ആ കനല്‍പക്ഷി ഇനി പാടില്ല
ഹംസ ആലുങ്ങല്‍
കവിതയുടെ കൈപ്പിടിച്ചുനടന്നവള്‍ എഴുത്തിന്റെ പടിപ്പുരയിറങ്ങിപ്പോയിരിക്കുന്നു. വിശ്വസിക്കാന്‍ ഇപ്പോഴും മനസനുവദിക്കുന്നില്ല. നോക്കിനോക്കി നില്‍ക്കേ പ്രിയപ്പെട്ടവരെ കണ്‍മുന്നില്‍ നിന്ന് മരണം വെള്ളപുതപ്പിച്ചുകൊണ്ടുപോകുന്ന കൊവിഡിനെക്കുറിച്ച് ഇത്രയേറെ ആശങ്കപ്പെട്ടപ്പോഴും സുഹ്‌റ പടിപ്പുര അറിഞ്ഞിരിക്കില്ല തന്നെയും അതേ മഹാമാരി കൂട്ടിക്കൊണ്ടുപോകുവാന്‍ വാ പിളര്‍ത്തിയിരിപ്പുണ്ടെന്ന്. മരണത്തിന്റെ കലണ്ടറില്‍ കുറിച്ചുവച്ച വിധിയുടെ വാക്കുകള്‍ എഴുതിച്ചേര്‍ത്തത് അങ്ങനെയായിരുന്നു. അനുസരിക്കുകയല്ലേ വഴിയുള്ളൂ. കണ്ടുനില്‍ക്കാനല്ലേ നമുക്കുമാവൂ.
ഇനി നാളെ നമ്മുടെയൊക്കെ വിധി എങ്ങനെയായിരിക്കും? എന്നും മരണം വന്നുപോകുന്ന കോഴിക്കോട്ടെ മിംസ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ നിന്ന് പുഞ്ചിരിയോടെ തിരിച്ചുവരുന്നതും കാത്തിരുന്നവരെ കരയിപ്പിച്ചുകൊണ്ടായിരുന്നു സുഹ്‌റ ടീച്ചറുടെ മടക്കം. രണ്ട് കവിതാ സമാഹാരങ്ങള്‍, അച്ചടിമഷി പുരണ്ടതും പുരളാനുള്ളതുമായ കവിതകള്‍, വലിയ സൗഹൃദത്തണലുകളും ബാക്കിവച്ച് അവര്‍ യാത്രപോയിരിക്കുന്നു. കുറച്ചുനാളുകള്‍ കൂടി ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ജീവിച്ചിരിക്കുന്നവരെക്കൊണ്ടെല്ലാം പറയിപ്പിക്കാനാവുക എന്നത് വലിയ കാര്യം തന്നെയാണല്ലോ.
അധ്യാപനത്തിന്റെ ഇടവേളകളില്‍ കവിതയുടെ വിരല്‍ത്തുമ്പ് പിടിച്ചായിരുന്നു അവരുടെ സഞ്ചാരം. വൈകിയാണ് എഴുതിത്തുടങ്ങിയത്. വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. ഒരു ഫേസ്ബുക്ക് കവയിത്രിയായി ഒടുങ്ങിപ്പോകേണ്ടവളുടെ ഉയര്‍ത്തെഴുന്നേല്‍പ് പെട്ടെന്നായിരുന്നു. ഏതൊരു കൊച്ചുകുട്ടിക്കും വായിച്ചാസ്വദിക്കാം സുഹ്‌റയുടെ കവിതകള്‍. ഒടുവിലെത്തുമ്പോള്‍ എവിടെയൊക്കെയോ കൊളുത്തിവലിക്കും കുറിക്കുകൊള്ളുന്ന വാക്കുകള്‍. അതിലെ ആശയവ്യക്തതയും ഭാവതീവ്രതയും വായനക്കാരനെ അത്രമേല്‍ അനുഭവിപ്പിച്ചു. സാധാരണ സംഭവങ്ങളിലെ അസാധാരണമായ സത്യങ്ങള്‍ കണ്ടെത്തിയതും കവിതകളെ വേറിട്ടതാക്കി. ഒരിക്കലും എഴുത്തുകാരിയാകാന്‍ അവര്‍ എഴുതിയിട്ടില്ല. പ്രസിദ്ധീകരിക്കപ്പെടും മുന്‍പേ അവയ്ക്ക് അംഗീകാരങ്ങളുടെ മധുരവും കിട്ടിത്തുടങ്ങി.
ജീവിതത്തിന്റെ മധുരം പുരട്ടിയ വാക്കുകളായിരുന്നില്ല സുഹ്‌റക്ക് കവിത. അരികുവല്‍കരിക്കപ്പെട്ടവരുടെയും വാഴ്ത്തപ്പെടാത്തവരുടെയും ശബ്ദങ്ങളായിരുന്നു. അത്തരക്കാരോടുള്ള ഐക്യദാര്‍ഢ്യങ്ങളായിരുന്നു. ആത്മഭാഷയില്‍ നിന്ന് സ്‌നേഹഭാഷയിലേക്കുള്ള സംവേദനമായിരുന്നു. മാനവികത മരിച്ചുപോകുന്ന അസുരകാലത്തിനോടുള്ള പ്രതിരോധമായിരുന്നു. ആത്മഹത്യാക്കുറിപ്പ് എന്ന കവിത മനുഷ്യന്റെ ആത്മഹത്യയെക്കുറിച്ചല്ല, പ്രകൃതിയുടെ ആസന്നമൃതിയെക്കുറിച്ചാണ് പറയുന്നത്. നീയും നിന്റെ കുലവും തന്നെയാണ് എന്റെ മരണത്തിനുത്തരാവാദിയെന്ന അവസാനവാചകം കുറിക്കുന്നത് പരിസ്ഥിതിയുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെയാണ്.
മാതൃത്വത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, പരിസ്ഥിതിയെക്കുറിച്ച്, അധ്യാപനത്തെക്കുറിച്ച്, അതിലുപരി രാജ്യസ്‌നേഹവുമെല്ലാം കവിതയുടെ മഷിപ്പാത്രത്തില്‍ അവര്‍ക്ക് വിഷയങ്ങളായി. പെറ്റുവളര്‍ത്തിയ മക്കള്‍ വലിച്ചെറിഞ്ഞുപോകുന്ന വൃദ്ധജന്മത്തെക്കുറിച്ചായിരുന്നു മക്കളറിയാന്‍ എന്ന ശ്രദ്ധിക്കപ്പെട്ട രചന. ആ കവിതയുടെ പിറവിയിലും എഡിറ്റിങ്ങിലുമൊക്കെ കൂടെയുണ്ടായിരുന്നു ഞാനും. ആ വര്‍ഷത്തെ സംസ്ഥാന വിദ്യാരംഗം കലാസാഹിത്യവേദി പുരസ്‌കാരവും ആ കവിതക്കായിരുന്നു. ദേശസ്‌നേഹത്തിന്റെ രാഷ്ട്രീയം പറഞ്ഞ രാജ്യദ്രോഹി എന്ന കവിത എം.എന്‍ കാവ്യപുരസ്‌കാരവും നേടി. പിന്നീട് പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ഇനി കനല്‍പക്ഷികള്‍ പാടട്ടെ എന്ന പ്രഥമ കവിതാ സമാഹാരത്തിലെ ആദ്യ രണ്ട് കവിതകളായതും ഈ രചനകള്‍തന്നെ. ഈ സമാഹാരത്തിലെ മികച്ച കവിതകളും ഇതു തന്നെയാവും.
ആദ്യത്തെ പുസ്തകത്തിലേക്കും ആദ്യത്തെ പുരസ്‌കാരങ്ങളിലേക്കും അവരെ കൈപ്പിടിച്ചു നടത്താനായി എന്നതാണ് വ്യക്തിപരമായി എനിക്കുള്ള സന്തോഷം. സുപ്രഭാതത്തിന്റെ താളുകളും പരിചയത്തിലുള്ള എഴുത്തുവഴികളും പരിചയപ്പെടുത്തിക്കൊടുക്കാനുമായി. വിഷയവൈവിധ്യവും പ്രമേയ വ്യത്യസ്തതയും കവിതകളെ ശ്രദ്ധേയമാക്കി. വാക്കുകളുടെ അരികുചെത്തി മൂര്‍ച്ചകൂട്ടിയതിനാല്‍ ആശയങ്ങള്‍ക്ക് വായനക്കാരിലേക്ക് വേഗത്തില്‍ ചെന്നെത്താനുമായി. എഴുതാനും അവ വേഗം പ്രസിദ്ധീകരിക്കാനും അവര്‍ വെപ്രാളം കൂട്ടി.
മരണം അടുത്തു കാത്തുനില്‍പ്പുണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞതിനാലായിരുന്നു അല്ലേ ആ തിടുക്കമെല്ലാം? അതെ, ഇപ്പോള്‍ മനസിലാകുന്നു. അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ അവരിട്ട പോസ്‌റ്റെല്ലാം മരണത്തെക്കുറിച്ചായിരുന്നു. അടുത്ത കാലത്ത് മരണത്തിലേക്കു യാത്രപോയവരെക്കുറിച്ചുമായിരുന്നു വ്യാകുലതകള്‍. ചിലതെല്ലാം ചെയ്തുവച്ചും എഴുതിത്തീര്‍ത്തും അവര്‍ക്ക് പെട്ടെന്നു യാത്രപോകണമായിരുന്നു. ആരുമതറിഞ്ഞില്ല. അതുകൊണ്ടാകാം ചിലപ്പോഴെല്ലാം ആകാംക്ഷ കൂട്ടിയത്. കവിത പ്രസിദ്ധീകരിക്കാന്‍ വൈകിപ്പോയതിനാണ് എന്നോടു പിണങ്ങിപ്പോയത്. അടുത്ത സൗഹൃദത്തിന്റെ വാതില്‍ക്കല്‍പോലും വിലങ്ങുതടി നാട്ടിയത്. അത്രയേറെ അടുപ്പമുള്ളവര്‍ക്കല്ലേ അകലാനും പിന്നെ അടുക്കാനുമാകൂ.
മരണത്തെ തൊടുന്ന, മരണവും ജീവിതവുമായി സന്ധി സംഭാഷണത്തിലേര്‍പ്പെടുന്ന ഒട്ടേറെ കവിതകള്‍ അവര്‍ എഴുതിയിട്ടുണ്ട്. മനുഷ്യന്റെ മരണത്തെക്കുറിച്ചുമാത്രമല്ല, മനുഷ്യത്വത്തിന്റെ മരണത്തെക്കുറിച്ചും പ്രകൃതിയുടെ മരണത്തെക്കുറിച്ചും അവര്‍ വാചാലയാകുന്നുണ്ട്. വീടും അടുക്കളയും കിടപ്പറയും എല്ലാം കവിതകളില്‍ ബിംബങ്ങളായി കൊണ്ടുവരുമ്പോഴും പെണ്ണെഴുത്തിന്റെ തൊഴുത്തില്‍ ചുരുക്കിക്കെട്ടാനാവാത്ത സ്വത്വബോധമുള്ളവയായിരുന്നു പടിപ്പുരക്കവിതകള്‍. ആദ്യ പുസ്തകത്തെ പരിചയപ്പെടുത്തിയതും അങ്ങനെയാണ്. ജീവിച്ചിരുന്നപ്പോള്‍ എഴുത്തുകളെക്കുറിച്ചൊരു ഫീച്ചറെഴുതാന്‍ തമാശയായി ആവശ്യപ്പെടുമായിരുന്നു. പക്ഷേ, മരണശേഷമേ എനിക്കതിനായുള്ളൂ.
പെട്ടെന്നൊരു ദിവസം ഞാന്‍
മരിച്ചുപോയെന്നറിഞ്ഞാല്‍
എത്ര തിരക്കിലായാലും
നീ വരാതിരിക്കരുത്...
ഒസ്യത്ത് എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. എന്നാല്‍ ഇത്രയടുത്തുണ്ടായിട്ടും കാര്യമായ തിരക്കുകളൊന്നുമില്ലാതിരുന്നിട്ടും അന്നേദിവസം എനിക്കുവരാനായില്ല ടീച്ചര്‍. ഇഷ്ടമില്ലാത്തതുകൊണ്ടായിരുന്നില്ല. കൂടെപ്പിറപ്പേ ഞാനിതാ വന്നൂ എന്ന് ചെവിയില്‍ മെല്ലെപ്പറയാനുമായില്ല, അതുവരേ എന്നില്‍നിന്നകറ്റിയ വാശികളെല്ലാം എന്നോ എന്നെയുപേക്ഷിച്ച് ഇറങ്ങിപ്പോയിട്ടും അതറിയിക്കാനുമായില്ല. കൊവിഡിന്റെ മഹാനിയന്ത്രണങ്ങള്‍ വരിഞ്ഞുചുറ്റിയതിനാല്‍ എങ്ങനെ വരും?
ഇനി ലോകത്തിലെ ഏതു തപാല്‍ വകുപ്പിനാകും നിങ്ങള്‍ കാത്തിരുന്നവരും ഞാനും അടക്കമുള്ളവര്‍ വരാത്തതിന്റെ കാരണം നിങ്ങളെ അറിയിച്ചു തരുവാന്‍? വല്ല സംവിധാനങ്ങളുമുണ്ടെങ്കില്‍ ഈ കുറിപ്പും അതോടൊപ്പം ചേര്‍ത്തയക്കണേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."