കാൽനടയായി ബ്രിട്ടനിൽനിന്ന് മക്കയിൽ ; ഈ വർഷം ഹജ്ജിൽ പങ്കെടുക്കാമെന്ന ആവേശത്തിൽ ആദം മുഹമ്മദ്
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക
പത്ത് മാസത്തിലേറെയായി കാൽനടയായി യാത്രചെയ്ത് ബ്രിട്ടനിൽ നിന്ന് ആദം മുഹമ്മദ് വിശുദ്ധ മക്കയിൽ എത്തി. മൈലുകൾ താണ്ടിയുള്ള ജൈത്ര യാത്ര നടത്തി ഒടുവിൽ വിശുദ്ധ നഗരിയിൽ എത്തിയ ആവേശത്തിലാണ് 52 കാരനായ ഇറാഖി പൗരനായ സഞ്ചാരി ആദം മുഹമ്മദ്. മക്കയിൽ എത്തിയ ആദം മുഹമ്മദിനെ സ്വദേശികളും വിദേശികളും ആഹ്ലാദത്തോടെയാണ് വരവേറ്റത്.
ഹജ്ജ് നിർവഹിക്കാൻ ബ്രിട്ടനിൽ നിന്നാണ് ആദം മുഹമ്മദ് യാത്ര തിരിച്ചത്. കൃത്യമായി പറഞ്ഞാൽ ആദം മുഹമ്മദ് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്കുള്ള യാത്രക്കായി ചിലവഴിച്ചത് 10 മാസവും 25 ദിവസവുമാണ്. ബ്രിട്ടനിൽ നിന്ന് തുടങ്ങിയ മക്കയിലേക്കുള്ള കാൽനട യാത്ര 11 രാജ്യങ്ങളിലൂടെയാണ് കടന്നുപോയത്.
2021 ആഗസ്റ്റ് ഒന്നിന് രാത്രി എട്ടിന് വോള്‍വര്‍ഹാംപ്ടണില്‍ നിന്നാണ് കാല്‍നടയായി ‘സമാധാന യാത്ര’ ആരംഭിച്ചത്. സഊദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് സഞ്ചരിച്ചത്. 4,000 മൈല്‍ ദൂരം കാല്‍നടയായി മരുഭൂമികളും ദുര്‍ഘടമായ വഴികളും കടലുകളും യുദ്ധഭൂമികളും കടന്നാണ് പുണ്യനഗരമായ മക്കയിലേക്ക് പ്രവേശിച്ചത്.
മക്കയിലെ തൻഈമിലുള്ള ആഇശ മസ്ജിദിൽ എത്തിച്ചേർന്നപ്പോൾ മസ്ജിദിൽ സന്നിഹിതരായ നിരവധി മക്ക നിവാസികളും തീർഥാടകരും സന്തോഷം പ്രകടിപ്പിച്ചു. “ഹജ്ജ് തീർഥാടനം പരമോന്നതമാണ്. ഒപ്പം എന്റെ പ്രിയപ്പെട്ട ആഗ്രഹവും” മക്കയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. സഊദി അറേബ്യയിൽ എത്തിയതിന് ശേഷം തന്നോട് ഔദാര്യം കാണിക്കുന്ന രാജ്യത്തിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിൽ തൻഈമിൽ ജനങ്ങൾ അദ്ദേഹത്തെ ആലിംഗനം ചെയ്തും സന്തോഷ ചുംബനങ്ങൾ അർപ്പിച്ചും വരവേൽക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."