ്പർ കത്തി, പെൻസിൽ ഷാർപ്പനറും ബ്ലേഡും, സ്പൂൺ, ഫോർക്ക്, തവി, കേക്ക് വിളമ്പുന്ന സാമഗ്രികൾ, പവർ ഡ്രൈവ് പമ്പ്, കുഴൽ കിണറിൽ ഉപയോഗിക്കുന്ന ടർബൈൻ പമ്പ്, സബ്മേഴ്സിബിൾ പമ്പ്, സൈക്കിൾ പമ്പ്, പഴങ്ങളും മറ്റ് കാർഷിക ഉത്പന്നങ്ങളും വൃത്തിയാക്കാനും തരംതിരിക്കാനും ഉപയോഗിക്കുന്ന യന്ത്രം, കറവ യന്ത്രം, പാലുത്പ്പന്ന യന്ത്രം, എൽ.ഇ.ഡി ലൈറ്റ്, ലൈറ്റ്, ഫിക്ച്ചർ, അവയുടെ മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോഡ്, വരയ്ക്കാനും അടയാളപ്പെടുത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ നികുതി 12 ൽ നിന്ന് 18 ശതമാനമാക്കി.
വിത്ത്, ധാന്യം എന്നിവ തരംതരിക്കാൻ ഉപയോഗിക്കുന്ന മെഷീൻ, ധാന്യം പൊടിക്കാനുള്ള മെഷീൻ, കാറ്റ് അടിസ്ഥാനമാക്കിയുള്ള ആട്ട, ചക്കി എന്നിവ അഞ്ചിൽ നിന്ന് 18 ശതമാനമാക്കി. സോളാർ വാട്ടർ ഹീറ്റർ സംവിധാനം, തുകൽ എന്നിവയുടെ നികുതി അഞ്ചിൽ നിന്ന് 12 ശതമാനമാക്കി. ചെക്ക് നഷ്ടപ്പടൽ അല്ലെങ്കിൽ പുസ്തക രൂപത്തിലേക്ക് മാറ്റുന്നതിന് 18 ശതമാനവും ഭൂപടങ്ങൾ, ഗ്ലോബുകൾ എന്നിവയ്ക്ക് 12 ശതമാനവും ജി.എസ്.ടി ഏർപ്പെടുത്തി. ഇ വേസ്റ്റുകൾക്ക് നികുതി അഞ്ചിൽ നിന്ന് 18 ശതമാക്കി. അതേസമയം, റോപ്പുകൾ വഴി സാധനങ്ങൾ എത്തിക്കുന്ന സേവന നികുതി 18ൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. ഓർത്തോപീഡിക് ഉപകരണങ്ങൾ, ഓസ്‌റ്റോമി ഉപകരണങ്ങൾ എന്നിവയ്ക്ക് 12 ൽ നിന്ന് 5 ശതമാനമായും കുറച്ചു. ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ സൗകര്യങ്ങൾക്ക് 12ശതമാനം നികുതി ചുമത്തും.
ചില സേവനങ്ങൾക്കും നികുതി ഉയരും. ചിട്ടിഫണ്ടിലേക്ക് മേൽനോട്ടക്കാരൻ നൽകുന്നത് 12ൽ നിന്ന് 18 ശതമാനമാക്കി. പ്രതിദിനം 1,000 രൂപയിൽ താഴെയുള്ള ഹോട്ടൽ മുറികൾ 12 ശതമാനം ജി.എസ്.ടി സ്ലാബിന് കീഴിൽ കൊണ്ടുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."